വ്യാജരേഖ ചമച്ച് അഴിമതി: മഞ്ചേരി നഗരസഭക്കെതിരേ നിയമയുദ്ധത്തിനൊരുങ്ങി സി.പി.എം
മഞ്ചേരി: മഞ്ചേരി നഗരസര സഭയില്‍ ലോക്കല്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമനടപടിക്ക് ഒരുങ്ങി സി.പി.എം നേതൃത്വം. ബുധനാഴ്ച പെര്‍മോന്‍സ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഭരണസമിതി നടത്തിയ ക്രമക്കേട് കണ്ടെത്തിയത്.
ഓഡിറ്റ് വിഭാഗം സംസ്ഥാന ഓഫീസിലെ സെക്ഷന്‍ ഓഫിസര്‍ രാജേന്ദ്രര്‍ ചെട്ട്യാര്‍, അസിസ്റ്റ് സെക്ഷന്‍ ഓഫിസര്‍ എസ്.കൃഷ്ണകുമാര്‍, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് പി.പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലായിരിന്നു പരിശോധന. സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ഉബൈദ് നല്‍കിയ പരാതിയെ തുടര്‍ന്ന് തദ്ദേശവകുപ്പ് സെഡ്യൂട്ടി സെക്രട്ടറി എം.ഡി ലീനയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. വാര്‍ഡുസഭകള്‍ ചേര്‍ന്നതായുള്ള മിനുട്‌സില്‍ ഒരാള്‍തന്നെയാണ് ഒപ്പുവെച്ചതെന്നും വ്യാജമായി നിര്‍മിച്ചതാണെന്നും തെളിഞ്ഞു. ഒരാഴ്ചത്തെ പ്രചാരണം നല്‍കി വാര്‍ഡുസഭകള്‍ വിളിച്ചു ചേര്‍ക്കണമെന്ന ചട്ടം പാലിച്ചില്ല.
പല വാര്‍ഡുകളിലും വാര്‍ഡുസഭകള്‍ നടന്നിട്ടില്ല. ക്വാറം തികയാതെയാണ് വാര്‍ഡുസഭകള്‍ പകുതിയിലധികവും ചേര്‍ന്നതെന്നും വാര്‍ഡ്‌സഭകളുടെ ഫോട്ടോ മിനുട്‌സില്‍ ഒട്ടിച്ചിട്ടില്ലെന്നും കണ്ടെത്തി. പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിനായി നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, സ്റ്റോക് ഹോള്‍ഡേഴ്‌സ്, ധനകാര്യ സ്ഥാപന പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ മാത്രമല്ല വാര്‍ഡു പ്രതിനിധികളെപോലും വികസന സെമിനാറില്‍ പങ്കെടുപ്പിച്ചില്ല. പദ്ധതി നടത്തിപ്പില്‍ സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും വാര്‍ഡ് സഭകള്‍ ചേരാതെ വ്യാജരേഖ ചമച്ചാണ് ഭരണസമിതി പദ്ധതി നടപ്പാക്കിയതെന്നും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വിജിലന്‍സിന് കൂടി പരാതി നല്‍കി നടപടി കടുപ്പിക്കാന്‍ സി.പി.എം മഞ്ചേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചത്.
ചട്ടവിരുദ്ധമായി പദ്ധതി നടപ്പാക്കിയതിലൂടെ സര്‍ക്കാറിനുണ്ടാക്കിയ നഷ്ടം ഭരണസമിതി അംഗങ്ങളില്‍നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് മംഗലശേരിയിലെ സി.പി.എം പ്രവര്‍ത്തകന്‍ കെ.അബ്ദുല്‍ അസീസ് ഓംബുഡ്‌സ്മാന് പരാതി നല്‍കിയിരിന്നു. ഇതേ ആവശ്യം വിജിലന്‍സ് കോടതിയിലും ഉന്നയിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് കഴിഞ്ഞ ജൂണില്‍ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ കൂടിയായ കലക്ടറും നഗരസഭയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പെര്‍മോന്‍സ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ല.
തൊട്ടടുത്ത ദിവസം വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച രേഖകള്‍ നഗരസഭയോട് പരിശോധനാ സംഘം ആവശ്യപ്പെടുമെന്നാണ് വിവരം.ഉദ്യോഗസ്ഥര്‍ക്കൊപ്പം വ്യാജരേഖ ചമക്കാന്‍ നേതൃത്വം നല്‍കിയ ജനപ്രതിനിധികളെയും ശിക്ഷിക്കണമെന്ന് സി.പി.എം നേതാക്കളായ കെ.ഉബൈദ്, കെ.മുഹമ്മദ് റഷീദ്, വി.പി ഹസ്‌കര്‍, എം.അബ്ദുല്‍ അസീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."