യുവഡോക്ടര്‍മാര്‍ നീതിബോധമില്ലാത്തവരായി മാറുന്നു: മന്ത്രി വി.എസ് സുനില്‍ കുമാര്‍
വടക്കാഞ്ചേരി: ആധുനിക തലമുറയിലെ ഡോക്ടര്‍മാര്‍ നീതിബോധം ഇല്ലാത്തവരും, സാമൂഹ്യ പ്രതിബദ്ധത നഷ്ടപ്പെടുന്നവരുമായി മാറുന്നത് എന്തുകൊണ്ടാണെന്ന് പഠിയ്ക്കാന്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയെ പോലുള്ള ഉന്നത സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. ഗ്രാമങ്ങളില്‍ പോയി ജോലി ചെയ്യുന്നതിനോ, സാധരാണക്കാരന്റെ വേദനകളില്‍ പങ്ക് ചേരുന്നതിനോ നവ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. സാമൂഹ്യബോധമില്ലാത്തവരായി യുവ ഡോക്ടര്‍മാര്‍ മാറുകയാണെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി. കോടികള്‍ മുടക്കി ബിരുദങ്ങളെടുക്കുന്നവരില്‍ നിന്ന് നീതി ബോധം പ്രതീക്ഷിക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ല. വളയമില്ലാതെ ചാടാന്‍ ആരേയും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യസര്‍വകലാശാല യുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു വി.എസ് സുനില്‍ കുമാര്‍. 45 കോടി രൂപ എസ്റ്റിമേറ്റില്‍ ആറ് നിലകളുള്ള അക്കാദമിക് ബ്ലോക്ക് കെട്ടിടിടത്തോടൊപ്പം 3000 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയവും നിര്‍മ്മിക്കും. 8.5 കോടി രൂപ ചിലവില്‍ യൂട്ടിലിറ്റി കെട്ടിടവും 2 കോടി രൂപ ചിലവില്‍ ജീവനക്കാര്‍ക്കുളള കോര്‍ട്ടേഴ്‌സും പണി തീര്‍ക്കും .ഇതെല്ലാം സര്‍വകലാശാല ആസ്ഥാനമന്ദിരത്തോടുചേര്‍ന്നാണ്. ഇതിനുപുറമെ തൃപ്പൂണിത്തറയില്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായി 32 കോടി രൂപചിലവില്‍ 9 നിലകളുള്ള ആയുര്‍വേദ റിസര്‍ച്ച് സ്‌ക്കൂളിന്റെ ഒന്നാംഘട്ട നിര്‍മ്മാണവും ആരംഭിക്കും. കോഴിക്കോട് മെഡിക്കല്‍കോളേജ് ക്യാമ്പസില്‍ 7 കോടി രൂപ ചിലവില്‍ സ്‌ക്കൂള്‍ ഓഫ് ഹെല്‍ത്ത് സ്റ്റഡീസ് ക്ടെടിടവും നിര്‍മ്മിക്കും. കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍കകുന്ന ഒന്നാം വര്‍ഷവിദ്യാര്‍ഥികള്‍ക്ക് 3.47 കോടി രൂപ പുസ്തക അലവന്‍സായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എം.കെ സി. നായര്‍ അധ്യക്ഷനായി. പ്രൊഫസര്‍ എ.കെ മനോജ് കുമാര്‍, എസ്. സതീഷ് കുമാര്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ ബിജു എം.പി, അനില്‍ അക്കര എം.എല്‍.എ, വിജയ ബാബുരാജ്, സുരേഷ് ബാബു ,റിമ ബൈജു, െപ്രാഫസര്‍ പി.കെ സുധീര്‍, സഞ്ജയ് മുരളി, പി. മണികണ്ഠന്‍ പ്രസംഗിച്ചു. പ്രൊ.വൈസ് ചാന്‍സലര്‍ ഡോ.എ.നളിനാക്ഷന്‍, സ്വാഗതവും, രജിസ്ട്രാര്‍ ഡോ.എം.കെ.മംഗളം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."