സിയാദ് കൊലക്കേസ്: ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റില്‍
കൊല്ലം: ചിന്നക്കടയിലെ ഓട്ടോ ഡ്രൈവര്‍ സിയാദിനെ അര്‍ധരാത്രി നഗര മധ്യത്തില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കീഴടങ്ങാന്‍ ശ്രമിക്കുന്നിതിനിടെയാണ് പ്രതി പോലിസ് പിടിയിലായത്. ഇരവിപുരം ചകിരിക്കട അനുഗ്രഹ നഗര്‍-86 ദാറുല്‍ നിഹാലില്‍ നിസാമുദീനെയാണ് (41) കഴിഞ്ഞ ദിവസം രാത്രി പൊലിസ് പിടികൂടിയത്.
സംഭവശേഷം മാസങ്ങളായി കേരളത്തിന് പുറത്ത് ഒളിവിലായിരുന്ന പ്രതി നഗരത്തിലെ പ്രമുഖ ക്രിമിനില്‍ അഭിഭാഷകന്‍ മുഖേന പൊലിസുമായി ധാരണ ഉണ്ടാക്കി കീഴടങ്ങാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇന്നലെ രാവിലെ കീഴടങ്ങാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും പോലിസ് വ്യാഴാഴ്ച രാത്രി അയത്തില്‍ ജങ്ഷന് സമീപത്തെ നിസാമുദീന്റെ ഒരു ബന്ധുവീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ ഇരവിപുരത്തെ നിസാമുദീന്റെ വീട്ടില്‍ പ്രതി എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്‌റ്റെന്നാണ് കൊല്ലം ഈസ്റ്റ് പൊലിസ് പറയുന്നത്. ബീച്ച് നോര്‍ത്ത് ചന്ദനയഴികം പുരയിടത്തില്‍ സിയാദ് (32) കഴിഞ്ഞ സെപ്തംബര്‍ 16ന് അര്‍ധരാത്രിയാണ് കൊല്ലപ്പെട്ടത്. സിയാദിന് നിസാമുദ്ദീന്റെ ഭാര്യയുമായി ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്ന അടുപ്പത്തിന്റെ പേരിലാണ് സിയാദ് കൊല്ലപ്പെട്ടത്. നിസാമുദ്ദീന്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലിസ് പറയുന്നത്. നേരത്തെ നാല് പ്രതികള്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടെ പൊലിസ് വഞ്ചിയൂര്‍ കോടതി പരിസരത്ത് നിന്ന് പിടികൂടിയിരുന്നു. കൊല്ലം വെസ്റ്റ് വലിയകട ജെആര്‍എ 35 നൗഷാദ് മന്‍സിലില്‍ ഷെഫീക്ക് (20), അനുജന്‍ ഷെമീര്‍ (19), പള്ളിത്തോട്ടം മുടിശേരിപ്പുരയില്‍ നിജാസ് (ഇജാസ്- 26), ജോനകപ്പുറം നൗഷാദ് മന്‍സിലില്‍ നഹാസ് (23) എന്നിവരാണു നേരത്തെ അറസ്റ്റിലായത്. കൃത്യത്തില്‍ പങ്കെടുത്ത നൗഷര്‍ എന്ന മറ്റൊരു പ്രതി വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."