ശനിദശ തീരാതെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍
കോഴിക്കോട്: ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രിമെട്രിക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ശനിദശ ഇപ്പോഴും തുടരുന്നു.
അപേക്ഷിക്കാനുള്ള അവസാന ദിവസം ഈ മാസം 15 ആണ്. ഇതുവരെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാന്‍ സാധിച്ചിട്ടില്ല. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായത്തോടെ നടപ്പാക്കി വരുന്ന സ്‌കോളര്‍ഷിപ്പാണിത്. ഒന്നാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.
രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. രണ്ടുമുതല്‍ പത്തുവരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ഉണ്ടായിരിക്കണം. മുന്‍വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ വര്‍ഷാവര്‍ഷം പുതുക്കണം.നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലാണ് ഇതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതുമുതല്‍ ഇന്നുവരേ സൈറ്റ് കൃത്യമായി പ്രവര്‍ത്തിച്ചിട്ടില്ല.
പോര്‍ട്ടല്‍ പണിമുടക്കുന്നതിനാല്‍ കൃത്യമായി രജിസ്‌ട്രേഷന്‍ നടത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കാറില്ല.
രജിസ്‌ട്രേഷന്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്ന സംവിധാനങ്ങളാണ് പോര്‍ട്ടലിലുള്ളതെങ്കിലും ചിലപ്പോള്‍ പാതിവഴിയെത്തുമ്പോള്‍ മുടങ്ങും. ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത് രജിസ്‌ട്രേഷന്‍ പുതുക്കേണ്ട വിദ്യാര്‍ഥികളാണ്. പുതുക്കാനായി നേരത്തെ ലഭിച്ച ഐഡിയും പാസ്‌വേഡും കൃത്യമായി ഉപയോഗിച്ച് ശ്രമിച്ചാല്‍ വട്ടം കറങ്ങും.
ഐ.ഡിയോ പാസ്‌വേഡോ തെറ്റാണെന്ന സന്ദേശമാണ് ലഭിക്കുക. പിന്നീട് പാസ്‌വേഡ് തെറ്റാണെന്ന് കരുതി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒ.ടി.പി നമ്പര്‍ ലഭിച്ചാല്‍ അത് ടൈപ്പ് ചെയ്താലും പലപ്പോഴും തെറ്റായ സന്ദേശമാണ് ലഭിക്കുക. ഇതിനെല്ലാം പുറമെ കൃത്യമായ ഐ.ഡിയോ പാസ്‌വേഡോ അറിയാത്ത വിദ്യാര്‍ഥികള്‍ ഇതു കണ്ടെത്താന്‍ നട്ടം തിരിയും. പല വിദ്യാലയങ്ങളിലും സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ കൃത്യമായ സംവിധാനമില്ലാത്തതും നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇതു നഷ്ടപ്പെടാന്‍ കാരണമാകുന്നുണ്ട്. അവസാന ദിവസം അടുക്കുമ്പോള്‍ പോര്‍ട്ടല്‍ പൂര്‍ണമായും ഡൗണാവുന്ന അവസ്ഥയാണുണ്ടാവാറ്. പതിനൊന്നാം ക്ലാസ് മുതല്‍ മുകളിലേക്കു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് അപേക്ഷയ്ക്കുള്ള അവസാന തിയതി ഈ മാസം 31 ആണ്.
ഈ അപേക്ഷകരുടെ കാര്യത്തിലും ഇതേ അവസ്ഥയാണ് തുടരുന്നത്.
സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഏകീകരിക്കുകയും അപേക്ഷകരുടെ സൗകര്യവും പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ കൊണ്ടുവന്നത്.
എന്നാല്‍ പരമാവധി പേരെ എങ്ങനെ ഇതില്‍നിന്ന് ഒഴിവാക്കാം എന്ന നിലയിലാണ് ഇപ്പോള്‍ ഇതിന്റെ അവസ്ഥ. ഇത്തവണ പ്രീ മെട്രിക്, പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള തുക കേന്ദ്ര ബജറ്റില്‍ വെട്ടിക്കുറച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് 2451 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഈ വര്‍ഷം അത് 2,362 കോടിയായാണ് കുറച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."