ചെമ്മാട് ടൗണിലെ ഓട പരിശോധന പ്രഹസനമെന്ന് ആരോപണം; നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ അഴുക്കുചാലിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ മുനിസിപ്പല്‍ അധികൃതര്‍ നടത്തുന്ന പരിശോധ പ്രഹസനമെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭയില്‍ ബഹളം.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഭരണപക്ഷത്തിലടക്കമുള്ള കൗണ്‍സിലര്‍മാര്‍ ബഹളം വെച്ചത്. അഴുക്കുചാലിലേക്ക് മലിനജലം ഒഴുക്കി വിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് 28ന് ചേര്‍ന്ന സ്ഥിരംസമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈതീരുമാനം അട്ടിമറിക്കുകയാണെന്നും ഇത്തരം സ്ഥാപനങ്ങളോട് നഗരസഭ മൃദുസമീപനം സ്വീകരിക്കുകയാണെന്നും ആരോപിച്ചായിരുന്നു ബഹളം. നഗരസഭാ യൂത്ത് ലീഗ് നേതാവും നഗരസഭാ കൗണ്‍സിലറുമായ തലാപ്പില്‍ അയൂബ് ആണ് പ്രശ്‌നം ആദ്യമായി യോഗത്തില്‍ ഉന്നയിച്ചത്. ഇതോടെ മറ്റു കൗണ്‍സിലര്‍മാരും പ്രശ്‌നം ഏറ്റെടുത്തതോടെ യോഗം ബഹളമയമായി മാറുകയായിരുന്നു..
ഇന്നലെ നടത്തിയ പരിശോധനയില്‍ രണ്ടു കടകളില്‍ നിന്നും ഓടയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തി.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ ഒന്‍പത് സ്ഥാപനങ്ങളാണ് പിടിയിലായത്. എന്നാല്‍ ഇവയ്‌ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടായിട്ടില്ല. ചില സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുകയും മറ്റുള്ളവയ്ക്ക് അഴുക്കുചാലിലേക്കുള്ള പൈപ്പുകള്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
ചെമ്മാട് ടൗണിലെ മഴവെള്ളം കടലുണ്ടിപുഴയിലേക്ക് ഒഴുക്കിവിടുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഴുക്കുചാല്‍ നിര്‍മ്മിച്ചത്. എന്നാല്‍ കോഴിക്കോട് റോഡില്‍ അഴുക്കുചാലില്‍ മണ്ണടിഞ്ഞതിനാല്‍ മലിനജലം പുറത്തേക്ക് ഒഴുകുകയാണ്.
പരിസരത്തെ വ്യാപാര സ്ഥാപനങ്ങളും, വീട്ടുകാരും, യാത്രക്കാരും വര്‍ഷങ്ങളായി ഇക്കാരണത്താല്‍ ഏറെ ദുരിതമനുഭവിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പ് നഗരസഭ പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ നടപടികള്‍ എടുത്തില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഏറെക്കാലമായി നാട്ടുകാര്‍ മുറവിളികൂട്ടിയിട്ടും യാതൊരു നടപടിയും നഗരസഭ കൈക്കൊള്ളാത്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്. ഐ പ്രക്ഷോഭവുമായി രംഗത്ത് വരികയായിരുന്നു.
അഴുക്കുചാലിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനെതിരെ നഗരസഭ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. കൂടാതെ കഴിഞ്ഞ ദിവസം മൈക്ക് അനൗണ്‍സ്‌മെന്റും നടത്തിയിരുന്നു. എന്നാല്‍ സ്ഥാപന ഉടമകള്‍ ചെവിക്കൊണ്ടില്ല. അതേസമയം പിടിയിലായ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും പിഴ ഈടാക്കുമെന്നും നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം.അബ്ദുറഹ്മാന്‍കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."