ചെരുപ്പ് നിര്‍മാണ ശാലക്കെതിരേ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുന്നു
പുതുക്കാട്: മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുചിറയില്‍ നാട്ടുകാരുടെ എതിര്‍പ്പിനെ വകവെക്കാതെ സ്വകാര്യ വ്യക്തി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നിര്‍ദിഷ്ട ചെരുപ്പ് നിര്‍മാണ ശാലക്കെതിരേ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുന്നു. ഹൈ കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുമായി ഫാക്ടറിക്ക് വൈദ്യുതി ബന്ധം നല്‍കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കെതിരെ സി.പി.എം ന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നാട്ടുകാരും ജനങ്ങളും വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കോടതിയില്‍ നിന്നും വൈദ്യുതി കണക്ഷന്‍ ഓര്‍ഡര്‍ ലഭിക്കാനായി നിര്‍ദിഷ്ട ചെരുപ്പ് ഫാക്ടറി ഉടമ അണലിപറമ്പില്‍ ശ്രീധരന്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന ആരോപണം. രേഖകളില്‍ കാണിച്ചിട്ടുള്ള ഭൂമിയുടെ സര്‍വേ നമ്പര്‍ ഈ ഭാഗത്തെങ്ങും ഇല്ലാത്തതാണെന്നും ഇവര്‍ ആരോപിക്കുന്നു. കൂടാതെ പോളിയുറെതീന്‍ എന്ന രാസവസ്തു ആണ് ഇവിടെ ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ചെരുപ്പുകളുടെ അടിസ്ഥാന വസ്തു എന്നും ഇത് തങ്ങളുടെ കുടിവെള്ളവും, ശ്വസിക്കുന്ന വായുവും മലിനമാക്കുന്നതാണെന്നും നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നു. ചെരിപ്പ് നിര്‍മാണശാലക്ക് തങ്ങള്‍ ഒരു വിധ അനുമതിയും നല്‍കിയിട്ടില്ലെന്നും മറിച്ച് സ്റ്റോപ്പ് മെമോ ആണ് നല്‍കിയതെന്നും മറ്റത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഏക ജാലക സംവിധാനത്തിലൂടെ, വ്യാജ രേഖകള്‍ സമര്‍പ്പിച്ചു ശ്രീധരന്‍ പഞ്ചായത്തിന്റെ എതിര്‍പ്പ് മറികടക്കുകയായിരുന്നു എന്നും പഞ്ചായത്ത് അതികൃതര്‍ വ്യക്തമാക്കി. അതിനിടെ വൈദ്യുതി കണക്ഷന്‍ നല്‍കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ചു നിര്‍ദ്ദിഷ്ട ശാലയുടെ അയല്‍വാസിയായ ഞാറ്റുവെട്ടി ശിവനും, തൊട്ടടുത്തുതന്നെയുള്ള കുറ്റിപറമ്പന്‍ ഹരിദാസും ശാലക്കടുത്തു തന്നെയുള്ള മരത്തില്‍ കയറിയത് പരിഭ്രാതി ഉയര്‍ത്തി. അതിനിടെ സി.പി.എം കൊടകര എരിയ സെക്രട്ടറി ടി.എ രാമകൃഷ്ണന്‍, ജില്ലാ കമ്മറ്റി അംഗം പി.കെ ശിവരാമന്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബ്രന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ ഡിക്‌സണ്‍, പി.കെ കൃഷ്ണന്‍കുട്ടി, ജനപ്രതിനിധികളായ ആശാ ഉണ്ണികൃഷ്ണന്‍, ജിനി മുരളി, പി.എസ് പ്രശാന്ത്, ഷീല തിലകന്‍ എന്നിവര്‍ സ്ഥലത്തെത്തി. അസി. പൊലിസ് കമ്മീഷണര്‍ സി.എസ് ഷാഹുല്‍ ഹമീദ്, സി.ഐ മാരായ കെ സുമേഷ്, എസ്.പി സുധീരന്‍, എസ്.ഐ എം.ബി സിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും, ചാലക്കുടിയില്‍ നിന്നും അഗ്‌നിശമന രക്ഷാ സേനയും ആംബുലന്‍സും നിര്‍ദ്ദിഷ്ട ചെരിപ്പ് നിര്‍മ്മാണ ശാല പരിസരത്തെത്തി. തുടര്‍ന്ന് ബന്ധപ്പെട്ടവര്‍, മന്ത്രി സി രവീന്ദ്രനാഥുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ചെരുപ്പ് ഫാക്ടറി വിഷയം ചര്‍ച്ച ചെയ്യുന്നതിനായി നാട്ടുകാരുടെ പ്രതിനിധികളെയും ഉടമയെയും ഇന്ന് വൈകീട്ട് 5 മണിക്ക് കലക്ടറുടെ ചേമ്പറില്‍ ചര്‍ച്ചക്ക് വിളിച്ചതിനെ തുടര്‍ന്ന് സമരം താല്‍കാലികമായി അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."