വീടിന്റെ താക്കോല്‍ കൈമാറി; ആഹ്ലാദത്തില്‍ രാജേന്ദ്രനും കുടുംബവും
കൊല്ലം: സ്വപ്നം കണ്ട വീട് പ്രതീക്ഷിച്ചതിലും നേരത്തെ സ്വന്തമായതിന്റെ സന്തോഷത്തിലാണ് മണ്‍ട്രോതുരുത്ത് നെറോനി ഉത്രാടത്തില്‍ രാജേന്ദ്രനും ഭാര്യ ഉഷയും. സംസ്ഥാനത്തെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് മാതൃകയായി അതിവേഗ ഭവന നിര്‍മാണ പദ്ധതിയായ ബാക്ക് ടൂ ഹോമിലെ ആദ്യ വീടിന്റെ താക്കോല്‍ ഇന്നലെ വൈകുന്നേരം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ ടി.കെ.എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹാല്‍ ഹസല്‍ മുസിലിയാര്‍ രാജേന്ദ്രന് കൈമാറി. ഗാന്ധിജയന്തി ദിനത്തില്‍ കട്ടിള വയ്പ്പ് നടത്തിയ വീടിന്റെ നിര്‍മാണം കേവലം 28 ദിവസംകൊണ്ടാണ് പൂര്‍ത്തിയായത്. ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ വീടു തകര്‍ന്ന രാജേന്ദ്രനും കുടുംബത്തിനും കരിക്കോട് ടി.കെ.എം എന്‍ജിനീയറിംഗ് കോളജാണ് പ്രത്യേകം രൂപകല്പന ചെയ്ത പ്രീ ഫാബ്രിക്കേറ്റഡ്പ്രീ സ്‌ട്രെസ്ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീട് നിര്‍മിച്ചു നല്‍കിയത്. രണ്ടു കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും ശുചിമുറിയും ഉള്‍പ്പെടെ 550 അടി വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മാണത്തിനായി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ഏഴു ലക്ഷം രൂപയാണ് വിനിയോഗിച്ചത്. സംസ്ഥാനത്തെ പുനര്‍നിര്‍മാണ പ്രക്രിയയ്ക്ക് മാതൃകയാക്കാവുന്ന സാങ്കേതിക വിദ്യയാണ് ടി.കെ.എം കോളജ് വികസിപ്പിച്ചതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി പറഞ്ഞു. മണ്‍ട്രോതുരുത്ത് പഞ്ചായത്തില്‍ മാത്രം മൂന്നു വീടുകള്‍ നിര്‍മിക്കാനുള്ള ടി.കെ.എം ട്രസ്റ്റിന്റെ തീരുമാനത്തെ മന്ത്രി അഭിനന്ദിച്ചു. കൊല്ലത്തും പത്തനംതിട്ടയിലുമായി 10 വീടുകള്‍ കൂടി പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ നിര്‍മിക്കുമെന്ന് ടി.കെ.എം കോളജ് പ്രിന്‍സിപ്പല്‍ എസ്. അയൂബ് പറഞ്ഞു. ടി.കെ.എം ട്രസ്റ്റ് ട്രഷറര്‍ ജലാലുദീന്‍ മുസലിയാര്‍, മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രളയ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികളായ അനീഷ് ജോണ്‍, ജോയ് ആന്റണി, ബെന്‍ ജയിംസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."