ബാലവേല: ഹോട്ടലുകളില്‍ ഇനി മാസംതോറും മിന്നല്‍ പരിശോധന
മലപ്പുറം: ജില്ലയിലെ ഹോട്ടലുകളില്‍ ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെ 14 വയസില്‍ താഴെയുള്ള കുട്ടികളെകൊണ്ട് പണിയെടുപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ എല്ലാമാസവും വിവിധ വകുപ്പുകളുടെ സംയുക്ത മിന്നല്‍ പരിശോധന നടത്തും. ജില്ലാ ലേബര്‍ ഓഫിസ്, സാമൂഹികനീതി വകുപ്പ്, പൊലിസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ചൈല്‍ഡ് ലൈന്‍, സന്നദ്ധ സംഘടനയായ വേള്‍ഡ് വിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക.
പെരിന്തല്‍മണ്ണ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ സബ് കലക്ടര്‍ ജാഫര്‍ മാലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപന യോഗത്തിന്റേതാണ് തീരുമാനം. ഉയര്‍ന്ന വയസു കാണിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ബാലവേല ചെയ്യിപ്പിക്കുന്നതും 18 വയസില്‍ താഴെയുള്ള കുട്ടികളെ ചൂഷണത്തിനു വിധേയമാക്കുന്നതും പരിശോധിച്ച് നടപടിയെടുക്കും.
ബാല സംരക്ഷണത്തിനായി വിവധ വിഭാഗങ്ങളായ ജില്ലാ ലേബര്‍ ഓഫിസ്, സാമൂഹികനീതി വകുപ്പ്, പൊലിസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ചൈല്‍ഡ് ലൈന്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരും.
ജില്ലയിലെ ശിശു-ബാല സംരക്ഷണ- വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സബ്കലക്ടര്‍ പറഞ്ഞു. ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ചില്‍ഡ്രന്‍സ് ഹോമില്‍ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും. സ്‌കൂളുകള്‍ക്ക് സമീപം ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന് എക്‌സൈസ്- ആരോഗ്യ വകുപ്പുകള്‍ പരിശോധന ശക്തമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."