റിയോയില്‍ ദീപം തെളിയാന്‍ മണിക്കൂറുകള്‍ മാത്രം
റിയോ ഡി ജനീറോ: കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് റിയോയില്‍ നാളെ ഒളിംപിക്സിന് കൊടിയേറും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 4.30ന് ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ രാജ്യം കടന്നു പോകുമ്പോള്‍ നടക്കുന്ന ഒളിംപിക്സെന്ന അപഖ്യാതിയുമായാണ് റിയോയില്‍ വിശ്വകായിക മാമാങ്കത്തിന് അരങ്ങുണരുന്നത്. അതുകൊണ്ടുതന്നെ ഒളിംപിക്സിനെതിരേ രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധവും അലയടിക്കുന്നുണ്ട്.
ലോകപ്രശസ്ത ബ്രസീലിയന്‍ സിനിമയായ സിറ്റി ഓഫ് ഗോഡിന്റെ സംവിധായകന് ഫെര്‍ണാണ്ടോ മെയ്റെല്ലെസും നിര്‍മാതാവ് ഡാനിയേല തോമസുമാണ് ഉദ്ഘാടന ചടങ്ങിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍. 206 രാഷ്ട്രങ്ങളില്‍ നിന്നായി 11,000ത്തോളം അത്ലറ്റുകളാണ് റിയോയില്‍ മാറ്റുരയ്ക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ബ്രസീലിലെ പ്രശസ്ത മോഡലുകളും നര്‍ത്തകരും പങ്കെടുക്കുന്ന കലാവിരുന്നുമുണ്ടാകും. 75,000 കാണികള്‍ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തും. 28 മത്സരയിനങ്ങളാണ് ഒളിംപിക്സിനുണ്ടാവുക. സാവോപോളോ, ബെലോ ഹൊറിസോണ്ടെ, സാല്‍വദോര്‍, ബ്രസീലിയ, മനൗസ് എന്നിവയാണ് ഒളിംപിക് വേദികള്‍.
റിയോ ഒളിംപിക്സിന്റെ ദീപം തെളിയിക്കുന്നത് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയാണ്. തനിക്ക് സംഘാടകരില്‍ നിന്നു ക്ഷണം ലഭിച്ചതായി പെലെ വ്യക്തമാക്കി. എന്നാല്‍ പെലെയുടെ അമേരിക്കന്‍ സ്പോണ്സര്മാരില് നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ അദ്ദേഹത്തിന് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ബ്രിട്ടീഷ് അഭിനേത്രിയും ജെയിംസ് ബോണ്ട് ചിത്രത്തിലൂടെ പ്രശസ്തയുമായ ജൂഡി ഡെഞ്ച് ചടങ്ങില്‍ ബ്രസീലിയന്‍ കവി കാര്‍ലോസ് ഡ്രമണ്ട് ഡി ആന്ദ്രാദെയുടെ പ്രസിദ്ധമായ കവിത വായിക്കും. അടിമത്വത്തില്‍ നിന്നും കോളനിവാഴ്ചയില്‍ നിന്നുമുള്ള ബ്രസീലിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ചടങ്ങിലെ മുഖ്യആകര്ഷണങ്ങളിലൊന്നാകും. ആമസോണിനെ കുറിച്ചുള്ള മറ്റൊരു പരിപാടിയും ഇതിനൊപ്പമുണ്ടാകും. കാണികളോട് വ്യത്യസ്തരീതിയിലുള്ള ശബ്ദങ്ങള്‍ ഈ പരിപാടിക്കിടെ പുറപ്പെടുവിക്കാനും സംഘാടകര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. മറ്റൊന്ന് പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ചടങ്ങാണ്.
ഇതില്‍ ആഗോള താപനത്തെയും ഹിമപ്രദേശം വെന്തുരുകുന്നതും ദൃശ്യങ്ങളിലൂടെ പ്രതിപാദിക്കും. ഒളിംപിക്സില്‍ പങ്കെടുക്കുന്ന എല്ലാ താരങ്ങള്‍ക്കും പ്രത്യേക വൃക്ഷത്തൈകള്‍ സംഘാടകസമിതി സമ്മാനിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഇവ ഒളിംപിക്സിനു ശേഷം നട്ടുപിടിപ്പിക്കും.
കഴിഞ്ഞ രണ്ട് ഒളിംപിക്സിലെ പോലെ ആഡംബരരീതിയിലുള്ള ഉദ്ഘാടന ചടങ്ങായിരിക്കില്ല റിയോയിലേതെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മാര്‍കോ ബലൂച്ച് വ്യക്തമാക്കി. ബെയ്ജിങിലെ പോലെ ആഡംബരമോ ഏഥന്‍സിനെ പോലെ സ്പെഷല്‍ ഇഫക്ടുകളോ ലണ്ടനിലെ പോലെ ടെക്നോളജിയില്‍ മുങ്ങിക്കുളിച്ച ചടങ്ങോ റിയോയിലുണ്ടാവില്ല.
പക്ഷേ ഏവരെയും ആകര്‍ഷിക്കുന്ന പുതുമനിറഞ്ഞ നാളെയുടെ പ്രതീക്ഷാകിരണങ്ങളാകുന്ന ചടങ്ങായിരിക്കും ഇതെന്നു ബലൂച്ച് കൂട്ടിച്ചേര്‍ത്തു. ലണ്ടന്‍ ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിന് ചെലവഴിച്ച തുകയായ 4.20 കോടി യു.എസ് ഡോളറിന്റെ പകുതിയില്‍ താഴെയെ റിയോയില്‍ ഉപയോഗിക്കുന്നുള്ളൂ. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉദ്ഘാടന ചടങ്ങുകളുടെ ധൂര്‍ത്ത് കുറയ്ക്കാന്‍ ബ്രസീലിനെ പ്രേരിപ്പിച്ചത്.
ഉദ്ഘാടന ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായ ദീപശിഖാ ജ്വലനം പതിഞ്ഞ രീതിയിലായിരിക്കുമെന്ന് അഭ്യൂഹമുണ്ട്. സ്റ്റേഡിയത്തിനുള്ളില്‍ മാത്രം കാണുന്ന രീതിയിലാവും ഇതിന്റെ സ്ഥാനം. മുന്‍കാലങ്ങളില്‍ കിലോമീറ്ററുകളോളം ദൂരെ കാണാവുന്ന രീതിയിലായിരുന്നു ദീപശിഖാ ജ്വലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."