വേജ് ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം സംബന്ധിച്ച ജസ്റ്റിസ് മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ സമ്പൂര്‍ണമായി നടപ്പാക്കണമെന്ന് സുപ്രിംകോടതി. വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരായ കോടതിയലക്ഷ്യക്കേസിലാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ചിന്റെ വിധി.
സ്ഥിരം ജീവനക്കാര്‍ക്കൊപ്പം കരാര്‍ജീവനക്കാരെയും വേജ് ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ വേജ് ബോര്‍ഡ് നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കോടതിയലക്ഷ്യക്കേസ് ചുമത്താന്‍ സുപ്രിംകോടതി വിസമ്മതിച്ചു. വേജ് ബോര്‍ഡ് നടപ്പാക്കാത്തത് മനപ്പൂര്‍വമല്ലെന്ന ഉടമകളുടെ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു ഇത്.
ജീവനക്കാര്‍ക്ക് ഇതിന്റെ അടിസ്ഥാനത്തിലുള്ള ശമ്പള കുടിശികയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ നിയമപരമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണെന്ന് കോടതി അറിയിച്ചു. പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാന്യമായ വേതനം ഉറപ്പുവരുത്തുന്ന മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ 2014 ഫെബ്രുവരിയിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്.
വേജ് ബോര്‍ഡ് ശുപാര്‍ശപ്രകാരമുള്ള വേതനം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നും ഒരു വര്‍ഷം കൊണ്ട് മുഴുവന്‍ കുടിശികയും കൊടുത്തു തീര്‍ക്കണമെന്നുമായിരുന്നു അന്നത്തെ ചീഫ്ജസ്റ്റിസായിരുന്ന പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി.
എന്നാല്‍ വിധിയുണ്ടായിട്ടും ചില സ്ഥാപനങ്ങള്‍ മജീദിയ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തികളും വിവിധ മാധ്യമങ്ങളിലെ തൊഴിലാളി സംഘടനകളും മാധ്യമസ്ഥാപന ഉടമകള്‍ക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ മെയ് മൂന്നിന് വാദം പൂര്‍ത്തിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."