ഭിന്നശേഷിക്കാര്‍ക്കായുള്ള ബഡ്‌സ്, ബി.ആര്‍.സി കേന്ദ്രങ്ങളുടെ നിര്‍മാണം പാതിവഴിയില്‍
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കായുള്ള പുതിയ ബഡ്‌സ്, ബി.ആര്‍.സി കേന്ദ്രങ്ങളുടെ നിര്‍മാണം പാതിവഴിയില്‍. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും 148 ബഡ്‌സ് സ്‌കൂളും 52 ബി.ആര്‍.സി കേന്ദ്രങ്ങളും ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി.
എന്നാല്‍ പദ്ധതി പ്രതീക്ഷിച്ച പോലെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇതുവരെയും 15 ബഡ്‌സ് സ്‌കൂളുകളും എട്ടു ബി.ആര്‍.സി കേന്ദ്രങ്ങളുമാണു നിര്‍മിച്ചിട്ടുള്ളത്. സര്‍ക്കാരില്‍ നിന്ന് ആവശ്യമായ ഫണ്ട് ലഭിക്കാത്തതായിരുന്നു പദ്ധതി വൈകാന്‍ കാരണം.
എന്നാല്‍ ഇപ്പോള്‍ ബഡ്‌സ്, ബി.ആര്‍.സി കേന്ദ്രങ്ങള്‍ക്കുള്ള വികസനത്തിനായി കുടുംബശ്രീ വഴി ഓരോ പഞ്ചായത്തുകള്‍ക്കും 12.5 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ആരംഭിക്കുന്ന 18 ബഡ്‌സ്, ബി.ആര്‍.സി കേന്ദ്രങ്ങള്‍ക്കുമായി രണ്ടു കോടി 25 ലക്ഷം രൂപയും ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ക്കായി നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹികനീതി വകുപ്പ് തുടങ്ങിയവയില്‍ നിന്ന് ഫണ്ട് ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 31 ആകുമ്പോഴേക്കും പദ്ധതി പൂര്‍ത്തീകരിക്കാനാകും എന്നാണു പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. അതേസമയം, ഇപ്പോഴുള്ള ബഡ്‌സ്, ബി.ആര്‍.സി കേന്ദ്രങ്ങളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് അധ്യാപകരോ ആയമാരോ ഇല്ലെന്നാണു രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
കോഴിക്കോട് ചേളന്നൂര്‍ ഗ്രാമ പഞ്ചായത്തിനു കീഴില്‍ നിര്‍മിച്ച ബി.ആര്‍.സി പുതിയ കെട്ടിടത്തില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കു സഹായകരമാകുന്ന യൂറോപ്യന്‍ രീതിയിലുള്ള ശുചിമുറികള്‍ നിര്‍മിച്ചിട്ടില്ല. പകരം സാധാരണ രീതിയിലാണ് അവയുടെ നിര്‍മാണം നടന്നത്. ഇത്തരത്തില്‍ അശ്രദ്ധമായാണ് അധികൃതര്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ കാര്യങ്ങളില്‍ ഇടപെടുന്നതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. സാധാരണ കുട്ടികളോടൊത്ത് ഇടപഴകാന്‍ ഭിന്നശേഷി കുട്ടികള്‍ക്ക് അവസരമൊരുക്കണം. ബഡ്‌സ് സ്‌കൂള്‍ നിര്‍മാണം വേഗത്തിലാകണം. ബഡ്‌സ് സ്‌കൂളിനായി ഒറ്റപ്പെട്ട സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു പകരം സാധാരണ കുട്ടികളോട് ഇടപഴകാനുള്ള അവസരമുണ്ടാകുന്ന രീതിയില്‍ സാധാരണ സ്‌കൂളിനോടു ചേര്‍ന്ന് നിര്‍മിക്കാനുള്ള പദ്ധതികള്‍ കൂടെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."