ഷീല ദീക്ഷിതിന്റെ മകന്റെ കത്ത്: പി.സി ചാക്കോക്കെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
ന്യൂഡല്‍ഹി: പി.സി ചാക്കോക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് എഴുതിയ കത്തിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പി.സി ചാക്കോയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ പൊടുന്നനെയുള്ള മരണത്തിന് കാരണക്കാരന്‍ കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോയാണെന്ന് സന്ദീപ് കത്തില്‍ ആരോപിച്ചിരുന്നു. കത്ത് ചോര്‍ന്നതാണ് വിവാദത്തിനിടയാക്കിയത്.
ചാക്കോയെ ഡല്‍ഹിയുടെ ചുമതലയില്‍ നിന്നും മാറ്റണമെന്ന് മാംഗത് റാം സിംഗല്‍,കിരണ്‍ വാലിയ,സംസ്ഥാന വക്താക്കളായ രമാകാന്ത് ഗോസ്വാമി,ജിതേന്ദര്‍ കൊച്ചാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കത്ത് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, തന്റെ കത്ത് മാധ്യമങ്ങളുടെ പക്കല്‍ എത്താന്‍ കാരണം ചാക്കോയാണെന്നാണ് സന്ദീപ് ദീക്ഷിത് ആരോപിക്കുന്നത്. താന്‍ വ്യക്തിപരമായി ചാക്കോയ്ക്കയച്ച കത്താണ് ചോര്‍ന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
എന്നാല്‍ കത്ത് പാര്‍ട്ടി അധ്യക്ഷക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്ന് ചാക്കോ വ്യക്തമാക്കി. ഇത്തരമൊരു വിഷയമുണ്ടാകുമ്പോള്‍ പാര്‍ട്ടി അധ്യക്ഷയെ അറിയിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം വിഷയം പാര്‍ട്ടി അച്ചടക്ക സമിതി പരിശോധിക്കും. പാര്‍ട്ടി കാര്യങ്ങളെച്ചൊല്ലി ഷീല ദീക്ഷിത്തും പി.സി ചാക്കോയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."