HOME
DETAILS
MAL
അരയും തലയും മുറുക്കി ബ്ലാസ്റ്റേഴ്‌സ്
backup
October 11 2019 | 20:10 PM
കഴിഞ്ഞ അഞ്ചു സീസണുകളിലെ കടം വീട്ടാനുള്ള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കടത്തിന്റെ കണക്കുകള്‍ മാറ്റിപ്പിടിച്ചു എന്നതാണ് പ്രധാന മാറ്റം. പകരം ക്രിയാത്മകമായ മാറ്റങ്ങളിലൂടെ വീണ്ടും ജനങ്ങളുടെ ഹൃദയത്തിലിടം നേടാനുള്ള ഒരുക്കത്തിലാണ് മഞ്ഞപ്പട. തുടക്കത്തില്‍ കേരള ടീമെന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സിനെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. ആദ്യ സീസണില്‍ തന്നെ ഫൈനല്‍ വരെ എത്തിയ ബ്ലാസ്റ്റേഴ്‌സ് പിന്നീട് പിന്നോട്ടായിരുന്നു. മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തി. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് കിരീടം നഷ്ടമായി.
പിന്നീട് തുടര്‍ച്ചയായ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്‌സ് പൂര്‍ണ പരാജയമായി മാറി. സീസണിന്റെ തുടക്കത്തിലെല്ലാം കൊച്ചിയിലെ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു. എന്നാല്‍ ലീഗിന്റെ മധ്യത്തിലേക്കെത്തുന്നതോടെ ആളുകള്‍ ടീമിനെ കൈവിട്ട് കൊണ്ടിരുന്നു.
വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് പിന്നീട് ബ്ലാസ്റ്റേഴ്‌സിന് പിന്തുണയുമായി എത്തിയത്. എന്നാല്‍ മുന്‍ സീസണുകളിലെ തെറ്റുകള്‍ തിരുത്തി പുതിയ മാറ്റങ്ങളിലേക്കാണ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് വാതില്‍ തുറക്കുന്നത്. ഇതിനായി മികച്ച പരിശീലകരെ എത്തിച്ചു.
കേരളത്തിന്റെ ടീമായതിനാല്‍ മികച്ച മലയാളി താരങ്ങളെ ടീമിലെത്തിച്ച് മലയാളത്തനിമ കാത്ത് സൂക്ഷിക്കാനും ശ്രമിച്ചു. പുതിയ സീസണില്‍ എന്തെല്ലാം ഒരുക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുള്ളതെന്ന് വായിക്കാം.
എല്‍കോ ഷറ്റോരി
ഏറെ ചീത്തപ്പേരും കുത്തുവാക്കുകളും കേട്ട ബ്ലാസ്റ്റേഴ്‌സ് ആദ്യം ടീമിലെത്തിച്ചത് പുതിയ പരിശീലകനെയാണ്. ഏറെ കാലമായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ പള്‍സ് അറിയുന്ന ഡച്ച് പരിശീലകന്‍ എല്‍കോ ഷറ്റോരിയാണ് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ചാണക്യ തന്ത്രങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്. ഐ ലീഗ് ടീമായ ഈസ്റ്റ് ബംഗാള്‍, പ്രയാഗ് യുനൈറ്റഡ്, ഐ.എസ്.എല്‍ ടീമായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എന്നീ ടീമുകളെ പരിശീലിപ്പിച്ച കോച്ചാണ് ഷറ്റോരി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഐ.എസ്.എല്ലിലെ മികച്ച ടീമാക്കുന്നതില്‍ ഷറ്റോരിക്ക് വലിയ പങ്കുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിനെ അടുത്തറിയാം എന്നത് കൊണ്ട് തന്നെയായിരിക്കും ഷറ്റോരിയെ തന്നെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ടീമിലെത്തിച്ചത്. ആക്രമണ ഫുട്‌ബോളിന് മുന്‍തൂക്കം നല്‍കുന്ന ഷറ്റോരിയുടെ കീഴില്‍ ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറുമോ എന്ന് കാത്തിരുന്ന് കാണാം. ഷറ്റോരിയുടെ നിര്‍ദേശ പ്രകാരമായിരുന്നു തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ താരങ്ങളെ എത്തിച്ചതും മറ്റും.
മലയാളി താരങ്ങള്‍
ഏറ്റവും മികച്ച മലയാളി താരങ്ങളാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐശ്വര്യം. സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് റാഫി, കെ.പി രാഹുല്‍, പ്രശാന്ത് മോഹന്‍, ടി.പി രഹ്നേശ് തുടങ്ങിയ മലയാളി താരങ്ങളുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്‌സിന് മലയാളി തനിമ സമ്മാനിക്കുന്നു. മലയാളികളുടെ സ്വന്തം താരങ്ങള്‍ ടീമിലെത്തിയതോടെ ടീമിന്റെ ജന പിന്തുണയും വര്‍ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരിക്കും മാനേജ്‌മെന്റ് കൂടുതല്‍ മലയാളി താരങ്ങളെ ടീമിലെത്തിച്ചത്. അനസ് എടത്തൊടിക ടീം വിട്ടത് മലയാളികള്‍ക്കും ബ്ലാസ്റ്റേഴ്‌സിനും ചെറുതായെങ്കിലും തിരിച്ചടി നല്‍കിയേക്കും. കഴിഞ്ഞ സീസണിലെ എമേര്‍ജിങ് പ്ലയര്‍ സഹല്‍ അബ്ദുല്‍ സമദ് എന്ന താരം തന്നെയായിക്കും ഇത്തവണ മലയാളികളുടെ ഐക്കണ്‍ പ്ലയര്‍. കളത്തിലും പുറത്തും യഥാര്‍ഥ കളിക്കാരനായ സഹലിന് മികച്ച പിന്തുണയാണുള്ളത്. മിഡ്ഫീല്‍ഡില്‍ അത്ഭുതം കാണിക്കുന്ന സഹലിന്റെ കളികള്‍ കാണാന്‍ കാത്തിരിക്കുകയാണ് മലയാളിപ്പട. രണ്ട് ഐ.എസ്.എല്‍ കിരീടം നേടിയ മുഹമ്മദ് റാഫിയും ഇത്തവണ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്. നേരത്തെ റാഫി ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്നെങ്കിലും പിന്നീട് ചെന്നൈയിന്‍ എഫ്.സിയിലേക്ക് പോവുകയായിരുന്നു. ഇവിടെ നിന്നാണ് താരം വീണ്ടും ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കായും കഴിഞ്ഞ രണ്ട് സീസണിലും ഐലീഗില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടിയും കളിച്ച മലയാളി താരം കെ.പി രാഹുലാണ് മറ്റൊരു താരം. ഇന്ത്യന്‍ ആരോസിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തിച്ചത്. മുന്‍ സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഗോള്‍വല കാത്തിരുന്ന കോഴിക്കോട് സ്വദേശി ടി.പി രഹ്നേശും ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്. ഗോള്‍ കീപ്പറായ രഹ്നേശ് ഇത്തവണ മലയാളികളുടെ സ്വപ്നങ്ങള്‍ക്ക് കാവല്‍ നില്‍ക്കും. കഴിഞ്ഞ രണ്ട് സീസണിലും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച പ്രശാന്തും ഇത്തവണ ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെയുണ്ട്.
വിദേശ താരങ്ങള്‍
മലയാളി താരങ്ങള്‍ക്കൊപ്പം ഏറ്റവും മികച്ച വിദേശ താരങ്ങളെയും പരിശീലകന്‍ എല്‍കോ ഷറ്റോരി ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ കുന്തമുനയായിരുന്ന ബര്‍ത്തലോമിയോ ഓഗ്ബച്ചെയാണ് ഇതില്‍ പ്രധാനി. ഷറ്റോരിയുടെ വിശ്വസ്തനും കളത്തിലെ പുലിയും എന്ന നിലയിലാണ് താരത്തെ ടീമിലെത്തിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് സീസണിലും ഗോളിന് വേണ്ടി ദാഹിച്ച ബ്ലാസ്റ്റേഴ്‌സിന് ഫൈനല്‍ തേഡില്‍ ഫിനിഷിങ് പാടവമുള്ള ഒരു താരത്തിന്റെ കുറവ് നന്നായി ഉണ്ടായിരുന്നു. ഓഗ്ബച്ചെയുടെ വരവോടെ ഇതിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ്. പ്രതിരോധത്തില്‍ നിന്ന് മലയാളി താരം അനസ് എടത്തൊടിക പോയതോടെ പകരക്കാരന്‍ ആരെന്നതിനുള്ള ഉത്തരമാണ് ഡച്ച് താരമായ ജിയാനി സുയിവര്‍ലൂണ്‍. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസിനൊപ്പമുണ്ടായിരുന്ന താരത്തിന് പ്രതിരോധത്തില്‍ നൂറില്‍ നൂറ് മാര്‍ക്കും നല്‍കാനാകും. സുയിവര്‍ലൂണ്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പോരാളിയാകുമോ എന്ന് കാത്തിരുന്ന് കാണാം. സന്ദേശ് ജിങ്കന് പരുക്കേറ്റതോടെ ഏത് വിധത്തിലായിരിക്കും ഷറ്റോരി ആ വിടവ് നീക്കുക എന്ന് കാണേണ്ടി വരും. മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദിന് ഒപ്പം കളിപ്പിക്കാന്‍ കഴിയുന്ന താരമായ സെര്‍ജിയോ സിഡോഞ്ച. അത്‌ലറ്റികോ മാഡ്രിഡിന്റെ ബി ടീമില്‍ കളിച്ച് യൂറോപ്യന്‍ ഫുട്‌ബോളിന്റെ സൗന്ദര്യമുള്ള സിഡോഞ്ച പന്ത് കൈവശംവച്ച് കളിക്കാന്‍ കെല്‍പുള്ള താരമാണ്. മധ്യനിരയില്‍ ചലനങ്ങള്‍ നിയന്ത്രിക്കുന്നതിന് വേണ്ടി തന്നെയാണ് കഴിഞ്ഞ തവണ ജംഷഡ്പുര്‍ എഫ്.സി താരമായിരുന്ന മാരിയോ അര്‍ക്വസിനെയും ടീമിലെത്തിച്ചിട്ടുള്ളത്. സ്പീഡ് ഗെയിമിനെ ഡൗണാക്കാനും കളിയുടെ ഗതി മാറ്റാനും കഴിവുള്ള താരമാണ് അര്‍ക്വസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."