ആദ്യം ആധാര്‍ വോട്ടേഴ്‌സ് ലിസ്റ്റുമായി ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം
ഇപ്പോള്‍ ആധാര്‍ നമ്പറിന്റെ കാലമാണ്. ഇന്ത്യാരാജ്യത്ത് ഒരു പൗരന് ജീവിക്കണമെങ്കില്‍ എന്നല്ല ജനിക്കണമെങ്കില്‍ തന്നെ ആധാര്‍ വേണ്ട അവസ്ഥയാണ് . കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കണമെങ്കില്‍, ബാങ്കില്‍ അക്കൗണ്ട് തുടങ്ങണമെങ്കില്‍, റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍, മൊബൈല്‍ സിം കാര്‍ഡ് ലഭിക്കണമെങ്കില്‍, ഗ്യാസ് കണക്ഷന്‍ ലഭിക്കാന്‍, വാഹനം രജിസ്റ്റര്‍ ചെയ്യാന്‍, ഏറ്റവുമൊടുവില്‍ പാന്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ നമ്പര്‍ അസാധുവാകുമെന്നുള്ള മുന്നറിയിപ്പും നല്‍കി കഴിഞ്ഞു.
ചുരുക്കി പറഞ്ഞാല്‍ ആധാറില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് സാരം. ആധാറുമായി ബന്ധപ്പെട്ട പൗരന്റെ സ്വകാര്യതകള്‍ ഹനിക്കുന്നുവെന്ന വ്യവഹാരത്തിന് ഇപ്പോഴും തീര്‍പ്പായിട്ടില്ലതാനും. മാത്രമല്ല അന്ധന്‍ ആനയെ കണ്ടത് പോലെ ആധാര്‍ നിര്‍ബന്ധമാണ്, നിര്‍ബന്ധമല്ല, നിര്‍ബന്ധമാണല്ല എന്നിങ്ങനെ ഇടക്കിടെ സുപ്രിം കോടതിയും കേന്ദ്ര സര്‍ക്കാരും മാറ്റി മാറ്റി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. രാജ്യത്തെ പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ കുത്തക മുതലാളിമാര്‍ക്ക് ചോര്‍ത്തി കൊടുക്കുന്നുവെന്ന ഗുരുതരമായ ആരോപണവും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ പൊതു ജനങ്ങളെന്ന വോട്ടു ജീവികളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന അഭിപ്രായം ആധാര്‍ ആദ്യം ലിങ്ക് ചെയ്യേണ്ടത് വോട്ടര്‍ പട്ടികയുമായല്ലേ എന്നാണ്. രാജ്യത്തെ മുഴുവന്‍ വോട്ടര്‍ പട്ടികയും ആധാറുമായി ലിങ്ക് ചെയ്യാനുള്ള നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍ ആര്‍ജവം കാണിക്കുകയാണ് വേണ്ടത്. രാജ്യത്തെ പൗരന്‍മാരുടെ വോട്ടര്‍ പട്ടിക ആധാറുമായി ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തിറങ്ങട്ടെ. നിത്യം തൊഴിലെടുത്തു ജീവിക്കുന്ന സാധാരണക്കാരെ പലതിന്റെയും പേരില്‍ ദിവസങ്ങളോളം ക്യൂ നിര്‍ത്തി ദ്രോഹിക്കുന്നതിന് ന്യായീകരണമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."