മന്ത്രി ജലീലിന്റെ യാത്രാവിവാദം കനക്കുന്നു; ദുരിതത്തില്‍പെട്ട മലയാളികളുടെ കണക്കില്ലാതെ സര്‍ക്കാര്‍
തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മലയാളികളുടെ പ്രയാസങ്ങള്‍ നേരിട്ടു മനസിലാക്കാന്‍ സഊദിയിലേക്കു പോകാനിരുന്ന തദ്ദേശമന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ്. കെ.സി.വേണുഗോപാല്‍ എംപിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവം രാഷ്ട്രീയമാണോ എന്ന് കെസി വേണുഗോപാല്‍ ചോദിച്ചു.
എന്നാല്‍ ജലീലിനു നയതന്ത്ര പാസ്‌പോര്‍ട്ട് ലഭിക്കാതിരുന്നതു ചോദിച്ചുവാങ്ങിയ അപമാനമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. നയതന്ത്ര പാസ്‌പോര്‍ട്ട് എളുപ്പത്തില്‍ ലഭിക്കുന്നതല്ല. നിരസിക്കപ്പെടുമെന്ന് അറിയാമായിരുന്നിട്ടും പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു. പാസ്‌പോര്‍ട്ടിന് ആവശ്യപ്പെട്ടതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണുണ്ടായിരുന്നത്. കേന്ദ്രം ഇടപെട്ട വിഷയത്തില്‍ സംസ്ഥാനം കൈകടത്തുന്നതും രാഷ്ട്രീയതാല്‍പര്യത്തോടെയാണെന്നും കുമ്മനം പറഞ്ഞു.
എന്നാല്‍ പാസ്‌പോര്‍ട്ടില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്ന് മന്ത്രി ജലീല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വം നിറവേറ്റാനാണ് ശ്രമിച്ചത്. ഇതില്‍ രാഷ്ട്രീയം കാണേണ്ട.കേന്ദ്രത്തെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാറിന്റെ നടപടി വേദനിപ്പിച്ചുവെന്നും ജലീല്‍ പറഞ്ഞു.
ഇന്നു സൗദിയിലേക്കു പുറപ്പെടാനായിരുന്നു മന്ത്രിയുടെ പദ്ധതി. കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് മന്ത്രിയെ സഊദിയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. മന്ത്രി നയതന്ത്ര പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു. ഇന്നലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ നിരസിച്ചു. ഇതോടെയാണ് ജലീലിന്റെ യാത്ര അനിശ്ചിതത്വത്തിലായത്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ് തൊഴില്‍ നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ സഊദിയില്‍ തങ്ങുമ്പോള്‍ ഇടതുപക്ഷ പ്രതിനിധിയായ മന്ത്രിക്ക് അനുമതി നല്‍കരുതെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായാണ് അറിവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും യാത്ര ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
മന്ത്രിക്കൊപ്പം തദ്ദേശ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ഡോ. വി.കെ ബേബിയാണ് പോകാന്‍ തീരുമാനിച്ചിരുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന നോര്‍ക്ക വകുപ്പിന് സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരുമുണ്ടെങ്കിലും മന്ത്രിയ്‌ക്കൊപ്പം അവരെ ഉള്‍പ്പെടുത്തിയില്ല എന്നതും വിവാദമായിരുന്നു. എത്ര മലയാളികളാണ് ദുരിതത്തില്‍പെട്ടിരിക്കുന്നതെന്ന് സര്‍ക്കാരിന് ഇപ്പോഴും കണക്കില്ല. നിരവധി ക്യാംപുകളില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഒരു മലയാളിപോലും ദുരിതവുമായി ബന്ധപ്പെട്ട് കുടുംബങ്ങളെ വിളിച്ചിട്ടില്ലെന്നും നോര്‍ക്ക ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലാണ് മന്ത്രിയും തദ്ദേശ സെക്രട്ടറിയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ സഊദിയിലെ ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കാന്‍ മന്ത്രിക്കും സെക്രട്ടറിക്കും അനുമതിയുണ്ടാകില്ല. നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡംഗമായ വിദേശ വ്യവസായികളെ ചുമതലപ്പെടുത്താതെയും നോര്‍ക്ക ഉദ്യോഗസ്ഥരെ പൂര്‍ണമായി ഒഴിവാക്കിയും മന്ത്രിയും തദ്ദേശ സെക്രട്ടറിയും എന്തിനു പോകുന്നു എന്ന ചോദ്യം പ്രവാസികള്‍ തന്നെ ഉന്നയിക്കുന്നു. ഇത് പ്രവാസികള്‍ ഇപ്പോള്‍ സഊദിയിലുള്ള വിദേശകാര്യ സഹമന്ത്രിയോട് പരാതിയായി ഉന്നയിച്ചിരുന്നു. മന്ത്രിക്കുള്ള പാസ്‌പോര്‍ട്ട് നിരസിക്കാന്‍ ഇതും കാരണമായെന്ന് വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."