കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍ ക്ഷാമം, ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഒഴിവാക്കാനുള്ള തന്ത്രം
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയില്‍ നിലനില്‍ക്കുന്ന ഡ്രൈവര്‍ ക്ഷാമം ദീര്‍ഘ ദൂര സര്‍വിസുകളിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ (ഡി.സി) സംവിധാനം ഒഴിവാക്കാനുള്ള തന്ത്രമെന്ന് ആക്ഷേപം. ദീര്‍ഘദൂര സര്‍വിസുകളില്‍ അപകടങ്ങളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കിയത്.
തുടര്‍ച്ചയായി ഡ്രൈവര്‍മാര്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ട സാഹചര്യമായതിനാലാണ് അപകടം വര്‍ധിക്കുന്നതെന്ന് അന്നത്തെ കെ.എസ്.ആര്‍.ടി.സി എം.ഡിയായിരുന്ന രാജമാണിക്യം ഐ.എ.എസിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ദീര്‍ഘദൂര സര്‍വിസുകളടക്കം എട്ട് മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സര്‍വിസുകളുടെ കാറ്റഗറി അനുസരിച്ച് ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പിലാക്കിയത്.
ഡി.സി സംവിധാനം നിലവിലുള്ള ബസില്‍ പരസ്പരം മാറിമാറി ഡ്രൈവിങ് നടത്തിവരികയാണ് പതിവ്. ഇതാണ് ഡ്രൈവര്‍ ക്ഷാമത്തിന്റെ മറവില്‍ ഒരു ഡ്രൈവര്‍, ഒരു കണ്ടക്ടര്‍ സംവിധാനമാക്കി മാറ്റി ഉത്തരവിറക്കിയത്.
ഡ്രൈവര്‍ ക്ഷാമം വ്യാജമായി സൃഷ്ടിച്ച് ഉത്തരവ് പിന്‍വലിക്കാനുള്ള മിഡില്‍ മാനേജ്‌മെന്റ് ലോബി നടത്തുന്ന ശ്രമമാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഡ്രൈവര്‍ ക്ഷാമത്തിന്റെ പേരില്‍ പിരിച്ചുവിട്ട എം.പാനല്‍ ജീവനക്കാരെ കഴിഞ്ഞ ദിവസം തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടൊപ്പം തന്നെ ഇക്കഴിഞ്ഞ നാലാം തിയതിയാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഒഴിവാക്കാനും തീരുമാനിച്ചത്.
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ 40 ലധികം ദീര്‍ഘദൂര സര്‍വിസുകളിലാണ് ഡി.സി സംവിധാനം നടപ്പാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഡി.സി ഒഴിവാക്കാനുള്ള ഉത്തരവ് വന്നതോടെ കോഴിക്കോട്ടെ ഡി.സി നിലവിലുള്ള ഏഴ് സര്‍വിസ് ഒഴികെ മറ്റു ഡിപ്പോകളിലുള്ള ചില സര്‍വിസുകളും നിര്‍ത്തലാക്കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക യോഗത്തില്‍ കോഴിക്കോട്ടെ രണ്ട് സര്‍വിസുകളിലെ ഡി.സി സംവിധാനം 16-ാം തിയതിയോടെ നിര്‍ത്താലാക്കാനുള്ള നടപടിയുമായാണ് അധികൃതര്‍ മുന്നോട്ടു പോവുന്നത്. നിലവില്‍ കോഴിക്കോട് ഡ്രൈവര്‍ ക്ഷാമം ഇല്ലെന്നിരിക്കെയാണ് ഈ സംവിധാനം നിര്‍ത്തലാക്കുന്നത്. ഈ മാസം തന്നെ മുഴുവന്‍ സര്‍വിസുകളിലെയും ഡി.സി നിര്‍ത്തലാക്കാനുള്ള നടപടിയുമായാണ് അധികൃതര്‍ മുന്നോട്ടു പോകുന്നതെന്നാണ് പ്രാഥമിക വിവരം.
ഡി.സി സംവിധാനം നിലവില്‍ വരുന്നതിന് മുമ്പ് ദീര്‍ഘദൂര സര്‍വിസുകളിലെ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നത് പതിവായിരുന്നു. ഉറക്കം വരാതിരിക്കാന്‍ കാന്താരി മുളക് കഴിച്ചും, വിക്‌സ് കണ്ണില്‍പുരട്ടിയുമാണ് ബസ് ഓടിച്ചിരുന്നത്. ഡി.സി സംവിധാനം നിര്‍ത്തലാക്കുന്നതോടെ ഈ പതിവ് തുടരേണ്ട അവസ്ഥയാണ് ഡ്രൈവര്‍മാര്‍ക്കുള്ളത്. ഡി.സി ഒഴിവാക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സിയിലെ എല്ലാ യൂണിയനില്‍പെട്ട ഡ്രൈവര്‍മാരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംവിധാനവുമായി പൊരുത്തപ്പെട്ടു പോകുന്നതിനിടെ ഇത് ഒഴിവാക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഡ്രൈവര്‍മാരുടെ ക്ഷാമം വ്യാജ നിര്‍മിതിയാണെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തിയെങ്കിലും ഡി.സി സംവിധാനം നിര്‍ത്തലാക്കിയത് ഒഴിവാക്കണമെന്ന് യാത്രക്കാര്‍ സുപ്രഭാതത്തോട് പ്രതികരിച്ചു. ഡ്രൈവര്‍മാര്‍ മാറി വരുന്നത് തങ്ങള്‍ക്ക് ആശ്വാസമാണെന്നും യാത്രക്കാര്‍ പറഞ്ഞു.
ഒഴിവാക്കിയപ്പോള്‍ വീണ്ടും അപകടം; അതേ ബസ്
കോഴിക്കോട്: ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കിയത് കൊല്ലം കൊട്ടിയം ഇത്തിക്കരപാലത്തില്‍ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. താമരശേരിയില്‍നിന്നു തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസും എതിരേ വന്ന ചരക്കു ലോറിയുമായിരുന്നു 2018 ഓഗസ്റ്റ് 13 ന് നടന്ന അപകടത്തില്‍പെട്ടത്.
അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും, ചരക്കുലോറിയുടെ ഡ്രൈവറും മരിച്ചിരുന്നു. യാത്രക്കാര്‍ അന്നു പരുക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകട കാരണം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പിലാക്കിയത്. എന്നാല്‍ ഡ്രൈവര്‍ക്ഷാമത്തിന്റെ പേരില്‍ സംവിധാനം നിര്‍ത്തലാക്കി രണ്ട് ദിവസം കഴിഞ്ഞ് കഴിഞ്ഞ ബുധനാഴ്ച വീണ്ടും ഇതേ ബസ് അപകടത്തില്‍പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ 3.10ന് ആലപ്പുഴ ബസ് സ്റ്റാന്റിനു സമീപത്താണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയത് മൂലം ബസ്സ് ടിപ്പര്‍ ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."