ഭാവഭേദമില്ലാതെ ജോളി
മുക്കം: തെളിവെടുപ്പിനിടെ ഭാവഭേദമില്ലാതെ ജോളി. യാതൊരു കൂസലോ കുറ്റബോധമോ ഇല്ലാതെ വളരെ ലാഘവത്തോടെയായിരുന്നു ജോളി കൊലപാതക രീതികള്‍ പൊലിസിനോട് വിശദീകരിച്ചത്.
പൊന്നാമറ്റം തറവാട് വീട്, മഞ്ചാടിയില്‍ മാത്യുവിന്റെ വീട്, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്, സിലി കുഴഞ്ഞു വീണു മരിച്ച താമരശേരിയിലെ സ്വകാര്യ ദന്താശുപത്രി, എന്‍.ഐ.ടി കാന്റീന്‍, സമീപത്തെ ബ്യൂട്ടിപാര്‍ലര്‍ എന്നിവിടങ്ങളിലാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പ് നടക്കുമ്പോള്‍ പുറത്ത് നാട്ടുകാര്‍ കൂകി വിളിക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കാത്ത മട്ടിലായിരുന്നു ജോളിയുടെ പെരുമാറ്റം. ബി.കോം ബിരുദം മാത്രമാണ് ഉള്ളതെന്നും റേഷന്‍ കാര്‍ഡ് ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ കൈയിലാണെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് അടക്കമുള്ളവ എവിടെയാണെന്ന് അറിയില്ലെന്നാണ് ജോളി പൊലിസിനോട് പറഞ്ഞത്. വ്യാജമായി ഉണ്ടാക്കിയ ഒസ്യത്ത് നശിപ്പിച്ചിട്ടുണ്ട്. പൊന്നാമറ്റം വീടിന്റെ ഉള്‍വശം, ബെഡ്‌റൂം, റോയി ഛര്‍ദിച്ച് കുഴഞ്ഞുവീണ ബാത്ത്‌റൂം, വീടിന്റെ പിന്‍വശത്തെ പരിസരം, വീടിന്റെ മുകളില്‍ പഴയ സാധനങ്ങള്‍ സൂക്ഷിച്ച സ്ഥലം, ടെറസിന് മുകളിലെ വാട്ടര്‍ ടാങ്ക് എന്നിവയും പൊലിസ് സംഘം പരിശോധിച്ചു.
'ഷാജുവിന് എല്ലാം അറിയാം, മരുന്നില്‍ സയനൈഡ് വയ്ക്കാന്‍ സഹായിച്ചു'
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ എല്ലാ കുറ്റങ്ങളും സമ്മതിച്ച മുഖ്യ പ്രതി ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരേ നിര്‍ണായക മൊഴിയും നല്‍കി. കൊലപാതകങ്ങളെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്നും ഒരുതവണ മരുന്നില്‍ സയനൈഡ് വയ്ക്കാന്‍ ഷാജു സഹായിച്ചെന്നുമാണ് ജോളിയുടെ വെളിപ്പെടുത്തല്‍. ആദ്യ ഭാര്യ സിലിയെ കൊല്ലാന്‍ ഷാജുവാണ് തന്നെ സഹായിച്ചതെന്നും തെളിവെടുപ്പിനിടെ ജോളി പറഞ്ഞു. അഞ്ച് കൊലപാതകങ്ങള്‍ക്കും സയനൈഡ് എത്തിച്ചത് മാത്യുവാണെന്നും ജോളി പറഞ്ഞു.
മാത്യുവിന് പ്രജികുമാറുമായുണ്ടായിരുന്നത് ആറുവര്‍ഷത്തെ പരിചയം മാത്രമാണെന്നും ജോളി പറയുന്നു. സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടില്‍ വച്ചാണെന്നും തെളിവെടുപ്പിനിടെ മാത്യുവും ജോളിയും സമ്മതിച്ചു. സയനൈഡ് രണ്ടുവട്ടം കുപ്പികളിലായി നല്‍കുകയായിരുന്നു. ഒരു കുപ്പി ഉപയോഗിച്ചു. രണ്ടാമത്തേത് ഒഴുക്കിക്കളഞ്ഞുവെന്നാണ് ജോളി മൊഴി നല്‍കിയത്. മുന്‍ ഭര്‍ത്താവായ റോയി തോമസിന് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നെന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത തോന്നി ശുചിമുറിയിലേക്ക് പോകുംവഴി ഇടനാഴിയില്‍ വീണ ശേഷമായിരുന്നു റോയിയുടെ മരണമെന്നും ജോളി പറഞ്ഞു. ശുചിമുറിക്കുള്ളിലാണ് റോയി മരിച്ചുകിടന്നത് എന്ന രീതിയില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശുചിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലാണെന്നായിരുന്നു സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."