മെഡിക്കല്‍ വയോജനങ്ങള്‍ക്ക് പ്രത്യേക ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണം
തൃശൂര്‍:വയോജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജില്‍ വേറെ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭ കമ്മിറ്റി ചെയര്‍മാന്‍ സി.കെ.നാണു എം.എല്‍.എ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി സിറ്റിംഗില്‍ കമ്മിറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ വയോജനങ്ങള്‍ക്ക് റിസര്‍വേഷന്‍ നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും അയ്യന്തോള്‍ പകല്‍ വീട് നിര്‍മ്മാണത്തിന് 15 ലക്ഷം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും പെണ്‍മക്കള്‍ മാത്രമുളള വയോജനങ്ങള്‍ക്കും പ്രത്യേക ക്ഷേമപദ്ധതികള്‍ അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. വൃദ്ധരായ മാതാപിതാക്കളുടെ മക്കള്‍ രക്ഷിതാക്കളെ സംരക്ഷിക്കാന്‍ പറ്റാത്ത തരത്തില്‍ അന്യജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രക്ഷിതാക്കള്‍ താമസിക്കുന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിയമസഭാസമിതിയില്‍ മുന്‍പ് ലഭിച്ച 10 പരാതി പരിഗണിച്ചു. 13 പുതിയ പരാതി ലഭിച്ചു. യോഗത്തില്‍ അംഗങ്ങളായ പി.ഉണ്ണി എം.എല്‍.എ , പ്രൊഫ. അരുണന്‍ എം.എല്‍.എ , നിയമസഭാ അണ്ടര്‍ സെക്രട്ടറി എസ്.പി.ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."