നെല്‍കൃഷി ഗവേഷണത്തിന് അനുവദിച്ച തുക ഗ്രാമീണ ശാസ്ത്രജ്ഞന് ലഭിച്ചില്ലെന്ന്
കല്‍പ്പറ്റ: സംസ്ഥാന പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വിയോണ്‍മെന്റ് നെല്‍കൃഷി ഗവേഷണത്തിനു അനുവദിച്ച തുക ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗ്രാമീണ ശാസ്ത്രജ്ഞനു ലഭിച്ചില്ല. നെല്‍കൃഷിയില്‍ കെട്ടിനാട്ടി രീതി വികസിപ്പിച്ച യുവകര്‍ഷകന്‍ അമ്പലവയല്‍ മാളിക കുന്നേല്‍ അജി തോമസിനു കൗണ്‍സില്‍ 2017 ഏപ്രിലില്‍ അനുവദിച്ച 2.7 ലക്ഷം രൂപയാണ് ഇനിയും കിട്ടാത്തത്. ഗവേഷണത്തില്‍ അജി തോമസിനു മാര്‍ഗനിര്‍ദേശം നല്‍കുന്ന അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രം മുഖേനയാണ് തുക നല്‍കേണ്ടത്. എന്നാല്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ തലപ്പത്തുള്ളവരുടെ ഉദാസീനത മൂലം തുക ഒന്നര വര്‍ഷമായിട്ടും ഗവേഷകന്റെ കൈകളില്‍ എത്തിയില്ല. 2007ല്‍ സംസ്ഥാനത്തെ മികച്ച പ്രാദേശിക ഗവേഷകനായി അജി തോമസിനെ കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വിയോണ്‍മെന്റ് തെരഞ്ഞെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് കെട്ടിനാട്ടി കൃഷിരീതി കൂടുതല്‍ ഗവേഷണം നടത്തി പരിഷ്‌കരിക്കുന്നതിനു തുക അനുവദിച്ചത്. 2013-14ല്‍ അജി തോമസ് വികസിപ്പിച്ചതാണ് വളങ്ങള്‍ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന മാധ്യമത്തില്‍ മുളപ്പിച്ച നെല്‍വത്തുകള്‍ വേരുപിടിപ്പിച്ച് നാട്ടുന്ന കെട്ടിനാട്ടി രീതി. ഈര്‍പ്പവും നേര്‍മയുമുള്ള പഴയ ചാണകം, കുളിമാവിന്റെ പശ, പഞ്ചഗവ്യം, ചുണ്ണാമ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്നതാണ് വിത്തുകള്‍ മുളപ്പിക്കാനുപയോഗിക്കുന്ന വളമാധ്യമം. കൂലിച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ഉത്പാദനം ലഭിക്കുന്നതിനും സഹായകമായ കെട്ടിനാട്ടി രീതിയില്‍ ഒരു ഏക്കറില്‍ നെല്‍കൃഷിക്ക് 2.4 കിലോഗ്രാം വിത്താണ് ആവശ്യം. പരമ്പരാഗത രീതിയില്‍ ഒരേക്കറില്‍ നെല്‍കൃഷിക്ക് 30-40 കിലോ നെല്‍വിത്ത് വേണം. ഞാറ് പറിച്ചുനടുന്നതിനു കുറഞ്ഞത് 20 പേരുടെ അധ്വാനവും വേണം. കെട്ടിനാട്ടി രീതിയില്‍ വളമാധ്യമത്തില്‍ നിക്ഷേപിക്കുന്ന വിത്തുകള്‍ ഏഴാം ദിവസം നടാന്‍ പാകമാകും. ഒരു ഏക്കറിലേക്കു ആവശ്യമായ വിത്തുകള്‍ വളമാധ്യമത്തില്‍ നിക്ഷേപിക്കുന്നതിനു രണ്ടും പാടത്ത് നടുന്നതിനു മൂന്നും ആളുകളുടെ അധ്വാനം ധാരാളമാണ്. കെട്ടിനാട്ടി രീതിയില്‍ മുളപ്പിച്ച വിത്തുകള്‍ക്ക് പാടത്ത് 25 സെന്റീമീറ്റര്‍ അകലമിട്ടാണ് നടുന്നത്. കൃഷിക്കായി ഞാറ്റടി തയാറാക്കേണ്ടതില്ല. പാടത്ത് കോണോവീഡര്‍ ഉപയോഗിക്കാനുമാകും. പ്രാരംഭഘട്ടത്തില്‍ വളമാധ്യമത്തില്‍ വളരുന്നതിനാല്‍ ചെടിയില്‍ കൂടുതല്‍ ചിനപ്പും ഉണ്ടാകും. ഒരു ചെടിയില്‍ 100 വരെ ചിനപ്പുകള്‍ ഉണ്ടാകുന്നുണ്ടെന്നു കേണിച്ചിറ പുഴയ്ക്കലില്‍ അര ഏക്കറില്‍ കെട്ടിനാട്ടി രീതിയില്‍ കൃഷിയിറക്കിയ പൂതാടി പുലിക്കുന്നേല്‍ സുരേന്ദ്രന്‍ പറഞ്ഞു. നടുന്ന ഓരോ ചെടിയും സൂര്യാഭിമുഖമായി വളരുമെന്നതും കെട്ടിനാട്ടിയുടെ പ്രത്യേകതയാണ്. ഈ കൃഷിമുറയില്‍ ചുവടുറപ്പും കുറ്റിബലവും കൂടുന്നതുമൂലം നെല്‍ച്ചെടികള്‍ പൂവിടുന്ന സമയം കതിരുകള്‍ നിവര്‍ന്നുനില്‍ക്കും. അതിനാല്‍ത്തന്നെ പുലര്‍കാലത്ത് മഞ്ഞില്‍ പൂമ്പൊടികള്‍ പൂര്‍ണമായും ഒഴുകിയിറങ്ങി പൂര്‍ണമായ പരാഗണം നടക്കും. ഇത് പരമ്പരാഗത രീതിയെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിളവ് ലഭിക്കുന്നതിനു ഉതകും. കൗണ്‍സില്‍ അനുവദിച്ച തുക ലഭിച്ചില്ലെങ്കിലും സംസ്ഥാനത്തെ കര്‍ഷകരുടെ പിന്തുണയോടെ കെട്ടിനാട്ടി കൃഷിരീതിയില്‍ ഗവേഷണം തുടരുകയാണെന്നു അജി തോമസ് പറഞ്ഞു. ഈ വര്‍ഷം ജില്ലയില്‍ കേണിച്ചിറ നെന്മേനി, മാടക്കര, മീനങ്ങാടി താഴത്തുവയല്‍, കൂടോത്തുമ്മല്‍ തുടങ്ങിയ സ്ഥലങ്ങളിലായി കര്‍ഷകര്‍ ഏകദേശം 35 ഏക്കറില്‍ കെട്ടിനാട്ടി രീതിയില്‍ നെല്‍കൃഷി നടത്തുന്നുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ 2008ലെ ഫാര്‍മേഴ്‌സ് സയന്റിസ്റ്റ് അവാര്‍ഡ് ജേതാവുമാണ് അജി തോമസ്. റബര്‍ ടാപ്പിങ് എളുപ്പത്തിലും ലളിതമായും സാധ്യമാക്കുന്ന ഉപകരണം കണ്ടുപിടിച്ചതിനായിരുന്നു പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."