നാസിക്കില്നിന്നെത്തിച്ച സവാള വിതരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സവാളവില നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നാസിക്കില്‍ നിന്നെത്തിച്ച 40 ടണ്‍ സവാള വിതരണം ചെയ്തു തുടങ്ങി. ബുധനാഴ്ച വൈകിട്ടോടെ സംഭരണ ശാലകളില്‍ എത്തിയ സവാള ആവശ്യാനുസരണം ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചു. തിരുവനന്തപുരത്തും എറണാകുളത്തുമുള്ള പ്രധാന ഔട്ട്ലെറ്റുകളിലാണ് ഇതിനോടകം വിതരണം ആരംഭിച്ചത്.
പരമാവധി ഔട്ട്ലെറ്റുകളില് സവാള ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് സപ്ലൈകോ അധികൃതര്‍ പറഞ്ഞു. സവാള വില നിയന്ത്രിക്കുന്നതിന് ഇടപെടല്‍ തുടങ്ങിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ വിലയില്‍ മാറ്റമുണ്ടായെന്നും വരുംദിവസങ്ങളിലെ സവാളയുടെ വില്പന നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ ലോഡുകള്‍ എത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സപ്ലൈകോ ഔട്ട്ലെറ്റുകള് വഴി കിലോക്ക് 38 രൂപ നിരക്കിലാണ് വില്പന. കഴിഞ്ഞമാസമാണ് സംസ്ഥാനത്ത് സവാളവില കുതിച്ചുയര്‍ന്നത്. കിലോക്ക് 60 രൂപയോളം എത്തിയ സാഹചര്യത്തിലാണ് വിപണിയില്‍ ഇടപെടല്‍ നടത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചത്. തുടര്‍ന്ന് നാഫെഡുമായി ഭക്ഷ്യവകുപ്പ് മന്ത്രി നടത്തിയ ചര്‍ച്ചയില്‍ നാസിക്കില്‍ നിന്ന് സവാള എത്തിക്കുന്നതിന് കളമൊരുങ്ങുകയായിരുന്നു. സംഭരിച്ചയക്കുന്ന സവാളയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സപ്ലൈകോയുടെ ഉദ്യോഗസ്ഥരെ നാസിക്കിലേക്ക് അയക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."