നിരസിക്കുന്ന പ്രണയത്തിന് മരണമോ ശിക്ഷ
സംസ്‌കാര ഭദ്രമെന്നഹങ്കരിച്ചിരുന്ന കേരളത്തില്‍ പ്രണയ നിഷേധത്തിന് മരണ ശിക്ഷ വിധിക്കുന്നത് വര്‍ധിച്ചുവരികയാണ്. ഇന്നലെ കൊച്ചിയിലെ കാക്കനാട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവിക പ്രണയം നിരസിച്ചതിന്റെ പേരില്‍ വീടിനുള്ളില്‍ പെട്രോള്‍ ഒഴിക്കപ്പെട്ട് കത്തിത്തീര്‍ന്നിരിക്കുകയാണ്. ഇതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ നാല് പെണ്‍കുട്ടികളാണ് കാമുകവേഷംകെട്ടിയ നരാധമന്മാരാല്‍ കൊല്ലപ്പെടുന്നത്. മാവേലിക്കരയില്‍ പെണ്‍കുട്ടി പ്രണയം നിരസിച്ച ഉടന്‍ പെട്രോള്‍ ഒഴിക്കപ്പെട്ട് കൊല്ലപ്പെട്ടു. വടകരയില്‍ ചിത്ര എന്ന പെണ്‍കുട്ടി പ്രണയം നിരസിച്ചതിനെത്തുടര്‍ന്നുണ്ടായ പെട്രോള്‍ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടായിരുന്നു. പ്രണയം നിരസിച്ചതിന് കേരളത്തില്‍ ആദ്യമായി പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കൊന്നത് 2017ല്‍ പത്തനംതിട്ടയിലെ കടമ്മനിട്ടയിലായിരുന്നു.
ഈ വര്‍ഷം മാര്‍ച്ച് 13നാണ് തിരുവല്ല റെയില്‍വേസ്റ്റേഷന് സമീപത്ത് വെച്ച് റേഡിയോളജി കോഴ്‌സ് വിദ്യാര്‍ഥിനിയെ തടഞ്ഞ്‌നിര്‍ത്തി കുത്തിപ്പരുക്കേല്‍പിച്ചതിന് ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. തൃശൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായിരുന്ന ചിയാരത്ത് സ്വദേശി നീതുവിനെ നിതീഷ് എന്ന ചെറുപ്പക്കാരന്‍ വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ച് കൊല്ലുകയായിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായി ഇപ്പോഴിതാ കാക്കനാട്ട് വീണ്ടും തീയിട്ട് കൊന്നിരിക്കുന്നു വിദ്യാര്‍ഥിനിയെ. ദേവികയുടെ വീട്ടില്‍ അര്‍ധരാത്രിയില്‍ അതിക്രമിച്ച് കയറിയാണ് അകന്ന ബന്ധുവായ പറവൂര്‍ സ്വദേശി മിഥുന്‍ കുട്ടിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. തടയാന്‍ ശ്രമിച്ച ദേവികയുടെ പിതാവിനും പൊള്ളലേറ്റു. അമ്മ ബോധരഹിതയായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. മിഥുനാകട്ടെ ആത്മഹത്യയും ചെയ്തു. ഒരു യുവാവിന്റെ അപക്വമായ പെരുമാറ്റം രണ്ട് കുടുംബത്തെയാണ് നിമിഷനേരംകൊണ്ട് നശിപ്പിച്ചിരിക്കുന്നത്.
പഠിക്കാന്‍ മിടുക്കിയായിരുന്നു ദേവിക. എസ്.എസ്.എല്‍.സിക്ക് മികച്ച മാര്‍ക്ക് വാങ്ങിയാണ് പ്ലസ് വണ്ണിന് ചേര്‍ന്നത്. സല്‍സ്വഭാവിയും അച്ചടക്കമുള്ളവളുമായിരുന്നു ദേവികയെന്ന് അയല്‍വാസികള്‍ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ദേവിക എട്ടാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ മിഥുന്‍ പിന്നാലെവന്ന് ശല്യംചെയ്യുന്നുണ്ടായിരുന്നു. ദേവികയുടെ കുടുംബം ഇതിനെതിരേ പൊലിസില്‍ പരാതിയും നല്‍കിയതാണ്. പൊലിസ് സ്റ്റേഷനില്‍നിന്നും രമ്യമായി പിരിയുകയായിരുന്നു. തുടര്‍ന്നാണ് മിഥുന്‍ പ്രതികാരദാഹത്തോടെ അര്‍ധരാത്രിയില്‍ ദേവികയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പെട്രോള്‍ ഒഴിച്ച് കൊന്നത്. ദേവിക സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.
ഇതൊരു അവസാനത്തെ പെട്രോള്‍ ഒഴിച്ചുള്ള കൊലപാതകമാണെന്ന് കരുതുവാന്‍ വയ്യ. അത്രമേല്‍ കേരളീയ സാമൂഹിക ജീവിതം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളിലാണ് കേരളത്തിന്റെ സാമൂഹികാവസ്ഥയില്‍ വമ്പിച്ച മാറ്റങ്ങള്‍ ദൃശ്യമാകാന്‍ തുടങ്ങിയത്. ആഗോളീകരണത്തെ തുടര്‍ന്നുണ്ടായ ഉപഭോഗ സംസ്‌കാരത്തിന്റെ ഉല്‍പന്നമാണ് കേരളത്തിന്റെ സാംസ്‌കാരിക അടിത്തറയുടെ തകര്‍ച്ച.
ആണ്‍ കോയ്മകളുടെ അധികാരം സ്ത്രീകളുടെമേല്‍ ക്രൂരമായി പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്തെയാണ് ഉപഭോഗ സംസ്‌കാരം സംഭാവന ചെയ്തിരിക്കുന്നത്. ഉപഭോഗ സംസ്‌കാരത്തിന്റെ ഉപോല്‍പന്നമാണ് വീടുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അസ്വസ്ഥതകള്‍. ധാര്‍മിക ച്യുതി വളര്‍ന്ന്‌കൊണ്ടിരിക്കുന്നു. ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണിരിക്കുന്നു. അമ്മയും അച്ഛനും മക്കളും ഒന്നിച്ചിരുന്നു സംസാരിക്കുകയും കളിതമാശകള്‍ പറഞ്ഞ് ചിരിക്കുകയും ചെയ്തിരുന്ന കാലം അസ്തമിച്ചിരിക്കുകയാണ്.
ഓരോ മനുഷ്യരും ഓരോ തുരുത്തുകളായി വീടകങ്ങളില്‍ കഴിയുന്നു. മകനെക്കുറിച്ച് പിതാവ് അന്വേഷിക്കുന്നില്ല. അവന്റെ പഠിത്തം, അവന്റെ കൂട്ടുകാര്‍ വീട്ടില്‍ വൈകിയെത്തുന്നത് ഇതൊന്നും ചോദ്യം ചെയ്യപ്പെടുന്നില്ല. ഇത്തരമൊരു സാമൂഹികാവസ്ഥയില്‍ പ്രണയത്തിന്റെ അര്‍ഥം അറിയാത്തവര്‍ അത് കിട്ടാതെവരുമ്പോള്‍ പിശാചുക്കളായി മാറുന്നതില്‍ അത്ഭുതമില്ല. ഇങ്ങനെയാണ് മിഥുന്‍മാര്‍ ജന്മംകൊള്ളുന്നത്. സഹനത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് ഒഴിവില്ല. ഇത്തരം രക്ഷിതാക്കളാണ് കാലാന്തരത്തില്‍ വൃദ്ധസദനങ്ങളില്‍ മക്കളാല്‍ അടക്കപ്പെടുന്നതും.
പ്രണയം എന്നത് വൈകാരികമായ ഒരനുഭൂതിയാണ്. അതിനൊപ്പം പൈശാചികതയും വളരുക എന്നത് അചിന്ത്യവുമാണ്. പെട്രോള്‍ ഒഴിച്ചുകൊല്ലുന്നവന്റെ മനസ്സില്‍ യഥാര്‍ഥ പ്രണയം ഉണ്ടാവുകയില്ല. അതൊരു പ്രണയാഭിനയമാണ്. അധമവികാരങ്ങളെ നിയന്ത്രിക്കാനും മനുഷ്യരോട് സ്‌നേഹത്തോടെ പെരുമാറാനുമുള്ള ആദ്യപാഠം കിട്ടേണ്ടത് വീടകങ്ങളില്‍നിന്നാണ്. മരണവീടുകള്‍ പോലെയായിത്തീരുന്ന വീടകങ്ങളില്‍നിന്നും ഇന്ന് അത്തരം സന്മാര്‍ഗ ചിന്തകളൊന്നും ഉണ്ടാവുകയില്ല. ഈ വീടുകളില്‍ വളരുന്ന കുട്ടികളാണ് ക്രൂരന്മാരായിത്തീരുന്നത്.
തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പ്രണയാഭ്യര്‍ഥനകളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും ആരോടും പറയാതെ ഉള്ളില്‍നീറിക്കഴിയുന്നവരാണ് ഇരകളിലധികവും. അത് അവരുടെ മരണത്തില്‍ കലാശിക്കുകയും ചെയ്യുന്നു. പ്രണയത്തെ അധികാരമായികാണുന്ന യുവാക്കളെ അത്തരം ചിന്തകളില്‍നിന്നും പിന്തിരിപ്പിക്കാന്‍ ഉതകുന്ന സാമൂഹികാധ്യാപനങ്ങളൊന്നുമില്ല എന്നത് ഒരുപോരായ്മ തന്നെയാണ്.
ജനാധിപത്യവും സാഹോദര്യവും പുറമെക്ക് പറയുന്ന വാചകങ്ങളായിമാറി. ഇരുണ്ടകാലത്തെ സംസ്‌കാര ശൂന്യത ഇപ്പോഴും സമൂഹത്തെ ചൂഴ്ന്ന്‌നില്‍ക്കുന്നു. ക്രൂരമായ കൊലപാതകത്തിലേക്ക് പ്രണയം വഴികാട്ടുന്നുവെങ്കില്‍ അതിനെ സ്വാഭാവികമായി കാണാന്‍ പറ്റുകയില്ല. പ്രണയം ആത്മാര്‍ഥമായിരുന്നുവെങ്കില്‍ ഒരുവ്യക്തിയും തന്റെ പ്രണയം നിരസിക്കപ്പെട്ടതിന്റെ പേരില്‍ നിരസിച്ചയാളെ പെട്രോള്‍ ഒഴിച്ചുകൊല്ലുകയില്ല.
ഇന്ത്യയില്‍ പ്രണയനിരാസത്തിന്റെ പേരില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്നു. കേരളം അതില്‍നിന്നൊക്കെ മുക്തമാണെന്ന് അഹങ്കരിച്ചിരുന്ന കാലം കഴിഞ്ഞുപോയി. പെണ്‍കുട്ടികള്‍ പ്രണയം നിരസിക്കുമ്പോള്‍ അത് സ്വാഭാവിക പ്രതികരണമാണെന്ന് കരുതി പ്രയാസത്തെ അതിജീവിക്കുന്ന ഒരു യുവതലമുറയെ സ്വപ്നം കാണാന്‍ മാത്രമേ ഈ കാലത്ത് കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."