എ.ടി.എം. കവര്‍ച്ചാ കേസിലെ പ്രതികളെ ഏറ്റുമാനൂരിലെത്തിച്ച് ചോദ്യം ചെയ്തു
ഏറ്റുമാനൂര്‍: സംസ്ഥാനത്തെ നടുക്കിയ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായവരില്‍ രണ്ടു പേരെ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി കോട്ടയത്തെത്തിച്ചു. മോഷണസംഘത്തിലെ പ്രധാനി രാജസ്ഥാന്‍ ഭരത്പൂര്‍ സ്വദേശി നസിംഖാന്‍ (24), ഒട്ടേറെ കേസുകളില്‍ പ്രതിയായ പപ്പിസിങ് (32), ഹരിയാന മേവാത്ത് സ്വദേശി ഹനീഫ് (37) എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഹനീഫ്, നസിംഖാന്‍ എന്നിവരെയാണ് ഏറ്റുമാനൂരില്‍ കൊണ്ടുവന്നത്.
കേരളത്തിലെ വിവിധ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളുടെ സുരക്ഷാവീഴ്ച മുതലെടുത്ത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലാണ് സംഘം കവര്‍ച്ച നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഏറ്റുമാനൂര്‍ പൊലിസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ജില്ലാ പൊലിസിന്റെ കേന്ദ്രത്തിലാണ് ഇവരെ ചോദ്യം ചെയ്തത്.
രാജ്യത്തെ 16 എ.ടി.എമ്മില്‍ കവര്‍ച്ച നടത്തിയിട്ടുള്ള പ്രതിയാണ് പപ്പി സിങ്. വാഹനമോഷണക്കേസില്‍ ഡല്‍ഹിയില്‍ അടുത്തിടെ പിടിയിലായ ഇയാള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
അന്വേഷണസംഘം രാജസ്ഥാനിലെത്തിയപ്പോഴാണ് പപ്പി സിങ് പിടിയിലായ വിവരമറിയുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം രാജസ്ഥാന്‍ പൊലിസിന്റെ സഹകരണത്തോടെ ഇയാളെ തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ മാസം 12-നു പുലര്‍ച്ചെ ഇരുമ്പനത്തും കൊരട്ടിയിലുമാണ് എ.ടി.എം. തകര്‍ത്ത് സംഘം 35 ലക്ഷത്തിന്റെ കവര്‍ച്ച നടത്തിയത്. കോട്ടയം ജില്ലയിലെ വെമ്പള്ളിയിലും മോനിപ്പള്ളിയിലുമുള്ള എ.ടി.എം കൗണ്ടറുകളിലും മോഷണശ്രമം നടന്നിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലേറെ ഫോണ്‍ കോളുകളാണ് സൈബര്‍ സെല്‍ പരിശോധിച്ചത്. മോഷണ സംഘത്തിലെ ഒരാളുടെ ഫോണ്‍ രേഖകളാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."