ചെറുവത്തൂരിലെ മണല്‍കടവുകളില്‍ പ്രതിഷേധം
ചെറുവത്തൂര്‍: ചെറുവത്തൂര്‍ പഞ്ചായത്തിലെ മണല്‍ കടവുകളില്‍ പ്രാദേശിക തൊഴിലാളികളുടെ പ്രതിഷേധം. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ക്യൂ സമ്പ്രദായം അട്ടിമറിക്കുന്നതായാണ് ആക്ഷേപം. കടവുകളുടെ ചുമതല അടുത്തിടെയാണ് പഞ്ചായത്തുകളെ ഏല്‍പിച്ചത്. ഒരാഴ്ച മുന്‍പ് പഞ്ചായത്തിലെ കടവുകളില്‍ മോണിറ്ററിങ്ങ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ മണല്‍ വിതരണം ആരംഭിക്കുകയും ചെയ്തു.
മുന്‍പ് ക്യൂ സിസ്റ്റം വഴി പ്രാദേശിക ലോറിക്കാര്‍ക്ക് വിതരണം ചെയ്തശേഷമായിരുന്നു മറ്റ് പ്രദേശങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്ക് മണല്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും മാറി ദൂരദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആദ്യം മണല്‍ വിതരണം
ചെയ്യാനുള്ള നീക്കമാണ് പോര്‍ട് കണ്‍സര്‍വേറ്റര്‍ നടത്തിയത്. നിലവിലുള്ള വിതരണ സമ്പ്രദായം ഒരു മുന്നറിയിപ്പുമില്ലാതെ മാറ്റിയത് മണല്‍ കൊണ്ടുപോകാനെത്തിയവര്‍ ചോദ്യം ചെയ്യുകയും ചെയ്തു.
നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന കടവുകളുടെ പ്രവര്‍ത്തനം താളം തെറ്റിച്ച് മനപൂര്‍വം കുഴപ്പമുണ്ടാക്കി കടവ് അടച്ചിടാനുള്ള ഗൂഢ നീക്കമാണെന്നും മണല്‍ ലോബികളെ സഹായിക്കാനുള്ള നീക്കമാണ് പോര്‍ട്ട് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. നിലവിലുള്ള മോണിറ്ററിങ്ങ് കമ്മിറ്റിയെപ്പോലും അറിയിക്കാതെ വിതരണ സമ്പ്രദായം അട്ടിമറിക്കാനുള്ള കണ്‍സര്‍വേറ്ററുടെ നീക്കത്തിനെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ ഇന്നലെ ഒരുമണിയോടെ മണല്‍ വിതരണം പഴയ രീതിയില്‍ പുനസ്ഥാപിച്ചു.
കടവുകളുടെ നിയന്ത്രണം പഞ്ചായത്തുകള്‍ക്ക് നല്‍കിയതിന് ശേഷം ജില്ലയില്‍ ആദ്യം തുറന്ന് കൊടുത്ത പഞ്ചായത്താണ് ചെുവത്തൂര്‍. പോര്‍ട്ട് കണ്‍സര്‍വേറ്ററുടെ തെറ്റായ നിലപാട് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ തുറമുഖവകുപ്പ് മന്ത്രി, പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."