അപകടത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് ദുരിതത്തില്‍
വാളാട്: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള ആദിവാസി യുവാവിന്റെ കുടുംബം ദുരിതക്കയത്തില്‍. തവിഞ്ഞാല്‍ പഞ്ചായത്തില്‍ വാളാട് പരാരിക്കുന്ന് പണിയ കോളനിയിലെ രാജന്‍ എന്ന കരിക്കനും കുടുംബവുമാണ് ദുരിതത്തിലായത്. ഒരു മാസം മുന്‍പ് ചേരിയമൂലയില്‍ വച്ച് ബൈക്കിടിച്ചതിനാല്‍ കരിക്കന് ഇടത് കൈയ്ക്കും, നെഞ്ചിനും ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് ഒരാഴ്ചയിലേറെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഈ യുവാവ് ചികിത്സയിലായിരുന്നു. ചികിത്സക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ തിരികെ വീണ്ടും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് ആഴ്ചകളോളമാണ് രാജന്‍ ആശുപത്രിയില്‍ കഴിയേണ്ടിവന്നത്. ഇപ്പോള്‍ വീട്ടീല്‍ മടങ്ങിയെത്തിയെങ്കിലും വേദന വിട്ടുമാറാത്തതിനാല്‍ പരസഹായമില്ലാതെ ഈ യുവാവിന് നടക്കാന്‍ പോലും കഴിയുന്നില്ല. വീട്ടില്‍ ഭാര്യയാണ് കരിക്കനെ പരിചരിച്ചു വരുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. ഇതുവരെ കൂലി പണിയെടുത്താണ് കരിക്കന്‍ കുടുംബത്തെ പട്ടിണിയില്ലാതെ സംരക്ഷിച്ചത്. എന്നാല്‍ ഇദ്ദേഹം പരുക്കേറ്റ് ചികിത്സയിലായതോടെ ഈ കുടുംബത്തിന്റെ ഏക വരുമാനവും നിലച്ചു. പണമില്ലാത്തതിനാല്‍ അരി വാങ്ങാന്‍ പോലും കഴിയാതെ വലയുകയാണ് ഇപ്പോള്‍ ഈ കുടുംബം. പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്ന് ഇതുവരെ ചികിത്സാ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കരിക്കന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."