പൊലിസ് മേധാവിയുടെ മുന്നറിയിപ്പിന് പിന്നാലെ എ.ടി.എം കവര്‍ച്ചാ ശ്രമം
പൈവളികെ മധൂര്‍ : മഴക്കാല കവര്‍ച്ചാ സംഘത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന പൊലിസ് നിര്‍ദേശം വന്നതിന് പിന്നാലെ ജില്ലയില്‍ പൈവളികയില്‍ എ.ടി.എം കുത്തിതുറന്ന് കവര്‍ച്ച നടത്താനും മധൂരില്‍ വീട് കുത്തിതുറന്ന് കവര്‍ച്ചയും നടത്തി. പൈവളികയിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും മധൂരിലെ വീട്ടില്‍ നിന്ന് 13 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 40000 രൂപയും നഷ്ടപ്പെട്ടു.
ഇന്നലെ രാവിലെയെത്തിയ ഇടപാടുകാരാണ് എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം നടന്ന വിവരം പൊലിസിനെ അറിയിച്ചത് കവര്‍ച്ചക്കാര്‍ എ.ടി.എമ്മിന്റെ മുന്‍ഭാഗം കുത്തിപൊളിച്ചിട്ടുണ്ട്. എ.ടി.എം തകര്‍ക്കാനുപയോഗിച്ച പിക്കാസ് എ.ടി.എം കൗണ്ടറിന് പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
മഞ്ചേശ്വരം പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. എ.ടി.എം മെഷ്യന്‍ കേടുവരുത്തിയതില്‍ നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബാങ്കധികൃതര്‍ അറിയിച്ചു.
എ.ടി.എമ്മിനകത്തും സമീപത്തെ ബേക്കറിയിലും സ്ഥാപിച്ച കാമറകളില്‍ കവര്‍ച്ചക്കാരുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
മധൂര്‍ ക്ഷേത്ര ജീവനക്കാരന്‍ ഗണേശന്റെ വീട്ടില്‍ നിന്നാണ് 13 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 40000 രൂപയും കവര്‍ച്ച ചെയ്തത്. വീട്ടിലെത്തിയ ബന്ധുക്കളെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രയയക്കാനായി രാത്രി എട്ടുമണിയോടെ ഗണേശനും വീട്ടുകാരും പോയതായിരുന്നു.
രാത്രി 10 മണിയോടെ എല്ലാവരും വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. അടുക്കളഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. വീടിനകത്തെ അലമാരകള്‍ തകര്‍ത്താണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്.
സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മഴക്കാലത്ത് കവര്‍ച്ചാ സംഘങ്ങള്‍ സജീവമായിട്ടുണ്ടെന്ന ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണിന്റെ മുന്നറിയിപ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന്റെ തൊട്ട് പിന്നാലെയാണ് പൊലിസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന മധൂരില്‍ തന്നെ കവര്‍ച്ച നടന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിനടുത്ത് ഉടുമ്പുന്തലയില്‍ പര്‍ദയണിഞ്ഞ് വന്ന രണ്ടംഗ സംഘം വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."