സന്‍മാന്യ മതദാരരെ, മഞ്ചേശ്വര വിധാനസഭ ക്ഷേത്രദല്ലി നടെയുവ ഉപചുനാവണെയല്ലി എന്നുവച്ചാല്‍...
മഞ്ചേശ്വരം: സന്‍മാന്യ മതദാരരെ, മഞ്ചേശ്വര വിധാനസഭ ക്ഷേത്രദല്ലി നടെയുവ ഉപചുനാവണെയല്ലി സ്പര്‍ദിസുവ യു.ഡി.എഫ് അഭ്യര്‍ഥിഗെ ഏണി ചിന്നെഗെ, മതനീഡി ബേകെന്ദു വിനമ്രവാഗി വിനന്തി സുത്തേവെ' കേരളത്തിന്റെ വടക്കെ അറ്റത്ത് കര്‍ണാടകയോട് അതിരു പങ്കിടുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഈ മാസം 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ വാഹനത്തില്‍നിന്നു കന്നഡ ഭാഷയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന് വേണ്ടിയുള്ള വോട്ടഭ്യര്‍ഥനയാണിത്. പ്രിയമുള്ള വോട്ടര്‍മാരെ, മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഏണി അടയാളത്തില്‍ വോട്ടു രേഖപ്പെടുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്നാണ് ഇതിന്റെ അര്‍ഥം.
വിവിധ ഭാഷകളും വൈവിധ്യ സംസ്‌കാരങ്ങളുമുളള മഞ്ചേശ്വരം മണ്ഡലത്തില്‍ മൂന്നു മുന്നണികളുടെയും പ്രചാരണ വാഹനത്തില്‍നിന്നു ഭൂരി ഭാഗം പ്രദേശങ്ങളിലും കന്നഡയിലും തുളുവിലുമാണ് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുളള അനൗണ്‍സ്‌മെന്റ്.
എന്നാല്‍ കന്നഡയിലും തുളുവിലും അനൗണ്‍സ്‌മെന്റിനിടയില്‍ വരുന്ന രാഷ്ട്രീയ പാരഡി ഗാനങ്ങള്‍ ഭൂരിഭാഗവും മലയാളത്തിലാണെന്നതാണ് പ്രത്യേകത. മാപ്പിളപ്പാട്ടിന്റെ ഈണത്തിലും സിനിമാ പാട്ടിന്റെ ഈണത്തിലുമാണ് മിക്ക പാരഡി ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.
പ്രചാരണ വാഹനത്തില്‍നിന്ന് ഒഴുകി വരുന്ന പാരഡി ഗാനം രാഷ്ട്രീയ, മത ഭേദമില്ലാതെ മൂന്ന് മുന്നണികളും ഉപയോഗപ്പെടുത്തുന്നുവെന്നത് മറ്റൊരു സത്യം. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ സൗഹൃദ ഗാനങ്ങളും കൈകൊട്ടി പാട്ടുകളുമായി വോട്ടര്‍മാരെ കൈയിലെടുക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ നാടന്‍ പാട്ടിലൂടെ വേട്ടര്‍മാരെ പാട്ടിലാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."