പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് കേസ്; പൊലിസ് പിന്‍വലിഞ്ഞത് സമൂഹമാധ്യമങ്ങളെ ഭയന്ന്
ഫൈസല്‍ കോങ്ങാട്
പാലക്കാട്: ആള്‍ക്കൂട്ട കൊലപാതകത്തിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സിനിമാപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് ബിഹാര്‍ പൊലിസ് പിന്‍വലിച്ചതിനു പിന്നില്‍ കേരളമുള്‍പ്പെടെ ഇന്ത്യയാകെ സമൂഹമാധ്യമങ്ങളിലൂടെ ബിഹാര്‍ പൊലിസിനെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രതിഷേധം ശക്തമാകുന്നുവെന്ന കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്.
ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബിഹാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ബിഹാര്‍ മുഖ്യമന്ത്രി പൊലിസിന് കേസ് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഇതേതുടര്‍ന്ന് പരാതിക്കാരന്‍ മതിയായ തെളിവില്ലാതെയാണ് പരാതി നല്‍കിയതെന്നും അതുകൊണ്ട് പരാതി തള്ളുകയാണെന്നും പറഞ്ഞു പൊലിസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയൊട്ടാകെയും ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംഘ്പരിവാര്‍ സഹയാത്രികരൊഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരികസംഘടനകളും ബിഹാര്‍ പൊലിസിനെതിരെയും സംഘ്പരിവാര്‍ അസഹിഷ്ണുതാ നിലപാടുകളേയും വിമര്‍ശിച്ചുകൊണ്ട് പ്രത്യക്ഷ സമരപരിപാടികളും പ്രതിഷേധങ്ങളും നാള്‍ക്കുനാള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ബിഹാര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടത്.
പോരാട്ടം സംഘടനയുടെ നേതാവ് എം.എന്‍ രാവുണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കേസിനെതിരെ പോസ്റ്റ് ഇട്ട് മണിക്കൂര്‍ തികയുന്നതിനു മുമ്പേ തന്നെ സച്ചിദാനന്ദന്‍, ബി.ആര്‍.പി ഭാസ്‌കര്‍ ഉള്‍പ്പടേയുള്ള സാംസ്‌കാരിക നേതാക്കളുടെ പ്രതികരണം പേജില്‍ വന്നിരുന്നു. ഇതിനു സമാനമായിരുന്നു തമിഴ്‌നാട്ടിലേയും സ്ഥിതിവിശേഷം. ഇക്കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേസെടുത്തത് ബിഹാറിലാണെങ്കിലും അവിടെ ബി.ജെ.പിയോട് സൗഹൃദം പുലര്‍ത്തുന്ന സര്‍ക്കാരായതിനാല്‍ ഫലത്തില്‍ പ്രതിഷേധങ്ങളൊക്കെയും സംഘ്പരിവാറിലേക്ക് എത്തുന്നുവെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
സുധീര്‍ കുമാര്‍ ഓജ എന്നയാളുടെ പരാതിയെതുടര്‍ന്നാണ് സാദര്‍ പൊലിസ് സ്റ്റേഷനില്‍ സെലിബ്രിറ്റികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സെപ്റ്റംബര്‍ മൂന്നിനാണ് രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി ഉള്‍പ്പെടെയുള്ള 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ രാജ്യവ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു.
ചലച്ചിത്ര താരം നസറുദ്ദീന്‍ ഷാ, ഛായാഗ്രാഹകന്‍ ആനന്ദ് പ്രധാന്‍, എഴുത്തുകാരായ അശോക് വാജ്‌പേയി, ജെറി പിന്റോ, അക്കാദമിഷ്യന്‍ ഇറ ഭാസ്‌കര്‍, നോവലിസ്റ്റ് ജീത് തയില്‍, സംഗീതജ്ഞന്‍ ടി.എം കൃഷ്ണ, ചരിത്രകാരി റൊമിലാ ഥാപ്പര്‍, സിനിമാ നിര്‍മാതാവും ആക്ടിവിസ്റ്റുമായ സബാ ദേവന്‍ എന്നിവരുള്‍പ്പെടുന്ന 180 പേര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പിന്തുണയ അറിയിച്ച് തുറന്ന കത്തെഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."