'കള്ളന്‍മാര്‍ക്കെല്ലാം പേര് മോദി' പരാമര്‍ശം തെറ്റാണെന്ന് കരുതുന്നില്ലെന്ന് രാഹുല്‍
സൂറത്ത്: എല്ലാ കള്ളന്‍മാരുടെയും കുടുംബനാമം മോദി എന്നാണെന്ന പരാമര്‍ശത്തിനെതിരെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂറത്തിലെ കോടതിയില്‍ ഹാജരായി. താന്‍ കുറ്റക്കാരനല്ലെന്നും അപകീര്‍ത്തികരമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു. പരാമര്‍ശത്തില്‍ ഉറച്ചുനിന്ന രാഹുല്‍, കള്ളന്‍മാര്‍ക്കെല്ലാം പേര് മോദിയാണെന്ന പരാമര്‍ശം തെറ്റാണെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി. മോദിയുടെ കുടുംബപ്പേര് എല്ലാ കള്ളന്മാരും പങ്കിട്ടുവെന്നാണ് പ്രസംഗിച്ചത്. അതില്‍ എന്താണ് തെറ്റെന്നും രാഹുല്‍ ചോദിച്ചു.
വരുംദിവസങ്ങളില്‍ കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. തന്നെ കുറ്റവിമുക്തനാക്കണമെന്നും തുടര്‍നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും രാഹുല്‍ അപേക്ഷിച്ചു. കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യത്തില്‍ തീരുമാനം എടുക്കുന്നതിനായി കേസ് ഡിസംബര്‍ പത്തിലേക്കു മാറ്റി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റാഫേല്‍ അഴിമതിയില്‍ ആരോപണവിധേയനായ പ്രധാനമന്ത്രി നരേന്ദ്ര മോദി, സാമ്പത്തിക കുറ്റവാളികളായ ലളിത് മോദി, നീരവ് മോദി എന്നിവരുടെ പേരുകള്‍ സൂചിപ്പിച്ച് എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദിയുണ്ടെന്നും ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാനാവില്ലെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രസംഗം മോദി എന്നു പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൂര്‍ണേഷ് മോദി പരാതി നല്‍കിയത്. ഇതേ പരാമര്‍ശത്തിന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ പട്‌ന കോടതി രാഹുലിന് നേരത്തെ ജാമ്യം നല്‍കിയിരുന്നു.
അതേസമയം, ഇന്നലെ രാഹുലിന് ഐക്യദാര്‍ഢ്യം അറിയിച്ച് നൂറുകണക്കിന് പ്രവര്‍ത്തകരാണ് കോടതി പരിരസരത്തെത്തിയത്. തന്നെ നിശബ്ദനാക്കുക എന്ന ഉദ്ദേശത്തോടെയാണ് കേസ് കൊടുത്തതെന്നും പിന്തുണ നല്‍കിയവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."