കേരള മുസ്‌ലിമിന്റെ ജീവിത പാരമ്പര്യം
അല്ലാഹുവിന്റെ സമീപസ്ഥരും ഇഷ്ടദാസന്മാരുമാവാന്‍ അടിമക്ക് ഏറ്റവും അനിവാര്യമായ രണ്ട് ആത്മീയ ഗുണങ്ങളാണ് സൂക്ഷ്മതയും പരിത്യാഗവും(വറഉം സുഹുദും). ഇഹലോകത്ത് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായത് പോലെ നാളെ പരലോകത്ത് അല്ലാഹുവിന്റെ കൂടെയിരിക്കുന്നത് ഇവരായിരിക്കും(ജാമിഉ സ്സഗീര്‍).
സൂക്ഷ്മതയോളം ഒരു അടിമയെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മറ്റൊരു ആത്മീയ ഗുണവും ഇല്ല. അതുകൊണ്ട് തന്നെ അല്ലാഹു അവരെ പരിഗണിക്കുന്നതിനും ആദരിക്കുന്നതിനും ഒരു പരിധിയുമില്ല. വിചാരണ പോലുമില്ലാതെ അവരെ അവന്‍ സ്വര്‍ഗസ്ഥരാക്കും(ബൈഹഖി).
മത വിധിയില്‍ നിശിദ്ധമായ കാര്യങ്ങള്‍ (ഹറാമുകള്‍) കണിശമായി അവഗണിക്കുന്നിടത്താണ് സൂക്ഷ്മതയുള്ള ജീവിതക്രമത്തിന്റെ ആരംഭം. നിശിദ്ധമോ എന്ന് ഊഹിക്കപ്പെടുന്നവയേയും (ശുബ്ഹത്ത്) മാറ്റി നിര്‍ത്തുമ്പോള്‍ ഒരു പടി കൂടി മുന്നിലെത്തും. ഉറപ്പുള്ളവക്ക് മുമ്പില്‍ സംശയമുള്ളവയെ ഒഴിവാക്കുക (തിര്‍മുദി) എന്ന ഹദീസാണ് ഇവിടെ പ്രചോദനം. നിശിദ്ധത്തിലേക്ക് വലിച്ച്‌കൊണ്ട് പോകുമോ എന്ന് ഭയപ്പെട്ട് അനുവദനീയ കാര്യങ്ങളെ തന്നെ വിട്ടു നിര്‍ത്തുമ്പോള്‍ അടുത്ത ഘട്ടവും വിട്ട്കടക്കുന്നു. അങ്ങനെ ചെയ്യാതെ മുത്തഖി ആവില്ലെന്ന ഹദീസാണ്(തിര്‍മുദി) ഇവിടത്തെ ആവേശം.
ഒരു പടി കൂടി മുന്നോട്ട് പോകുമ്പോള്‍ ഓരോ നിമിശവും അല്ലാഹുവിന്ന് ഇഷ്ടപ്പെട്ട ഇബാദത്ത് മാത്രം ചെയ്യുക എന്ന നിര്‍ബന്ധം, ഹറാമോ ശുബുഹത്തോ അവയുടെ കാരണങ്ങളിലേക്ക് എത്തിക്കുന്നതോ ഒന്നുമല്ലെങ്കിലും എല്ലാ നിലയിലും അനുവദനീയമായ കാര്യങ്ങളില്‍ നിന്നു തന്നെ വിട്ടു നില്‍ക്കുന്നു. ഇവിടെ സൂക്ഷ്മത അതിന്റെ പാരമ്യതയിലെത്തുന്നു. സൂറത്ത് അന്‍ആമിലെ തൊണ്ണൂറ്റി ഒന്നാം സൂക്തത്തിന്റെ അവസാന ഭാഗം ഈ ഘട്ടം സ്ഥിരപ്പെടുത്തുന്നു എന്ന് ഗസ്സാലി ഇമാം രേഖപ്പെടുത്തുന്നുണ്ട്(ഇഹ് യ).
ഭരണകൂടം വഴികളില്‍ നിയമിച്ച പാറാവുകാരുടെ വിളക്കിന്റെ വെളിച്ചത്തില്‍ രാത്രിയില്‍ വസ്ത്രം നെയ്യാമോ, അത് വില്‍പ്പന നടത്താമോ എന്ന് ചോദിച്ച ബിശ്‌റുല്‍ ഹാഫി(റ)വിന്റെ സഹോദരിയോട് പാടില്ലെന്ന് പറഞ്ഞ അഹ്മദ് ബിന്‍ ഹമ്പല്‍(റ), 'നിങ്ങളുടെ വീട്ടില്‍ നിന്നായിരുന്നു ജനം വറഅ് പഠിച്ചിരുന്നതെന്ന്' പറഞ്ഞ് കരയുകയായിരുന്നു (ബിദായത്തു വന്നിഹായ, രിസാല).
അതേ അഹ്മദ് ബ്ന്‍ ഹമ്പല്‍(റ) മൂന്ന് ദിവസത്തെ പട്ടിണി സഹിക്കവയ്യാതെ കടം വാങ്ങിയ ധാന്യപ്പൊടികൊണ്ട് പെട്ടെന്ന് റൊട്ടി തയ്യാറാക്കാന്‍ ഭൃത്യന്‍ മകന്‍ സ്വാലിഹിന്റെ അടുപ്പില്‍ പാകം ചെയ്തപ്പോള്‍ അത് കഴിക്കാന്‍ കൂട്ടാക്കിയില്ല. ഭരണാധികാരി മുതവക്കിലിന്റെ സമ്മാനം സ്വാലിഹ് കൈപ്പറ്റിയെന്നതായിരുന്നു അതിന്റെ കാരണം(മനാഖിബ് ലി ഇബ്‌നുല്‍ ജൌസി, നുബലാഅ്).
കര്‍ണാടകയിലെ ബൈന്ദൂര്‍ മുതല്‍ ആലുവ വരെയുള്ള പഴയ മലബാറിലെ മുസ്‌ലിം ഉമ്മത്തിന്ന് കാര്യമായും നേതൃത്വം നല്‍കിയിരുന്നത് മംഗലാപുരം, വളപ്പട്ടണം, കോഴിക്കോട്, പൊന്നാനി എന്നീ നാലു പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള മഹാപണ്ഡിതന്മാരായിരുന്നു. ഇവരൊക്കെ ഈ പ്രദേശങ്ങളിലെ ഖാസിമാരായിരുന്നു എന്നതിനപ്പുറം അറിവിന്റെ മഹാസാഗരങ്ങളും അകക്കണ്ണിന്റെ വെളിച്ചത്തില്‍ ആത്മീയമായി സമുദായത്തെ മുന്നോട്ട് നയിച്ചിരിക്കുന്ന ഹഖാഇഖിന്റെ ആത്മ ഗുരുക്കന്മാരായിരുന്നു.
മംഗലാപുരം കേന്ദ്രീകരിച്ച് താജുദ്ദീന്‍ ചക്രവര്‍ത്തി പെരുമാളുടെ (റ) ഉപദേശപ്രകാരം മാലിക്ക് ദീനാറാണ്(റ) ലക്ഷണമൊത്ത പണ്ഡിതരെ ഖാസിമാരായി നിയമിച്ച് തുടങ്ങിയത്. ഇബ്‌നു ബത്തൂത്തയുടെ യാത്രാക്കുറിപ്പുകളില്‍ നിന്ന് ഇത് ഗ്രഹിച്ചെടുക്കാം.
വളപ്പട്ടണം കേന്ദ്രീകരിച്ചുള്ള ഖാസിമാരും ആത്മജ്ഞാനികളായ പണ്ഡിതന്മാരായിരുന്നു. ചരിത്രത്തില്‍ രണ്ടാം മുഹ്‌യിദ്ദീന്‍ എന്ന പേരില്‍ വിശ്രുതനായ, ഖുത്തുബായ പണ്ഡിതന്‍ പുറത്തിയില്‍ അബ്ദുല്‍ ഖാദിര്‍ സാനിയും (ഖ.സി) ശിഷ്യരായ ശൈഖ് കമാലുദ്ധീന്‍ പാലാപത്‌നിയും ചാലിയത്ത് അന്ത്യവിശ്രമം കൊള്ളുന്ന നൂറുദ്ധീനുല്‍ ഹമദാനിയും(റ) അക്കൂട്ടത്തില്‍ പെട്ടവരായിരുന്നു. അറക്കല്‍ രാജവംശവുമായി കെട്ട് ബന്ധമുണ്ടായിരുന്ന അബ്ദുല്‍ ഖാദിര്‍ സാനി മന്ത്രിസ്ഥാനം വേണ്ടെന്ന്‌വച്ചാണ് ആത്മീയ പ്രബോധനത്തിന് ഇറങ്ങിത്തിരിച്ചത്. അവരുടെ ആത്മ ശിക്ഷണത്തിന്റെ ശേഷിപ്പാണ് ഇന്നും കേരളക്കരയിലെ പള്ളികളില്‍ അഞ്ചു വഖ്ത്ത് ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള വാരിദായ ദുആ. ഇവരിലൂടെയായിരുന്നു അത് ഇവിടെ പ്രചരിതമായത്.
കോഴിക്കോട് ഖാസിമാരുടെ ചരിത്രവും ആത്മീയ നേതൃത്വവും കേരളക്കരക്ക് എന്നും സുപരിചിതമാണ്. തങ്ങളുടെ ശിഷ്യരെയും ചുറ്റും കൂടിയവരെയും ഖാദിരി ശൃംഖലയില്‍ കോര്‍ത്തിണക്കാന്‍ ബഗ്ദാദിലേക്ക് പാലം പണിയുകയായിരുന്നു മുഹ്‌യിദ്ദീന്‍ മാലയിലൂടെ ഖാസി മുഹമ്മദ്(ഖ.സി).
പൊന്നാനി മഖ്ദൂം ഒന്നാമന്റെ (ഖ.സി) അദ്കിയ എന്ന വിശ്വ പ്രസിദ്ധ കാവ്യം, ഓരോ വരികളും മുടിനാര് കീറി പരിശോധിച്ചാല്‍ സകല വിജ്ഞാനീയങ്ങളുടെ കടലുകള്‍ക്കപ്പുറത്ത്, ആത്മജ്ഞാനത്തിന്റെ മഹാ സാഗരങ്ങളും സമഞ്ചസമായി സമ്മേളിച്ചവരായിരുന്നു മഖ്ദൂമുമാര്‍ എന്ന് മനസ്സിലാകും. സുഹ്‌റവര്‍ദി ആത്മീയ സരണിയുടെ പ്രചാരകരുമായിരുന്നു പല മഖ്ദൂമുമാരും. കേവല പണ്ഡിതന്‍ എന്നതിനപ്പുറം ആത്മീയമായി സമുദായത്തെ മുന്നോട്ട് നയിച്ചിരുന്ന സൂക്ഷ്മശാലികളായിരുന്നു ഈ നാല് പ്രദേശക്കാരും.
പൊന്നാനിയിലെ മഖ്ദൂമുമാരുടെ ജീവിതക്രമവും സംശുദ്ധമായ സൂക്ഷ്മതയില്‍ വളര്‍ത്തിയതായിരുന്നു. കര്‍മശാസ്ത്രത്തിലെ ശാഖാപരമായ ഒട്ടുമിക്ക മസ്അലകളിലും ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ മുന്‍കാല പണ്ഡിതന്‍മാര്‍ക്കിടയിലുണ്ടെങ്കിലും പൊന്നാനി പാരമ്പര്യമുള്ള കേരളീയ പണ്ഡിതരുടെ വ്യക്തിജീവിതവും പൊതുവായി ജനങ്ങളെ പഠിപ്പിച്ചിരുന്ന നിലപാടുകളും സൂക്ഷ്മതയില്‍ ഊന്നിയതായിരുന്നു. സൂക്ഷ്മതയ്ക്ക് അവര്‍ നല്‍കിയ പ്രാധാന്യം ഇതില്‍ നിന്നും മനസിലാക്കാം.
ഇന്ന് വ്യക്തിയിലും സമൂഹത്തിലും ഇടപഴകുന്ന മേഖലകളിലും സൂക്ഷ്മത അന്യമായി. അവിടെയാണ് സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്‍ഗാമികളുടെ സൂക്ഷ്മതയുടെ നിലപാടിനപ്പുറത്തേക്ക് മതത്തിലൊതുങ്ങി തന്നെ നിലപാടെടുക്കാന്‍ ഇന്ന് പണ്ഡിതര്‍ നിര്‍ബന്ധിതരായത്. മുന്‍ കാലങ്ങളിലെ കര്‍മശാസ്ത്ര നിലപാടുകളില്‍ വരുന്ന കാലികമാറ്റത്തില്‍ ചിലത് അങ്ങനെ ഉണ്ടായതാണ്. അതും മതവലയത്തിനകത്തുള്ളത് തന്നെ, പക്ഷെ സൂക്ഷ്മത അല്‍പം കുറയുമെന്ന് മാത്രം! ജീവിതത്തില്‍ അന്യമാകുന്നുവെങ്കിലും ഈ നാട്ടിലെ ജനത പാകപ്പെട്ടിരിക്കുന്നത് മുന്‍ഗാമികളുടെ ആ 'വറഉ'ള്ള ദീനിനോടാണ്.
സാഹചര്യങ്ങള്‍ക്കനുസരിച്ച് ദീനിലൊതുങ്ങി നിന്നു തന്നെ നൂതന ശൈലികള്‍ നാം പരീക്ഷിക്കുമ്പഴും ആ പാകമായ സൂക്ഷ്മതയുടെ ശൈലി നിലത്ത് വീഴാതെ നോക്കണം. നിര്‍ബന്ധിത ഘട്ടത്തില്‍ സ്വീകരിക്കാന്‍ പറ്റുന്ന പഴുതുകളില്‍ പറ്റിപ്പിടിച്ച് ജീവിക്കല്‍ യഥാര്‍ഥ മുസ്‌ലിമിന്റെ ശൈലിയല്ല. ഫത്‌വ തേടി വരുന്നവരോട് സൂക്ഷ്മതയുടെ മതവിധികള്‍ പണ്ഡിതര്‍ പ്രത്യേകം ഉണര്‍ത്താനുള്ള കാരണവും ഇത് തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."