റിയോയുടെ ഓളങ്ങളില്‍
ആവേശം നിറഞ്ഞുനിന്ന കാത്തിരിപ്പിനു പരിസമാപ്തി കുറിച്ച് ഇന്ന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഒളിംപിക് മാമാങ്കത്തിന് തുടക്കം കുറിക്കുകയാണ്. ശനിയാഴ്ച്ച ഇന്ത്യന്‍ സമയം 4.30നാണ് ഉദ്ഘാടന ചടങ്ങ്. ലോകകപ്പ് ഫൈനല്‍ അരങ്ങേറിയ ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നടക്കുന്നത്. മത്സരങ്ങള്‍ ഞായറാഴ്ച്ച പുലര്‍ച്ചെ മാത്രമേ ആരംഭിക്കുകയുള്ളൂ. ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം നീന്തല്‍ മത്സരങ്ങളാണ് ആദ്യം ആരംഭിക്കുന്നത്.
സംഗതി അത്ര സുഖകരമൊന്നുമല്ല ഇവിടെ. ആകെ ഗുലുമാലിലാണ്. ഒളിംപിക് വില്ലേജിന്റെ പണി പൂര്‍ത്തിയായെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല എന്നു പലരും പരാതിപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതൊക്കെ ആരു കേള്‍ക്കാന്‍. വെള്ളാനകളുടെ നാട്ടില്‍ കുതിരവട്ടം പപ്പു പറയുന്നതു പോലെ 'ഇപ്പ ശര്യാക്കി തരാം' എന്ന് ഒളിംപിക് സംഘാടക സമിതി പറയുന്നുണ്ട്. ആസ്‌ത്രേലിയന്‍ ടീമിനാണ് ഏറ്റവുമധികം ദുരന്തം റിയോ വില്ലേജിനെ കൊണ്ട് ഉണ്ടായത്. ഒടുവില്‍ ഗതികെട്ട് അവര്‍ പറഞ്ഞത്രേ ഏപ്പോഴും ഇങ്ങനെ പറയണമെന്നില്ല നന്നാക്കി തന്നാല്‍ മതിയെന്ന്.
ഇനി ആസ്‌ത്രേലിയന്‍ താരങ്ങള്‍ക്ക് സംഭവിച്ച ദുരന്തം കേട്ടാല്‍ നിങ്ങള്‍ക്ക് മനസിലാവും. ആരായാലും ഇങ്ങനെ പറഞ്ഞു പോവുമെന്ന്. ആദ്യത്തെ സംഭവം എന്താണെന്നു വച്ചാല്‍ ലണ്ടന്‍ ഒളിംപിക്‌സിലെ സുഖ സൗകര്യങ്ങള്‍ പ്രതീക്ഷിച്ചെത്തിയ ടീമിനെ വരവേറ്റത് ഇടുങ്ങിയ മുറികളും വൃത്തിഹീനമായ ടോയ്‌ലറ്റുകളുമാണ്. അതായത് നമ്മുടെ നാട്ടിലെ പൊതു കക്കൂസുകളുടെ വൃത്തി പോലുമില്ല അവിടെയെന്നാണ്. അപ്പോള്‍ കാര്യം നമുക്കെല്ലാവര്‍ക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. ഈ പ്രശ്‌നത്തെ തുടര്‍ന്ന് ടീം ഹോട്ടലിലേക്ക് മടങ്ങിയെങ്കിലും പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മടങ്ങി വന്നു.
എന്നാല്‍ ഇത്തവണ അവരുടെ കെട്ടിട്ടത്തില്‍ തീപ്പിടുത്തമാണുണ്ടായത്. നോക്കണേ പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞ പോലെ. അടുത്ത പ്രശ്‌നമാണ് അതി ഗുരുതരം. തീയണയ്ക്കുന്നതിനിടെ അത്‌ലറ്റുകളുടെ വിലയേറിയ സാധനങ്ങളൊക്കെ കള്ളന്‍മാര്‍ കൊണ്ടു പോയി. ഇതിലേറ്റവും രസകരം തീയണയ്ക്കാനെന്ന വ്യാജേന എത്തിയവരാണ് ഇതൊക്കെ കൊണ്ടു പോയതെന്നാണ്. ടീമിന്റെ ലാപ്‌ടോപുകളും ജഴ്‌സിയും വരെ ഇവര്‍ കൊണ്ടു പോയിട്ടുണ്ട്.
നീന്തല്‍ പരിശീലനത്തിറങ്ങാനിരിക്കെയായിരുന്നു അടുത്ത പ്രശ്‌നം. ഇവരുടെ കെട്ടിടത്തില്‍ ബോംബ് ഭീഷണി. ആരോ സ്വിമ്മിങ് പൂളിനടുത്തുള്ള കെട്ടിടത്തില്‍ ബോംബ് വച്ചിട്ടുണ്ടത്രേ. ഇത്രയൊക്കെ ആയതോടെ ടീമിന് സഹികെട്ടെന്നാണ് ടീം മാനേജര്‍ പറയുന്നത്.
ഇനി ബ്രിട്ടന്റെ കാര്യം കേള്‍ക്കാം. ടീമിന് വേണ്ട സൗകര്യങ്ങള്‍ക്കായി പല തവണ സംഘാടക സമിതിയെ സമീപിച്ചിട്ടും പരിഹരിക്കപ്പെടാതായപ്പോള്‍ അവര്‍ സ്വന്തം നാട്ടില്‍ നിന്ന് പ്ലംബര്‍മാരെ റിയോയിലെത്തിച്ചു. മുറികള്‍ക്കുള്ളില്‍ മുഴുവന്‍ വെള്ളം ചോര്‍ന്നൊലിക്കുന്നുണ്ടെന്നും അവ രോഗം പരത്തുന്നുണ്ടെന്നും ബ്രിട്ടന്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ സംഘാടക സമിതി അവയെ ലാഘവത്തോടെ തള്ളിയെന്ന് ആസ്‌ത്രേലിയന്‍ ചീഫ് ദെ മിഷന്റെ ഡയറക്ടര്‍ മാര്‍ക് ഇംഗ്ലണ്ട് വ്യക്തമാക്കി. ആസ്‌ത്രേലിയന്‍ ടീമിന്റെ ഗതി തങ്ങള്‍ക്ക് വരാന്‍ അനുവദിക്കില്ലെന്നും സ്വന്തം പ്ലംബര്‍മാരെ റിയോയിലെത്തിച്ചിട്ടുണ്ടെന്നും മാര്‍ക് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യന്‍ സംഘത്തിന് ഭക്ഷണത്തിലാണ് പ്രശ്‌നം. വെജിറ്റേറിയന്‍ ഭക്ഷണം മെനുവിലുണ്ടെങ്കിലും തങ്ങള്‍ സ്ഥിരായി കഴിക്കുന്ന ഭക്ഷണം ഒരുക്കാന്‍ ഒളിംപിക് സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പരാതി. ഇതിനു പുറമേ യാത്രകളിലും പ്രതിസന്ധിയുണ്ട്. റിയോയിലെ വളണ്ടിയര്‍മാര്‍ക്ക് പലര്‍ക്കും ഇംഗ്ലീഷ് അറിയാത്തതിനാല്‍ തെക്കോട്ട് പോകാന്‍ പറഞ്ഞാല്‍ വടക്കോട്ടു പോകുന്ന അവസ്ഥയാണ്. ഹോക്കി സംഘത്തിന് ഇത്തരത്തില്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മറ്റൊന്ന് നീന്തല്‍ മത്സരങ്ങള്‍ നടക്കുന്ന തടാകത്തിലെ വെള്ളം വായിലാക്കരുത് എന്ന നിര്‍ദേശമാണ്. നമ്മുടെ നാട്ടിലെ കുളത്തിലെ വെള്ളം പോലെ ഇതു വായിലാക്കിയാല്‍ പിന്നെ മത്സരിക്കാന്‍ സാധിച്ചെന്ന് വരില്ല എന്നാണ് മുന്നറിയിപ്പ്. മത്സരങ്ങള്‍ നടക്കുന്ന തടാകത്തിലെ ജലത്തിന്റെ നിറം അന്തരീക്ഷ മലിനീകരണത്താല്‍ കറുപ്പായിട്ടുണ്ട്. തടാകത്തിലൂടെ മൃതദേഹങ്ങള്‍ വരെ ഒഴുക്കി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്തായാലും പ്രശ്‌നങ്ങള്‍ ഉണ്ടായതു നന്നായി പ്രകടനം മോശമായാല്‍ സംഘാടക സമിതിയെ കുറ്റം പറയാമല്ലോ.
ആത്മവിശ്വാസത്തില്‍ സംഘാടക സമിതി
വിമര്‍ശനങ്ങളൊക്കെ റിയോ അധികൃതര്‍ കാറ്റില്‍ പറത്തി കഴിഞ്ഞു. വിദേശ മാധ്യമങ്ങള്‍ കുത്തക മുതലാളിമാരുടെ കൈയില്‍നിന്നു പണം വാങ്ങി ഒളിംപിക്‌സിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അവരുടെ പരാതി. സത്യമായിരിക്കാം ചിലപ്പോള്‍ ഒളിംപിക്‌സ് പൊളിച്ചാല്‍ ഇവരുടെ വരുമാനം വര്‍ധിക്കുമായിരിക്കും അല്ലേ. എന്റെയൊരു സംശയം മാത്രമാണ്. അതെന്തായാലും ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കാന്‍ തന്നെയാണ് സംഘാടകരുടെ തീരുമാനം. പ്രമുഖ സിനിമ, നൃത്ത താരങ്ങള്‍ ചടങ്ങിന് കൊഴുപ്പു കൂട്ടാനെത്തും. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖ താരങ്ങള്‍ പതാകകള്‍ വഹിക്കും. തുടര്‍ന്ന് ഒളിംപിക് ദീപ ശിഖാ പ്രയാണം മാരക്കാന സ്റ്റേഡിയത്തിലെത്തും.
വില്ലനായി പൊലിസ്
85,000 പൊലിസ്, സുരക്ഷാ സേനകളെയാണ് റിയോ അധികൃതര്‍ ഒളിംപിക്‌സിനായി സജ്ജമാക്കിയിട്ടുള്ളത്. എന്നാല്‍ ഇവരില്‍ എത്ര പേര്‍ കൃത്യമായി പണിയെടുക്കുമെന്ന് വ്യക്തമല്ല. റിയോയിലെത്തിയ കാണികള്‍ നരകത്തിലേക്ക് സ്വാഗതം എന്ന ബാനറുമായെത്താണ് റിയോ പൊലിസ് ആശംസ നേര്‍ന്നത്. അവരെ പറഞ്ഞിട്ട് കാര്യമില്ല. ആറു മാസത്തോളമായി ശമ്പളം ലഭിച്ചിട്ട്. പൊലിസുകാര്‍ക്ക് മാത്രമല്ല പല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കാലങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. കളിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേകമായി സുരക്ഷ നല്‍കാനാവില്ലെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്. അതായത് അപകടങ്ങള്‍ പതിയിരിക്കുന്ന റിയോയിലെ തെരുവുകളില്‍ കൊലപാതകവും മോഷണവും നടക്കുമ്പോള്‍ പൊലിസിനെ ആരു വിളിക്കേണ്ടെന്ന് സാരം.
ബ്രസീല്‍ കത്തുമ്പോള്‍ റിയോയില്‍ ഒളിംപിക്‌സ്?
ഒളിംപിക്‌സിന്റെ ദീപ ശിഖാ പ്രയാണം റിയോയിലെ വിവിധ ചെറു നഗരങ്ങളില്‍ പ്രദര്‍ശനം നടത്തികൊണ്ടിരിക്കെയാണ് ബ്രസീലില്‍ എന്തൊക്കെ പ്രശ്‌നങ്ങലാണ് നടക്കുന്നതെന്ന് പുറം ലോകം അറിയുന്നത്. ജനങ്ങളെ നരകത്തിലേക്ക് തള്ളിയിട്ടിട്ട് റിയോയില്‍ ഒളിംപിക്‌സ് നടത്തേണ്ടെന്നാണ് ദീപ ശിഖാ പ്രയാണത്തിനിടെ ജനങ്ങളുടെ വാദിച്ചത്. നാട്ടില്ലെങ്ങും ഭക്ഷണത്തിനും അവശ്യ സാധനങ്ങള്‍ക്കും ക്ഷാമമാണ്. തൊഴിലില്ലായ്മ വര്‍ധിച്ചു. അതിലുപരി രാഷ്ട്രീയ പ്രതിസന്ധിയും. ദില്‍മ റൂസഫ് ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നു. ഇതൊക്കെ എന്ത് എന്ന സലിം കുമാറിന്റെ ഡയലോഗിലാണ് സര്‍ക്കാരിന്റെ ഓരോ നടപടിയും. ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുന്നു. എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിച്ചു. അങ്ങനെ തങ്ങളെ കൊണ്ട് ആവുന്ന തരത്തില്‍ നിങ്ങളെ കൊന്നു തരാം എന്ന് ബ്രസില്‍ സര്‍ക്കാര്‍ നിശബ്ദമായി പറയുന്നുണ്ട്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന കണക്കെയാണ് റിയോയിലെ ഭരണ വിഭാഗം. അവര്‍ക്ക് നാട്ടില്‍ പ്രളയം വന്നാലും ഒളിംപിക്‌സാണ് മുഖ്യ എന്നതാണ് നയം. നാട്ടുകാരുടെ രോഷം കുറയ്ക്കാനായി നാലു ദിവസം റിയോയ്ക്ക് പൊതു അവധിയാണ് ഇതിന്റെ പേരില്‍ മേയര്‍ എഡ്വാര്‍ഡോ പയസ് നല്‍കിയത്. സംഗതി ജനങ്ങളോടുള്ള സ്‌നേഹം കൊണ്ടൊന്നുമല്ല. മറിച്ച് നാട്ടില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ്. ആളുകള്‍ പരമാവധി പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
റോം കത്തുമ്പോള്‍ പണ്ടാരാണ്ടോ വീണ വായിച്ച പോലെ ജനങ്ങളെ പരിഗണിക്കാത്ത സര്‍ക്കാരെങ്ങനെ ലോക കായിക മേള നടത്തി വിജയിപ്പിക്കുമെന്നാണ് ജനങ്ങളുടെ വാദം. അതെന്തായാലും വരും ദിവസങ്ങളില്‍ ഇതിനുള്ള മറുപടി ഒളിംപിക്‌സ് തന്നെ തരും.
ചില നല്ല വശങ്ങളും
ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ക്കിടയില്‍ ഒളിംപിക്‌സെന്ന ആഗോള കായിക വികാരത്തെ ഒരു പരിധിയോളം മികവുറ്റതാക്കാനായി റിയോ അധികൃതര്‍ പരിശ്രമിക്കുന്നുണ്ട്. പരാതികള്‍ പരിഹരിച്ചും മത്സരങ്ങള്‍ കൃത്യസമയത്ത് നടത്തിയും റിയോ ഒളിംപിക്‌സിലെ ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഒളിംപിക്‌സാക്കുമെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു. ഇപ്പോള്‍ തങ്ങളെ തള്ളി പറയുന്നവര്‍ നാളെ ബ്രസീലിനെയും റിയോയുടെ സംഘാടക മികവിനെയും പ്രശംസിക്കുമെന്നും ആത്മവിശ്വാസമുള്ളതായി സംഘാടക സമിതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."