ജി. പരമേശ്വരയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പരമേശ്വരയുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളിലാണ് ഇന്നലെ മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടന്നത്. രാവിലെ ആറരയോടെ ആരംഭിച്ച റെയ്ഡില്‍ 80ഓളം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ദേശീയതലത്തിലുള്ള മെഡിക്കല്‍ പ്രവേശനപ്പരീക്ഷയായ നീറ്റില്‍ ആള്‍മാറാട്ടം നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍ കേന്ദ്രമന്ത്രി ആര്‍.എല്‍ ജാലപ്പയുടെ കോലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥാപനങ്ങളിലും വസതിയിലും ഇതോടൊപ്പം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്. അതേസമയം, റെയ്ഡിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. റെയ്ഡുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നും എതിരാളികളെ ഔദ്യോഗിക ഏജന്‍സികളെ ഉപയോഗിച്ചു വേട്ടയാടുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, റെയ്ഡിനെ കുറിച്ച് അറിയില്ലെന്ന് പരമേശ്വര പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."