ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷത്തിന് തുടക്കമായി
തിരുവനന്തപുരം: സാമൂഹ്യ മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരം 82ാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വേദിയിലൊരുക്കിയ പെരുമ്പറ മൂന്നു തവണ മുഴക്കിയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.
സാമൂഹ്യ മുന്നേറ്റങ്ങളിലും നവോത്ഥാന പ്രവര്‍ത്തനങ്ങളിലും നാം ഏത് പക്ഷത്താണെന്നതാണ് ചോദ്യം. ഭാവി തലമുറ കുറ്റക്കാരല്ലെന്ന് വിധിക്കണമെങ്കില്‍ സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിനൊപ്പം നില്‍ക്കാനാവണം. നവോത്ഥാന മുന്നേറ്റങ്ങളെ എതിര്‍ത്തവര്‍ ചരിത്രത്തിന്റെ വിസ്മൃതിയില്‍ പെട്ടുപോയിട്ടുണ്ട്. ഇത് ലോകനീതിയാണ്. ഊരുട്ടമ്പലം സ്‌കൂളിലെത്തിയ പിന്നാക്ക വിഭാഗത്തിലെ പഞ്ചമിയെ പഠിക്കാനനുവദിക്കാതിരുന്നവര്‍ ചരിത്രത്തിലെവിടെയുമില്ല. പിന്നാക്കക്കാര്‍ക്ക് സ്‌കൂള്‍ പഠനത്തിന് നിയമമുണ്ടായ ശേഷവും യാഥാസ്ഥിതികര്‍ അതിനെ എതിര്‍ക്കുകയായിരുന്നു.
പുരോഗമനപരമായ മാറ്റങ്ങളെ പിന്നോട്ടടിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ വിട്ടുവീഴ്ചയില്ലാതെ ചെറുക്കണം. ഇതിനെ ചെറുക്കുന്ന മതനിരപേക്ഷ സമൂഹത്തിനൊപ്പം സര്‍ക്കാരും അണിചേരും. നിരവധി പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തിയ മാറ്റങ്ങളുണ്ടായത്. പണ്ടു കാലത്ത് ക്ഷേത്രപ്രവേശനത്തിന് പലയിടങ്ങളിലും വിലക്കുണ്ടായിരുന്നപ്പോള്‍ പോലും ശബരിമലയില്‍ ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാമായിരുന്നു. ഇതര ക്ഷേത്രങ്ങള്‍ക്കുപോലും മാതൃകയായ ശബരിമലയെ മറ്റു ക്ഷേത്രങ്ങളുടെ പിന്നിലാക്കാനാണ് ശ്രമം നടക്കുന്നത്. പണ്ടു കാലത്ത് നടന്ന എല്ലാ പ്രക്ഷോഭങ്ങളിലും നാട്ടിലെ പുരോഗമനവാദികളും ഭാഗമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബരം കൈപ്പുസ്തകം, ശബരിമല കേസില്‍ സുപ്രിംകോടതി വിധിയുടെ സംഗ്രഹം എന്നിവയും ഇതോടനുബന്ധിച്ച് ഒരുക്കിയ ചരിത്രപ്രദര്‍ശനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷനായി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പങ്കെടുത്തു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വി.ജെ.ടി ഹാളില്‍ ഒരുക്കിയ ചരിത്ര ചിത്രപ്രദര്‍ശനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ക്ഷേത്രപ്രവേശന വിളംബരം, അതിന് മുന്‍പും തുടര്‍ന്നും ഉണ്ടായ നവോഥാന മുന്നേറ്റങ്ങളും പോരാട്ടങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബഌക് റിലേഷന്‍സ്, സാംസ്‌കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍ സംയുക്തമായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."