അംബേദ്കര്‍ കോളനിയിലെ ജാതിവിവേചനം; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.കെ.എസ്.എസ്.എഫ് വസ്തുതാന്വേഷണ സംഘം
പാലക്കാട് : കടുത്ത ജാതീയ വിവേചനവും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വസ്തുതാന്വേഷണ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള ജാതി വിവേചനവും അരക്ഷിതാവസ്ഥയുമാണ് കോളനിയിലുള്ളത്. ചക്ലിയ സമുദായാംഗങ്ങളായ കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ പലതും ഏതു സമയത്തും തകര്‍ന്നുവീഴാറായ അവസ്ഥയിലാണ്. ഒരു മഴയില്‍ പോലും തകരാന്‍ സാധ്യതയുള്ള 40 വീടുകള്‍ കോളനിയിലുണ്ട്. ശുദ്ധമായ കുടിവെള്ളം പ്രദേശത്ത് കാണാക്കനിയാണ്. പഞ്ചായത്ത് നല്‍കിവരുന്ന വെള്ളം ശുദ്ധമല്ലെന്ന പരാതി വ്യാപകമാണ്. സാമ്പത്തിക അസമത്വവും അരക്ഷിത ബോധവും കോളനിയിലെ അന്തരീക്ഷത്തെ സ്‌ഫോടനാത്മകമാക്കിയിട്ടുണ്ട്. പ്രശ്‌നം പഠിക്കാനെത്തുന്ന ജനപ്രതിനിധികള്‍ ഒരു പക്ഷത്തിന്റെ മാത്രം വിശദീകരണങ്ങള്‍ കേട്ടു മടങ്ങുന്നുവെന്നും തങ്ങളുടെ പക്ഷം കേള്‍ക്കാന്‍ ആരുമില്ലെന്നുമുള്ള കോളനി നിവാസികളുടെ പരാതിക്ക് അടിസ്ഥാനമുണ്ട്. സര്‍ക്കാരിന്റെ സമീപനവും പ്രാദേശിക ജനപ്രതിനിധികളുടെ സമീപനവും ജാതീയ താല്‍പ്പര്യത്തോടെയാണെന്നും സംഘത്തോട് കോളനിക്കാര്‍ പരാതിപ്പെട്ടു.
കോളനിയിലെ സമാധാനാന്തരീക്ഷവും സുരക്ഷിത ബോധവും തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കണമെന്നും സര്‍ക്കാരിന്റെ ഇടപെടല്‍ വൈകുന്തോറും കോളനിയിലെ അന്തരീക്ഷം മോശമാകുകയാണെന്നും സംഘം വ്യക്തമാക്കി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലക്കിടി,എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം, നേതാക്കളായ പി.എം റഫീഖ് അഹമദ്, ശമീര്‍ഫൈസി കോട്ടോപ്പാടം, അന്‍വര്‍സാദിഖ് ഫൈസി, ഹസന്‍ ഫൈസി, അബ്ദുറഹീം ഫൈസി, മുസ്തഫ മുതലമട എന്നിവര്‍ സംഘാംഗങ്ങളായിരുന്നു. കോളനിയിലെത്തിയ സംഘത്തെ സമരനേതാവ് ശിവരാജന്റെ നേതൃത്വത്തില്‍ കോളനിയിലെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചിരുത്തിയാണ് തങ്ങളുടെ പ്രയാസങ്ങള്‍ വിശദീകരിച്ചത്. സംഭവങ്ങള്‍ വിശദീകരിക്കുമ്പോള്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പലപ്പോഴും വികാരഭരിതരായി.
ജാതിവ്യവസ്ഥയ്ക്കും സാമ്പത്തിക ഹുങ്കിനും മീതെ മനുഷ്യത്വനിലപാടുകളിലൂന്നി എല്ലാ പ്രയാസങ്ങളിലും കോളനി നിവാസികളോടൊപ്പം എസ്.കെ.എസ്.എസ്.എഫ് ഉണ്ടാകുമെന്ന് നേതാക്കള്‍ കോളനി നിവാസികള്‍ക്ക് ഉറപ്പു നല്‍കി.
കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘം കോളനി നിവാസികളായ 210 കുടുംബങ്ങള്‍ക്ക് ഒരുമാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലക്കിടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."