ബെദിരയിലെ വെള്ളക്കെട്ട്: സംയുക്തസമരസമിതി പ്രക്ഷോഭത്തിലേക്ക്
കാസര്‍കോട്: കാസര്‍കോട് വില്ലേജിലെ ബെദിരയില്‍ രണ്ട് ഏക്കറോളം നെല്‍പ്പാടം സ്വകാര്യവ്യക്തി മണ്ണിട്ടു നികത്തിയതിനെ തുടര്‍ന്ന് ജനവാസ കേന്ദ്രത്തിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിനു പരിഹാരം തേടി സംയുക്തസമരസമിതി പ്രക്ഷോഭത്തിലേക്ക്.
സംഭവത്തിനു പിന്നില്‍ സി.പി.എം നേതാക്കളുടെ ഒത്താശയുണ്ടെന്നും സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം നടക്കുകയാണെന്നും സമരസമി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മാസങ്ങള്‍ക്കു മുന്‍പാണ് മൂന്നുവിള കൊയ്യാവുന്ന രണ്ടേക്കര്‍ വയല്‍ സ്വകാര്യവ്യക്തി മണ്ണിട്ടു നികത്തി വില്‍പ്പനക്കുള്ള നിലമൊരുക്കിയത്.
പ്രദേശത്തെ വെള്ളം കാലങ്ങളായി ഒഴുക്കി വിടുന്ന മൂന്ന് കലുങ്ക് ഉള്‍പ്പെടെ ഡ്രൈനേജുകള്‍ പൂര്‍ണമായും മണ്ണിട്ട് മൂടിയാണ് പ്രവൃത്തി നടത്തിയത്. ഇതിനെതിരേ നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ല.
മഴക്കാലമെത്തിയതോടെ വില്ലേജിലെ മൂന്ന് വാര്‍ഡുകള്‍ വെള്ളക്കെട്ടില്‍ ദുരിതമനുഭവിക്കുകയാണ്. തുടക്കത്തില്‍ വയല്‍ നികത്തുന്നതിനെതിരേ പരാതി നല്‍കിയപ്പോള്‍ തഹസില്‍ദാര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഉടമ വയല്‍ നികത്തില്‍ തുടരുകയായിന്നു.
പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആര്‍.ഡി.ഒ കേസെടുത്ത് ബന്ധപ്പെട്ടവരോട് റിപോര്‍ട്ട് തേടുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു നടപടിയും പിന്നീടുണ്ടായില്ല. മഴക്കാലമെത്തിയതോടെ സമീപത്തെ കവുങ്ങിന്‍ തോട്ടത്തില്‍ ഉള്‍പ്പെടെ വ്യാപകമായി വെള്ളം കെട്ടിനില്‍ക്കുകയാണ്. ഇതിനോടകം മൂവായിരത്തോളം കവുങ്ങുകളാണ് നശിച്ചുപോയത്.
കൂടാതെ മലിന ജലം ഒഴുകിയെത്തി പ്രദേശത്തെ വീടുകളിലേക്ക് ദുര്‍ഗന്ധം വമിക്കുകയാണ്. കൊതുകുകള്‍ പെരുകിയതോടെ പ്രദേശത്ത് ഡങ്കിപ്പനി ഉള്‍പ്പെടെ സ്ഥിരീകരിച്ചു കഴിഞ്ഞു. സംഭവത്തെ ലാഘവത്തോടെ കാണുന്ന സ്ഥിതിയാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.
സി.പി.എം സഹായത്തോടെ ഇതിനെ പ്രതിരോധിക്കാനാണ് ഉടമ ശ്രമം നടത്തുന്നത്. ഇതിനായി മണ്ണിട്ട പ്രദേശത്ത് സി.പി.എം കൊടിമരം സ്ഥാപിച്ചതായും സമരസമിതി നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."