കനോലി കനാലിന് കുറുകെ തൂക്കുപാലമൊരുങ്ങുന്നു
മലപ്പുറം: നാട്ടുകാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ താനൂര്‍ ബദര്‍പ്പള്ളിക്കും കളരിപ്പടിക്കും ഇടയില്‍ കനോലി കനാലിന് കുറുകെ തൂക്കുപാലമൊരുങ്ങുന്നു.
വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം യാഥാര്‍ഥ്യമാക്കുന്നത്. പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിന് പരിഹാരം കാണാനാണ് പദ്ധതിയെന്ന് എം.എല്‍.എ പറഞ്ഞു.
ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. താല്‍ക്കാലികമായി നാട്ടുകാര്‍ നിര്‍മിച്ചിരുന്ന പാലത്തിലൂടെ അപകടകരമായി യാത്ര ചെയ്താണ് വിദ്യാര്‍ഥികള്‍ മറുകരയിലെത്തിയിരുന്നത്.
പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് വീണ് പരിക്കേറ്റ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് നാട്ടുകാരുടെ സുരക്ഷ കണക്കിലെടുത്ത് എം.എല്‍.എ സര്‍ക്കാറിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്.
ദേശീയ ജലപാതാ അതോറിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായാണ് തൂക്കുപാലം പണിയുക. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ കെല്‍ ആണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."