HOME
DETAILS
MAL
വട്ടിയൂര്‍ക്കാവ് ഫലം മുന്നണികള്‍ക്ക് നിര്‍ണായകമാകും
backup
October 11 2019 | 20:10 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് തലസ്ഥാന ജില്ലയിലെ മണ്ഡലമായ വട്ടിയൂര്‍ക്കാവാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവിലെ വിജയം എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും സംബന്ധിച്ച് അതീവ പ്രധാനമാണ്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ ബി.ജെ.പി പിന്നിലേക്കു പോയപ്പോള്‍ ഇടത് മുന്നണിയും യു.ഡി.എഫും തമ്മില്‍ നേര്‍ക്കുനേരുള്ള പോരാട്ടമായി വട്ടിയൂര്‍ക്കാവ് മാറി. കുമ്മനം രാജശേഖരനെ വെട്ടിയൊഴിവാക്കി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് ആ സ്ഥാനത്തേക്ക് വന്നതോടെ ബി.ജെ.പി അണികള്‍ക്കിടയിലും നിരാശയാണ് പടര്‍ന്നത്. ഈ നിരാശയെ ആവേശകരമായ പോരാട്ടത്തിനുള്ള അവസരമാക്കിയാണ് മറ്റു രണ്ട് മുന്നണികളും കണ്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവിനെ സംബന്ധിച്ച് സാമുദായിക സമവാക്യങ്ങള്‍ പ്രധാനമാണ് എന്നതിനാല്‍ ഇടത്, യു.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ ആരു ജയിച്ചാലും അതിന് ഏറെ പ്രത്യേകതയുണ്ടാകും.
വട്ടിയൂര്‍ക്കാവെന്ന പേരില്‍ മണ്ഡലം രൂപീകരിച്ച ശേഷം 2011 ലും 2016 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് കോണ്‍ഗ്രസിന്റെ കെ. മുരളീധരനായിരുന്നു. 2011 ല്‍ ഇടത് സ്വതന്ത്രനായ ചെറിയാന്‍ ഫിലിപ്പിനെ 16,167 വോട്ടുകള്‍ക്ക് മുരളി തോല്‍പ്പിച്ചപ്പോള്‍ 2016 ല്‍ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനെ 7622 വോട്ടിന് പരാജയപ്പെടുത്തുകയായിരുന്നു.
സി.പി.എം സ്ഥാനാര്‍ഥിയായ ടി.എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പോയപ്പോള്‍ ബി.ജെ.പി 43,700 വോട്ട് പിടിച്ച് വന്‍ മുന്നേറ്റം നടത്തി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കുമ്മനത്തിന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഈ പ്രകടനം കാഴ്ചവയ്ക്കാനായില്ല.
പക്ഷേ രണ്ടാം സ്ഥാനക്കാരനായ കുമ്മനം 50,709 വോട്ട് നേടി. ഒന്നാമതെത്തിയ ശശി തരൂര്‍ 53,545 വോട്ടും മൂന്നാമതായ ഇടത് സാരഥി സി.ദിവാകരന്‍ 29,414 വോട്ടും നേടി. ഇവിടെയായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. പക്ഷേ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍തന്നെ പാളിയ ബി.ജെ.പി പ്രചാരണത്തിലും പിന്നിലായി ഇടത്, യു.ഡി.എഫ് മുന്നണികളുടെ നേരിട്ടുള്ള പോരാട്ടത്തിന് വഴിതുറക്കുകയായിരുന്നു.
സാമുദായിക സമവാക്യം തിരുത്തി നഗരസഭാ മേയറായ വി.കെ പ്രശാന്തിനെ നിര്‍ത്തി ശക്തമായ പോരാട്ടത്തിന് സി.പി.എം. വഴിതുറന്നു. വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിന് നിര്‍ത്താന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയും ഇതായിരുന്നു. തിരുവനന്തപുരം നോര്‍ത്ത് എന്നപേരിലായിരുന്നപ്പോള്‍ ഇവിടെ വിജയിച്ച കെ. മോഹന്‍കുമാറിനെ നിര്‍ത്തിയതിലൂടെ വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫും അവരുടെ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെയാണ് കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഫലം പ്രവചനാതീതവുമാണ്.
മോഹന്‍കുമാറിന് വിജയം നേടാനായാല്‍ മണ്ഡലം നിലനിര്‍ത്തിയെന്ന ആശ്വാസമാകും യു.ഡി.എഫിനും കോണ്‍ഗ്രസിനും. അതേസമയം പ്രശാന്താണ് വിജയിക്കുന്നതെങ്കില്‍ മണ്ഡലം തിരിച്ചുപിടിച്ചതിന്റെ ആവേശം ഇടതിലും സി.പി.എമ്മിലും ഉണ്ടാകുമ്പോള്‍ വട്ടിയൂര്‍ക്കാവ് രാഷ്ട്രീയത്തിലെ പുതിയ താരോദയത്തിനും സാക്ഷ്യംവഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."