കൊണ്ടോട്ടിയില്‍ പകര്‍ച്ചവ്യാധി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു
കൊണ്ടോട്ടി: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നുമുതല്‍ നഗരസഭയിലെ മുഴുവന്‍ വീടുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നും നാളെയും മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആശാ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും വീടുകളിലെത്തി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ലഘുലേഖ വിതരണവും നടത്തും. രണ്ടു ദിവസങ്ങളിലും, കൊണ്ടോട്ടി ടൗണില്‍ വൈകിട്ട് കൊതുകു നിയന്ത്രണത്തിന് ഫോഗിങും നടത്തും. ഈ സമയത്ത് പൊതു ജനങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ അടച്ചുവയ്ക്കണമെന്നും, കുട്ടികള്‍, ഗര്‍ഭിണികള്‍, അലര്‍ജി,ആസ്ത്മ രോഗികള്‍ പുകയേല്‍ക്കാതെ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്താനും തീരുമാനമായി.
വ്യാഴാഴ്ചകളില്‍ സ്കൂളുകളിലും വെള്ളിയാഴ്ച മറ്റു സ്ഥാപനങ്ങളിലും. ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും. നാഷണല്‍ സര്‍വിസ് സ്കീം വളണ്ടിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും. കൊതുക് വളരുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന വീട്ടുകാര്‍ക്കും സ്ഥാപന ഉടമകള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കും. സ്കൂളുകളില്‍ സ്പെഷ്യല്‍ അസംബ്ലി വിളിച്ചുചേര്‍ക്കും.
ഇതര സംസ്ഥാന തൊഴിലാളികളുടെ സ്ക്രീനിങും, ജല സ്രോതസുകളുടെ ക്ലോറിനേഷനും 30 നകം പൂര്‍ത്തിയാക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഡോക്സി സൈക്ലിന്‍ വിതരണം ചെയ്യും. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി പരിസ്ഥിതി സൗഹൃദവസ്തുക്കളേ ഉപയോഗിക്കൂ. അജൈവ പാഴ് വസ്തുക്കള്‍ ശേഖരിച്ച് റീ സൈക്കിളിങിനായി നല്‍കുന്നത പദ്ധതി വിപുലപ്പെടുത്താനും തീരുമാനിച്ചു.
മോയിന്‍ കുട്ടി വൈദ്യര് സ്മാരകത്തില്‍ നടന്ന യോഗം നഗരസഭ ചെയര്മാന് സി.കെ നാടിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ കെ.നഫീസ അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.പി ദിനേശ് പ്രവര്‍ത്തനം വിശദീകരിച്ചു. എ.മുഹമ്മദ് ഷാ മാസ്റ്റര്‍, അഡ്വ.കെ.കെ സമദ്, കെ.സൗദാമിനി, ഡോ.സി.സുരേഷ് ബാബു, ടെക്നിക്കല്‍ അസിസ്റ്റന്റ് വേലായുധന്, യു.കെ മമ്മദിശ, പി.എ അഹമ്മദ് കബീര്‍, പോക്കര് ഹാജി,ക.അബ്ദുല്‍ സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."