കുട്ടികളെ കളിയാക്കരുത്
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ മുസ്‌ലിം, നാടാര്‍ സമുദായത്തില്‍പ്പെട്ട കോളജ് വിദ്യാര്‍ഥിനികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക കേട്ടാല്‍ ആദ്യം ഒന്നമ്പരക്കും. ഒരു വര്‍ഷം 125 രൂപ. അതായത് മാസം 12 രൂപ 50 പൈസ. പെണ്‍കുട്ടികളുടെ പഠന ചെലവിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 300 മുതല്‍ 5000 വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുമ്പോഴാണ് 15 വര്‍ഷം മുമ്പുള്ള സ്‌കോളര്‍ഷിപ്പ് തുകയായ 125 രൂപ ഇപ്പോഴും സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പു തുടര്‍ന്നുവരുന്നത്. എന്നാല്‍ സ്‌കോളര്‍ഷിപ്പിനു വിദ്യാര്‍ഥിനി ചെലവഴിക്കേണ്ടത് 750 രൂപയിലധികം. സ്‌കോളര്‍ഷിപ്പിന് ദേശസാല്‍കൃത ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണെന്നിരിക്കേ അക്കൗണ്ട് തുടങ്ങണമെങ്കില്‍ മിനിമം 500-1000 രൂപ ബാലന്‍സ് നിലനിര്‍ത്തണം. ഓണ്‍ലൈനായതിനാല്‍ അപ്‌ലോഡ് ചെയ്യുന്നതിനും വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ രേഖകള്‍ ഉണ്ടാക്കുന്നതിനും വേറെ തുകയും ചെലവാക്കണം. എല്ലാം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ വര്‍ഷാവസാനം പത്തുമാസത്തേക്കായി അക്കൗണ്ടിലേക്ക് 125 രൂപ ഒറ്റത്തവണയായി സര്‍ക്കാര്‍ നല്‍കും.
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ മറ്റെല്ലാ സ്‌കോളര്‍ഷിപ്പുകള്‍ക്കും 10000 രൂപ വരെയാണ് വാര്‍ഷിക തുക ലഭിക്കുന്നത്. മന്ത്രി കെ.ടി ജലീല്‍ കൈകാര്യം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ തിരുവനന്തപുരം കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് സ്‌കോളര്‍ഷിപ്പ് ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തിക്കുന്നത്.
വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. പ്ലസ്ടു മുതല്‍ ബിരുദ കോഴ്‌സുകളില്‍ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിലേയും ബി.പി.എല്‍ പട്ടികയില്‍പ്പെട്ട മുന്നാക്ക സമുദായങ്ങളിലേയും പെണ്‍കുട്ടികള്‍ക്കാണ് പഠനസഹായം എന്ന പേരില്‍ മുസ്‌ലിം, നാടാര്‍ സ്‌കോളര്‍ഷിപ്പ് (എം.എന്‍.എസ്) നല്‍കിവരുന്നത്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ടെങ്കിലും നാടാര്‍ സമുദായത്തിലെ കുട്ടികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് ഇല്ലെന്നതും ശ്രദ്ധേയമാണ്.
ഈ മാസം 30 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. എന്നാല്‍ തുക കുറവാണെന്നു കണ്ട് പെണ്‍കുട്ടികള്‍ അപേക്ഷിക്കാന്‍ മടിക്കുകയാണെന്ന് അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ പറയുന്നു. സ്‌കോളര്‍ഷിപ്പ് തുകയില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍സ് കൗണ്‍സിലുള്‍പ്പെടെ നിരവധി സംഘടനകള്‍ നിവേദനം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ തുക വര്‍ധിപ്പിച്ചിട്ടില്ല. അപേക്ഷകള്‍ കുറഞ്ഞുവരുന്നതോടെ ഭാവിയില്‍ ഈ സ്‌കോളര്‍ഷിപ്പ് നിര്‍ത്താനാണ് ശ്രമമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."