ടി20 വനിതാ ലോകകപ്പ്: ഹര്‍മന്‍പ്രീത് മാജിക്കില്‍ ഇന്ത്യ
ഗയാന: ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ചുറിയുമായി തിളങ്ങിയ ടി20 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് ജയം. ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്റിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റെ തീരുമാനം ശരിയായിരുന്നെന്ന് തോന്നിക്കുന്നതായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. തുടക്കത്തിലെ പ്രഹരത്തിന് ശേഷം ഒത്തു ചേര്‍ന്ന ഹര്‍മന്‍ പ്രീത് കൗറും ജമീമ റോഡ്രിഗസുമാണ് ഇന്ത്യയുടെ സ്‌കോര്‍ മികച്ചതാക്കിയത്.
രണ്ടാം ഓവറില്‍ തന്നെ താനിയ ഭാട്ടിയയെ (ആറു പന്തില്‍ ഒന്‍പത്) ഇന്ത്യക്ക് നഷ്ടമായി. കിവീസ് ബൗളര്‍ താഹുഹു താരത്തിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളായ സ്മൃതി മന്ധാനയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. വെറും രണ്ട് റണ്‍സ് അക്കൗണ്ടിലുള്ളപ്പോള്‍ താഹുഹുവിന്റെ പന്തില്‍ തന്നെ സ്മൃതിയെ ജെന്‍സണ്‍ പിടിച്ചു പുറത്താക്കുകയായിരുന്നു.
അപ്പോഴും മറുവശത്ത് ഇന്ത്യയെ കരകയറ്റാനായി ജമീമ റോഡ്രിഗസ് നിലയുറപ്പിച്ച് കളിച്ചു. പിന്നീടെത്തിയ ഹേമലതയ്ക്കും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. റോഡ്രിഗസിനോടൊപ്പം ഇന്ത്യയെ കരകയറ്റാന്‍ ശ്രമിച്ച ഹേമലതയെ (ഏഴു പന്തില്‍ 15) കാസ്‌പെറാക് താഹുഹുവിന്റെ കൈകളിലെത്തിച്ചു. അപ്പോള്‍ മൂന്നിന് 40 റണ്‍സെന്ന ദയനീയനിലയിലായിരുന്നു ഇന്ത്യ.
തുടര്‍ന്നാണ് ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ കാവര്‍ക്കാരായി ജമീമ റോഡ്രിഗസും ഹര്‍മന്‍പ്രീത് കൗറും എത്തുന്നത്. ഇരുവരും ഒന്നിച്ചതോടെ പടുകുഴിയില്‍ വീഴുകയായിരുന്ന ഇന്ത്യ കുതിപ്പ് തുടങ്ങി. റോഡ്രിഗസായിരുന്നു ആദ്യം പ്രഹരം തുടര്‍ന്നത്. തുടര്‍ന്ന് പതിയെ ആക്രമണ ബാറ്റിങ് പുറത്തെടുത്ത ഹര്‍മന്‍പ്രീത് കൗറും കിവീസ് ബൗളര്‍മാരെ നോക്കുകുത്തിയാക്കി പന്ത് തലങ്ങും വിലങ്ങും പറത്തിയതോടെ ടീം സ്‌കോര്‍ 13.2 ഓവറില്‍ 100 കടന്നു. വീണ്ടും ആക്രമണച്ചുവയോടെ ഇരുവരും കിവീസ് ബൗളര്‍മാരെ നേരിട്ടതോടെ ഇന്ത്യന്‍ റണ്‍റേറ്റ് കുത്തനെ ഉയരാന്‍ തുടങ്ങി. ഇതിനിടെ ജമീമ റോഡ്രിഗസ് അര്‍ധ സെഞ്ചുറി കുറിക്കും മുമ്പ് തന്നെ ഹര്‍മന്‍ പ്രീത് കൗര്‍ അതിവേഗ അര്‍ധ ശതകം സ്വന്തമാക്കുകയും ചെയ്തു. 37 പന്തില്‍ നാല് സിക്‌സറുകളുടെയും മൂന്ന് ബൗണ്ടറിയുടെയും അകമ്പടിയോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അര്‍ധ ശതകം പിന്നിട്ടത്. പിന്നാലെ ജമീമയും അര്‍ധ സെഞ്ചുറിയുമായി തിളങ്ങി.
39 പന്തിലായിരുന്നു ജമീമ 50 കടന്നത്. വീണ്ടും ഇരുവരും ദയ കാണിക്കാതെ ബാറ്റേന്തിയെങ്കിലും മികച്ച കൂട്ടുകെട്ടിലേക്ക് പോവുകയായിരുന്ന ഇവരെ വാട്ട്കിനന്‍ വേര്‍പെടുത്തി. 45 പന്തില്‍ 59 റണ്‍സെടുത്ത ജമീമയാണ് ആദ്യം വീണത്. പക്ഷേ, അപ്പോഴും പോരാട്ടവീര്യം ചോരാതെ മികച്ച സ്‌കോര്‍ മുന്നില്‍ കണ്ട് ബാറ്റിങ് തുടര്‍ന്ന ഹര്‍മന്‍പ്രീത് വെടിക്കെട്ട് ബാറ്റിങുമായി കളം നിറഞ്ഞതോടെ താരത്തെ സെഞ്ചുറിയും തേടിയെത്തുകയായിരുന്നു. വെറും 49 പന്തിലായിരുന്നു താരത്തിന്റെ സെഞ്ചുറി നേട്ടം. ഏഴു ഫോറും എട്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഹര്‍മന്‍ പ്രീത് വിക്കറ്റ് കീപ്പര്‍ മാര്‍ട്ടിന്റെ കൈകളിലെത്തി പുറത്തായെങ്കിലും അപ്പോഴേക്കും ഇന്ത്യ 20 ഓവറില്‍ അഞ്ചിന് 194 റണ്‍സെന്ന മികച്ച ടോട്ടലിലേക്ക് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."