നയം മാറ്റിയില്ലെങ്കില്‍ സി.പി.എം ഇല്ലാതാകും: കെ. സുധാകരന്‍
കണ്ണൂര്‍: ശബരിമല വിഷയത്തില്‍ നയം മാറ്റാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കേരള ഭൂപടത്തില്‍ നിന്നു സി.പി.എം ഇല്ലാതാകുമെന്നു കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. ശബരിമലയെ തകര്‍ക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്റെ അജണ്ടയെന്നും അദ്ദേഹം ആരോപിച്ചു. കെ.പി.സി.സിയുടെ വിശ്വാസ സംരക്ഷണ യാത്രയ്ക്കു കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്തിക്കാന്‍ തലയ്ക്കകത്ത് വെളിവില്ലാത്ത അദ്ദേഹത്തിനു ധിക്കാരവും ആളുകളെ പ്രകോപിപ്പിക്കാനും മാത്രമേ അറിയൂ. ഇരിക്കുന്ന കസേരയെങ്കിലും സംരക്ഷിക്കാന്‍ പിണറായിയോടു സി.പി.എം പ്രവര്‍ത്തകര്‍ പറയണം. ശബരമില വിഷയത്തില്‍ മുഖ്യമന്ത്രി വിളിക്കുന്ന പൊതുയോഗങ്ങളിലേക്കു തൊഴിലുറപ്പ് തൊഴിലാളികളെ പോലും ഭീഷണിപ്പെടുത്തി കൊണ്ടുപോയിട്ടും ആളെകിട്ടാത്ത അവസ്ഥയാണുള്ളത്. ശബരിമല സി.പി.എമ്മിന്റെ വാട്ടര്‍ ലൂ ആകുമെന്നും സുധാകരന്‍ പറഞ്ഞു.
ബി.ജെ.പിയുടെ കോര്‍ട്ടിലേക്ക് ആരാണു പന്തിട്ടുകൊടുത്തത്. സന്നിധാനം കൈയടക്കാന്‍ സി.പി.എമ്മിന് അവസരം ഉണ്ടാക്കിയത് ആരാണ്. പാര്‍ട്ടി നേതൃത്വത്തോടും എല്‍.ഡി.എഫിലും ചര്‍ച്ച ചെയ്യാന്‍ പിണറായി തയാറായില്ല. ഭക്തരെ വെല്ലുവിളിക്കാനുള്ള പിണറായിയുടെ നടപടി സ്വയം ശവക്കുഴി തോണ്ടാന്‍ പോവുകയാണെന്നു സി.പി.എം ആലോചിക്കണം. വിശ്വാസ സംരക്ഷണം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ബാധ്യതയാണ്. വിശ്വാസികളെ നിലയ്ക്കുനിര്‍ത്താന്‍ പൊലിസും സി.പി.എം ക്രിമിനലുകളും മതിയാകില്ലെന്നു സര്‍ക്കാര്‍ ചിന്തിക്കണെമന്നും സുധാകരന്‍ വ്യക്തമാക്കി.
കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. യോഗം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി ജോണ്‍, കെ.സി ജോസഫ് എം.എല്‍.എ, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, സതീശന്‍ പാച്ചേനി, പി.ടി ജോസ്, വി.എസ് ജോയ്, അഡ്വ. കെ.എം.പി ഷഫീര്‍, മാര്‍ട്ടിന്‍ ജോര്‍ജ്, കെ. പ്രമോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."