അനുമതിയില്ലാതെ പടക്ക വില്‍പന കേന്ദ്രം: നടപടിയില്ലെന്ന് ആരോപണം
കാസര്‍കോട്: പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പടക്ക വില്‍പന കേന്ദ്രത്തിനെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. മധൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട മീപ്പുഗിരി സ്‌കൂള്‍ പരിസരത്തുള്ള കെട്ടിടത്തിലാണ് അനുമതിയില്ലാതെ പടക്ക വില്‍പന നടത്തുന്നത്. സ്‌കൂളില്‍നിന്നു നൂറു മീറ്റര്‍ പോലും അകലമില്ലാത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പടക്ക വില്‍പന കേന്ദ്രത്തിന് 2016-2017 വര്‍ഷം മുതല്‍ പഞ്ചായത്തിന്റെ അനുമതിയില്ലെന്ന് പഞ്ചായത്ത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ രേഖാപരമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പഞ്ചായത്തില്‍ നിന്നു ലൈസന്‍സ് അനുവദിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്നതിനുപകരം വിശേഷ ദിവസങ്ങളിലും മറ്റും തുറന്നു പ്രവര്‍ത്തിക്കുകയും പടക്ക വില്‍പന നടത്തി വരുന്നതുമായാണ് പ്രദേശവാസികള്‍ പറയുന്നത്. പടക്കങ്ങള്‍ തീരുന്ന മുറക്ക് വീണ്ടും സ്റ്റോക്ക് ചെയ്യുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയിലാണ്. പടക്ക വില്‍പന കേന്ദ്രങ്ങള്‍ക്കുവേണ്ട സുരക്ഷാ സംവിധാനങ്ങള്‍ പോലും വില്‍പന കേന്ദ്രത്തില്‍ ഇല്ലെന്നതും കേന്ദ്രത്തിനുസമീപത്ത് തന്നെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു.അതേസമയം, അനധികൃത വില്‍പന കേന്ദ്രത്തിനെതിരേ പൊലിസില്‍ പരാതി പറഞ്ഞെങ്കിലും പഞ്ചായത്ത് അധികൃതര്‍ കൂടി തങ്ങളോടൊപ്പം വന്നാല്‍ നടപടി കൈക്കൊള്ളാമെന്ന നിലപാടിലാണ് പൊലിസ്. എന്നാല്‍ പഞ്ചായത്തധികൃതരാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നു പടക്കക്കട ഉടമക്ക് ഇത് അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു മാറിനില്‍ക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
സ്‌കൂള്‍ പരിസരം ഉള്‍പ്പെടെ പടക്ക വില്‍പന നിരോധനം ഉണ്ടെങ്കിലും മീപ്പുഗിരിയില്‍ പഞ്ചായത്തിന് ഇതൊന്നും ബാധകമല്ലെന്നും കടയുടമക്ക് നോട്ടീസ് കൊടുത്താല്‍ തങ്ങളുടെ ഭാഗം കഴിഞ്ഞെന്നുമുള്ള ധാരണയില്‍ തുടര്‍ നടപടികളൊന്നും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ലെന്നുമാണ് ആളുകളുടെ പരാതി. സുരക്ഷിതമല്ലാത്ത മുറിയില്‍ പടക്കം സ്റ്റോക്ക് ചെയ്തു വെക്കുന്നത് ഒരു ദുരന്തം പ്രദേശത്ത് ക്ഷണിച്ചു വരുത്തുമെന്ന ആധിയും ജനങ്ങള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."