ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ മെഡിക്കല്‍ ഗവേഷണങ്ങള്‍ അനിവാര്യം: ഗവര്‍ണര്‍
തിരുവനന്തപുരം: ചികിത്സാരംഗത്ത് ഉണ്ടാകുന്ന ക്രമാതീതമായ വര്‍ധന ആരോഗ്യരംഗത്ത് വലിയ ഭീഷണിയാണെന്നും ഇതു നിയന്ത്രിക്കാനുതകുന്ന വിധത്തില്‍ ഗുണമേന്മയുള്ള മെഡിക്കല്‍ ഗവേഷണങ്ങള്‍ ഈ രംഗത്തുണ്ടാവണമെന്നും ഗവര്‍ണര്‍ പി. സദാശിവം.
യുവ ഡോക്ടര്‍മാരെ മെഡിക്കല്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാക്കാന്‍ വേണ്ട നടപടികള്‍ ആരോഗ്യ സര്‍വകലാശാല സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ആരോഗ്യ സര്‍വകലാശാലയും സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് മെഡിക്കല്‍ റിസര്‍ച്ച് നാഷണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം. ശാരീരികവും മാനസികവും സാമൂഹികവുമായ മികവു പുലര്‍ത്തുന്ന അവസ്ഥയുമാണത്. രാജ്യത്തെ മരണങ്ങളില്‍ 19 ശതമാനവും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ്. ഹൃദ്രോഗങ്ങളെ ചെറുക്കാനുതകും വിധത്തില്‍ ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതരീതി ശീലിക്കാനുള്ള ബോധവല്‍കരണങ്ങള്‍ നടത്തണം. ആരോഗ്യപരിപാലന സംബന്ധമായ തെറ്റായ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നതിനെതിരേ ജാഗ്രത പാലിക്കണമെന്നും ഇത്തരം വിവരങ്ങള്‍ പരിശോധനാ വിധേയമാക്കാന്‍ സംവിധാനമുണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷയായി.
ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ. റംലാ ബീവി, ഡോ. ഹരികുമാരന്‍ നായര്‍, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളജ് കമ്യൂനിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ഇന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."