പെരിങ്ങമ്മലയിലെ മാലിന്യപ്ലാന്റ് പദ്ധതിക്ക് പിന്നാലെ ആശുപത്രി മാലിന്യ സംസ്‌കരണ പദ്ധതിയും നടപ്പാക്കും
സാറ മുഹമ്മദ്
നെടുമങ്ങാട് : ലോകത്ത് അവശേഷിക്കുന്ന അപൂര്‍വ ജൈവവൈവിധ്യ മേഖലയായ അഗസ്ത്യാര്‍ വന താഴ്‌വരയില്‍ മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തകൃതി. ജനകീയ പ്രതിഷേധങ്ങള്‍ക്കിടയില്‍ പെരിങ്ങമ്മലയിലെ മാലിന്യ പ്ലാന്റിന് പിന്നാലെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിനും ശ്രമം ഊര്‍ജിതം. ഇതിന്റെ ഭാഗമാണ് ഓട് ചുട്ട പടുക്കയിലെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് പദ്ധതിയില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി പറഞ്ഞത്. നേരത്തെ പെരിങ്ങമ്മല പഞ്ചായത്തിലെ അഗസ്ത്യാര്‍ വന താഴ്‌വരയില്‍ ഓട് ചുട്ട പടുക്കയില്‍ ആശുപത്രി മാലിന്യ സംസ്‌കരണത്തിന് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഐ.എം.എ. പദ്ധതിയില്‍ നിന്നു പിന്‍മാറിയിരുന്നു. എന്നാല്‍ പിന്മാറ്റം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇവിടെ സമരം നടക്കുന്നതിനിടയിലാണ് തൊട്ടടുത്ത പ്രദേശമായ ഒരു പറയില്‍ ഖര മാലിന്യത്തില്‍ നിന്നു വൈദ്യുതി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വന്നത്. ജില്ലാ കൃഷി തോട്ടമായ അഗ്രി ഫാമില്‍ അഗസ്ത്യാര്‍വന താഴവരയില്‍ ചിറ്റാര്‍ നദിക്കരയില്‍ പതിനഞ്ച് ഏക്കര്‍ സ്ഥലമാണ് ഇതിന് കണ്ടുവച്ചിരിക്കുന്നത്. ഇതിനെതിരേ നാട്ടുകാരും ആദിവാസികളും ആരംഭിച്ച ജനകീയ സമരം പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുത്തിരുന്നു. പെരിങ്ങമ്മല പഞ്ചായത്തു ഭരിക്കുന്ന സി.പി.എം, സി.പി.ഐ പാര്‍ട്ടികളൊഴികെയുള്ളവര്‍ ഇപ്പോഴും സമര മുഖത്താണ്. ഐ.എം.എ പ്ലാന്റ് വരുന്നു എന്നറിഞ്ഞു സമരം ആരംഭിച്ചപ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ പെരിങ്ങമ്മല പഞ്ചായത്ത് ഒരുമിച്ചു നിന്നാണ് സമരം ചെയ്തത്. പഞ്ചായത്ത് അടിയന്തര പ്രമേയം പാസാക്കുകയും മറ്റും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് മാലിന്യ പ്ലാന്റ് വരുന്നു എന്നും ഇതിന്റെ ഒന്നാം ഘട്ടമെന്ന നിലയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് പ്രാരംഭ ജോലികള്‍ തീര്‍ന്നതായി കഴിഞ്ഞ ആഴ്ച ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ് സുല്‍ഫിക്ക് ചീഫ് സെക്രട്ടറി നല്‍കിയ വിവരാവകാശ മറുപടിയില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഏഴു മാലിന്യ പ്ലാന്റുകളില്‍ തിരുവനന്തപുരം ജില്ലയില്‍ പെരിങ്ങമ്മല പഞ്ചായത്തില്‍ നിര്‍ദിഷ്ട പ്രദേശത്തു തന്നെയാണ് എന്ന് വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഈ മാലിന്യ പ്ലാന്റ് യാഥാര്‍ഥ്യമായാല്‍ ഐ.എം.എയുടെ ബയോ മെഡിക്കല്‍ മാലിന്യ പ്ലാന്റും ഓട് ചുട്ട പടുക്കയില്‍ കൊണ്ടുവരാനാണ് ശ്രമം എന്നറിയുന്നു. ഓട് ചുട്ട പടുക്കയിലെ ബയോ മെഡിക്കല്‍ മാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും തുടര്‍നടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് ഐ.എം.എ സെക്രട്ടറി ഡോ. സുല്‍ഫി മാധ്യമങ്ങളോട് പറഞ്ഞത്. ആവശ്യം മനസിലാക്കി രണ്ടു ജില്ലകളിലായി ഒരു ബയോ മെഡിക്കല്‍ മാലിന്യ പ്ലാന്റ് എന്ന നിലയില്‍ തുടങ്ങാനാണ് ഐ.എം.എയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."