ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; മേധാവിത്തമുറപ്പിച്ച് മാക്രോണ്‍
പാരിസ്: ഫ്രഞ്ച് പാര്‍ലമെന്റിലും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മേധാവിത്വം ഉറപ്പിച്ചു. പരമ്പരാഗത മുഖ്യധാരാ പാര്‍ട്ടികളെയെല്ലാം തൂത്തെറിഞ്ഞാണ് ഒരുവര്‍ഷം മാത്രം പ്രായമുള്ള റിപബ്ലിക് എന്‍ മാര്‍ഷെ(ആര്‍.ഇ.എം) പാര്‍ട്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയത്. 97 ശതമാനം വോട്ടോടെ 308 സീറ്റാണ് പാര്‍ട്ടി തൂത്തുവാരിയത്. മൂവ്‌മെന്റ് ഡെമോക്രാറ്റി(മോഡെം)ന്റെ 42 സീറ്റുകളടക്കം ആര്‍.ഇ.എം സഖ്യം 350 സീറ്റ് സ്വന്തമാക്കി.
577 അംഗ പാര്‍ലമെന്റില്‍ 289 സീറ്റാണ് ഭൂരിപക്ഷം നേടാന്‍ വേണ്ടത്. മറ്റു കക്ഷിനില: കണ്‍സര്‍വേറ്റിവ് റിപബ്ലിക്കന്‍ പാര്‍ട്ടി സഖ്യം(136), സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യം(45), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഖ്യം(27), നാഷനല്‍ ഫ്രണ്ട് (എട്ട്), മറ്റുള്ളവര്‍ (10). കണ്‍സര്‍വേറ്റിവുകള്‍ക്ക് സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രതിപക്ഷ മുന്നണി രൂപീകരിക്കാം. കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യം ഭരിച്ച ഫ്രാന്‍സെ ഹോളാന്ദെയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ദയനീയ പരാജയം ഏറ്റുവാങ്ങിയത്. സഖ്യകക്ഷികളുമായി ചേര്‍ന്നിട്ടും അവര്‍ക്ക് 50 സീറ്റ് പോലും തികക്കാനായില്ല. തീവ്ര വലതുപക്ഷ കക്ഷികളായ മരിന്‍ ലെ പെന്നിന്റെ നാഷനല്‍ ഫ്രണ്ടിന് പ്രതീക്ഷിച്ച 15 സീറ്റ് നേടാനായില്ല. അതേസമയം, മരിന്‍ ഹെനിന്‍ ബോമോന്‍ില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഒന്നാംഘട്ടംപോലെ രണ്ടാംഘട്ടത്തിലും കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്, 42.64 ശതമാനം. 2012ലേതിനെക്കാള്‍ വളരെ കുറവാണിത്. വോട്ടിങ് ശതമാനത്തിലെ ഇടിവ് അംഗീകരിച്ച പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് ഫ്രാന്‍സിന്റെ മൊത്തം നന്മക്കായി പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു.
നേരത്തെ എക്‌സിറ്റ്‌പോള്‍, സര്‍വേ ഫലങ്ങള്‍ പ്രവചിച്ച അത്രവിജയം നേടാനായില്ലെങ്കിലും ആര്‍.ഇ.എമ്മിനിത് ഞെട്ടിക്കുന്ന വിജയം തന്നെയാണ്. രാഷ്ട്രീയ പരിചയം തീരെയില്ലാത്തവരാണ് ആര്‍.ഇ.എം പാര്‍ലമെന്റ് അംഗങ്ങളില്‍ പകുതിയിലേറെ പേരുമെന്നതാണ് കൗതുകകരം. മെയ് 14ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി ജയം നേടി ചരിത്രമെഴുതിയ മാക്രോണിന് ആശ്വാസത്തിലുമപ്പുറം ഭൂരിപക്ഷം പാര്‍ലമെന്റില്‍ ലഭിച്ചിരിക്കുന്നു.
ഫ്രാന്‍സില്‍ പ്രസിഡന്റിന് സ്വന്തം നയനിലപാടുകള്‍ നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ആവശ്യമാണ്. ഈയൊരു കടമ്പയാണ് 39കാരനായ മാക്രോണ്‍ കടന്നിരിക്കുന്നത്. യൂറോപ്യന്‍ യൂനിയന്‍ അനുകൂലിയും മിതവാദി നേതാവുമായ മാക്രോണ്‍ വ്യാവസായിക-വാണിജ്യ-സംരംഭകത്വ സൗഹൃദപരമായ പരിഷ്‌കരണമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഫ്രഞ്ച് ജനതയ്ക്ക് വാഗ്ദാനം ചെയ്തത്. അതിനുപുറമെ ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലിനോടൊപ്പം ചേര്‍ന്ന് വലതുപക്ഷ രാഷ്ട്രീയത്തിനെതിരേയുള്ള പടിഞ്ഞാറിന്റെ ശക്തമായ ശബ്ദമാകാനും അദ്ദേഹത്തിനാകുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."