ചെങ്കടലില്‍ ഇറാനിയന്‍ എണ്ണക്കപ്പലിനുനേരെ മിസൈല്‍ ആക്രമണം, എണ്ണ കടലില്‍ പരന്നു
തെഹ്‌റാന്‍: സഊദി തീരത്ത് ചെങ്കടലില്‍ ഇറാനിയന്‍ എണ്ണക്കപ്പലില്‍ സ്‌ഫോടനം. വെള്ളിയാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചു. എണ്ണ ചോര്‍ച്ചയുമുണ്ടായി. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ സഊദി പ്രതികരിച്ചിട്ടില്ല. കപ്പലിനു നേരെ രണ്ട് മിസൈല്‍ ആക്രമണമാണ് ഉണ്ടായതെന്ന് നാഷനല്‍ ഇറാനിയന്‍ ടാങ്കര്‍ കമ്പനിയെ ഉദ്ധരിച്ച് ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
സഊദിയിലെ തുറമുഖനഗരമായ ജിദ്ദയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ചെങ്കടലില്‍ വച്ചാണ് സ്‌ഫോടനമുണ്ടായത്. ഒന്ന് പ്രാദേശികസമയം പുലര്‍ച്ചെ അഞ്ചിനും മറ്റൊന്ന് 5.30നുമായിരുന്നു.
ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാബിതി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. സ്‌ഫോടനത്തില്‍ കപ്പലിന് കാര്യമായ നാശനഷ്ടമില്ലെന്നും നാവികര്‍ക്കു പരുക്കില്ലെന്നും ദേശീയ ടാങ്കര്‍ കമ്പനി അറിയിച്ചു. ആക്രമണവാര്‍ത്ത പുറത്തുവന്നതോടെ എണ്ണവില രണ്ടു ശതമാനം ഉയര്‍ന്ന് ബാരലിന് 60.40 ലെത്തി.
സംഭവത്തെക്കുറിച്ച വാര്‍ത്ത സംബന്ധിച്ച് വിവരം ലഭിച്ചതായി പറഞ്ഞ പ്രദേശത്ത് നിരീക്ഷണം നടത്തുന്ന അമേരിക്കന്‍ നാവികസേനയുടെ ഫിഫ്ത്ത് ഫ്‌ളീറ്റ് എന്നാല്‍ ഇതേക്കുറിച്ചു പ്രതികരിക്കാന്‍ തയാറായില്ല.
നടന്നത് ഭീകരാക്രമണമാണെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നതായി ഇസ്‌ന റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരെയാണ് ഇറാന് സംശയമെന്ന് അവര്‍ പറഞ്ഞിട്ടില്ല. ഇറാന്‍ വിദേശകാര്യമന്ത്രാലയവും ആക്രമണവാര്‍ത്ത ശരിവച്ചു.
എണ്ണ കടലിലേക്ക് ചോര്‍ന്നത് ശരിപ്പെടുത്തിയതായും എന്നാല്‍ കപ്പല്‍ വീണ്ടും സഞ്ചരിക്കാന്‍ തുടങ്ങിയതോടെ വീണ്ടും ചോര്‍ച്ച വന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതുമൂലമുണ്ടാവുന്ന പരിസ്ഥിതി മലിനീകരണത്തില്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കാണ് ഉത്തരവാദിത്തമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു. ആക്രമണത്തിന്നിരായ കപ്പല്‍ വലുതാണെന്നും അതില്‍ 10 ലക്ഷം ബാരല്‍ എണ്ണ ഉണ്ടായിരുന്നെന്നും കപ്പലുകളെ പിന്തുടരുന്ന ടാങ്കര്‍ ട്രാക്കേഴ്‌സ് വെബ്‌സൈറ്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."