അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി മുക്കം സാമൂഹികാരോഗ്യ കേന്ദ്രം
മുക്കം: സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് വളര്‍ത്തുകേന്ദ്രമായി മാറിയിരിക്കുകയാണിപ്പോള്‍ മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന മുക്കം സി.എച്ച്.സി വളപ്പിലെ കിണറാണ് മാലിന്യം നിറഞ്ഞ് കൊതുക് വളര്‍ത്തുകേന്ദ്രമായത്. നാടാകെ പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് അധികൃതരുടെ കുറ്റകരമായ അനാസ്ഥ. അതേസമയം അസൗകര്യങ്ങളും ഹെല്‍ത്ത് സെന്ററിന്റെ ശാപമാവുകയാണ്.
രോഗികളുടെ ബാഹുല്യവും സമീപപ്രദേശങ്ങളില്‍ ആരോഗ്യമേഖലയില്‍ മതിയായ സര്‍ക്കാര്‍ സംവിധാനങ്ങളുമില്ലാത്തതിനാല്‍ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു മുക്കം പ്രൈമറി ഹെല്‍ത്ത് സെന്ററിനെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത്.
എന്നാല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററായ സമയത്ത് കിടത്തി ചികിത്സയും ഗൈനക്കോളജിസ്റ്റ് അടക്കമുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായിരുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായപ്പോള്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റു ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണുള്ളത്.
ദിവസവും നൂറുകണക്കിന് രോഗികളുടെ രക്തപരിശോധന നടത്താന്‍ ഒരു സ്ഥിരം സ്റ്റാഫും രണ്ട് താല്‍ക്കാലിക ജീവനക്കാരും മാത്രമാണുള്ളത്. ചാര്‍ജിലുള്ള ഡോക്ടര്‍മാരില്‍ പലരും ഉച്ചയോടെ അവരുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളിലേക്ക് പോകുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം പോലും ഇവിടെ ലഭ്യമല്ല.
ഒ.പി ടിക്കറ്റ് എടുക്കുന്നതിനും മരുന്നു വാങ്ങുന്നതിനുമടക്കം എല്ലാ സേവനങ്ങള്‍ക്കും മണിക്കൂറുകളോളം വരിനില്‍ക്കേണ്ട അവസ്ഥയാണ്. ഒ.പി ടിക്കറ്റ് വിതരണം ചെയ്യാന്‍ ഒരു കൗണ്ടര്‍ മാത്രമാണ് ഇവിടെയുള്ളത്. നേരത്തെയുണ്ടായിരുന്ന ഗൈനക്കോളജി വിഭാഗമടക്കം അടച്ചു പൂട്ടുകയും ചെയ്തു.
മലയോര മേഖലയിലെ കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, ഓമശ്ശേരി പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും പതിനായിരക്കണക്കിന് ആളുകളുടെ ആശ്രയമായ സര്‍ക്കാര്‍ ആതുരാലയമാണ് അധികൃതരുടെ അനാസ്ഥയില്‍ ഉപകാരമില്ലാതാകുന്നത്.
നിലവില്‍ എന്‍.ആര്‍.എച്ച്.എമ്മിലെ രണ്ട് ഡോക്ടര്‍മാരും നാല് സ്ഥിരം ഡോക്ടര്‍മാരുമടക്കം ആറു ഡോക്ടര്‍മാരാണ് ആശുപത്രിയിലുള്ളത്. എന്‍.ആര്‍.എച്ച്.എമ്മിലെ ഒരു ഡോക്ടര്‍ കോടഞ്ചേരി സി.എച്ച്.സി യില്‍ ഡ്യൂട്ടിയിലാണ്. ഒരാള്‍ ലീവിലുമാണ്.
സ്ഥിരമുള്ള നാലു ഡോക്ടര്‍മാരില്‍ ഒരാള്‍ ഒയിസ്‌ക ഇന്റര്‍നാഷനലിന്റെ ഇതര സംസ്ഥാന സ്‌ക്രീനിങ് ക്യാംപിലുമാണ്. മുഴുവന്‍ ഡോക്ടര്‍മാരും ഡ്യൂട്ടിയിലുള്ള ദിവസങ്ങളിലും അധികസമയ ജോലി ചെയ്താണ് മുക്കം സി.എച്ച്.സി യിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്. ശരാശരി ദിവസം 800 രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തുമ്പോള്‍ ഒരു ഡോക്ടര്‍ക്ക് 200ല്‍പരം രോഗികളെ പരിശോധിക്കേണ്ട അവസ്ഥയാണുള്ളത്. ആശുപത്രിയില്‍ അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. ആുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ തുക വകയിരുത്തിയതല്ലാതെ മറ്റു നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."