ജില്ലാ പഞ്ചായത്ത് നിര്‍മിച്ചു നല്കിയ കിണറിലെ വെള്ളം ഉപയോഗശൂന്യമെന്ന് പരിശോധനാ റിപ്പോര്‍ട്ട്
പറളിക്കുന്ന്: ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മിച്ചതും നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നതുമായ കിണറ്റിലെ വെള്ളം ഉപയോഗിക്കരുതെന്ന് ബന്ധപ്പെട്ട അധികൃതരുടെ റിപ്പോര്‍ട്ട്. വാട്ടര്‍ അതോരിറ്റിയുടെ ജില്ലാ ക്വാളിറ്റി കണ്ട്രോള് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വെള്ളം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പറയുന്നത്. നേരത്തെ ഈ കിണറ്റിലെ വെള്ളം ഉപയോഗിക്കുന്ന ചേക്കുമുക്ക് കച്ചേരിമുക്കില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ശരീരത്തില്‍ വ്രണങ്ങളും ചൊറിച്ചിലും വന്നിരുന്നു. തുടര്‍ന്ന് പലരും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിണറിലെ വെള്ളം പരിശോധിച്ചപ്പോഴാണ് തീര്‍ത്തും ഉപയോഗ ശൂന്യമാണ് കിണറ്റിലെ വെള്ളമെന്ന് റിപ്പോര്‍ട്ട് ലഭിച്ചത്.
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പന്നിഫാമും കമ്പളക്കാട് ടൗണില്‍ നിന്ന് കൊണ്ടുവരുന്ന മാലിന്യങ്ങള്‍ കഴിച്ചുമൂടുന്നതുമാണ് കിണറ്റിലെ വെള്ളം നശിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വര്‍ഷങ്ങളായി പന്നിഫാമിലെ അവശിഷ്ടങ്ങള്‍ തള്ളുന്നത് മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുകയാണ് പ്രദേശത്തുകാര്‍. ജില്ലാ കലക്ടര്‍ക്കും ഗ്രാമ പഞ്ചായത്തധികൃതര്‍ക്കും നിരവധി തവണ പരാതി നല്‍കിയെങ്കിലും പരിഹാരമായിട്ടില്ല.
കഴിഞ്ഞ ദിവസവും ഫാമിന് സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നാണ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതെന്നും നടപടികള്‍ കൈക്കൊള്ളാന്‍ ഇനിയും താമസം നേരിടുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."