വടക്കാഞ്ചേരി നഗരസഭാ യോഗത്തില്‍ കൈയാങ്കളി
വടക്കാഞ്ചേരി: നഗരസഭയുടെ 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിച്ചവരുടെ ലിസ്റ്റ് അംഗീകരിക്കുന്നതിനെ ചൊല്ലി നഗരസഭ കൗണ്‍സിലില്‍ ബഹളവും കൈയാങ്കളിയും.
യു.ഡി.എഫ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ നടന്ന കൈയാങ്കളിയില്‍ പ്രതിപക്ഷ നേതാവടക്കം 15 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണ്‍ അടക്കം നാല് ഇടത് കൗണ്‍സിലര്‍മാര്‍ക്കും പരുക്കേറ്റു. യു.ഡി.എഫ് കൗണ്‍സിലര്‍മാരായ കെ. അജിത്കുമാര്‍, ടി.വി സണ്ണി, എം.എച്ച് ഷാനവാസ്, പ്രിന്‍സ് ചിറയത്ത്. സൈ റാബാനു മുസ്തഫ, ബുഷറ റഷീദ്, സിന്ധു സുബ്രഹ്മണ്യന്‍, സതീദേവി, രുഗ്മിണി, ബേബി ജോസ്, എസ്.എ.എ. ആസാദ്, നിഷ സുനില്‍കുമാര്‍, സ്മിത അജിത് കുമാര്‍, വിദ്യാരാജേഷ്, ഷീജ വിശ്വനാഥന്‍, എന്നിവരെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും, ഇടത് കൗണ്‍സിലര്‍മാരായ ശിവപ്രിയ സന്തോഷ്, പി.എന്‍ ജയന്തന്‍, പി. ഉണ്ണികൃഷ്ണന്‍, പി.ആര്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ലിസ്റ്റ് അംഗീകരിക്കുന്നതുള്‍പ്പെടെ ഏഴ് അജണ്ടയുമായാണ് ഇന്നലെ കൗണ്‍സില്‍ ചേര്‍ന്നത്. ആദ്യ അജണ്ടയായ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കാന്‍ എടുത്തപ്പോള്‍ തന്നെ തര്‍ക്കവും ആരംഭിച്ചു. അംഗീകരിക്കുന്ന ലിസ്റ്റിന്റെ കോപ്പി മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കെ. അജിത് കുമാര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ലിസ്റ്റ് തയാറാക്കി പിന്നീട് വിതരണം ചെയ്യുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചതോടെ കോപ്പി നല്‍കാതെ അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം നിലപാട് സ്വീകരിക്കുകയും, കൗണ്‍സില്‍ ഹാളില്‍ കുത്തിയിരിക്കുകയും ചെയ്തു . ഇതോടെ ഏഴ് അജണ്ടയും പാസായതായും, യോഗം പിരിച്ച് വിടുകയാണെന്നും ചെയര്‍പേഴ്‌സണ്‍ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ സമരം ചെയര്‍പേഴ്‌സന്റെ ചേംബറിന് മുന്നിലേക്ക് മാറ്റുകയും ചെയ്തു. ചേംബറിന് മുന്നില്‍ നിന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളി ആരംഭിച്ചതോടെ ഭരണപക്ഷവും രംഗത്തിറങ്ങി. ഇതോടെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൈയാങ്കളി നടന്നത്. പ്രതിപക്ഷ നേതാവ് കെ. അജിത് കുമാര്‍ തന്നെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതായി ചെയര്‍പേഴ്‌സണ്‍ ശിവ പ്രിയ സന്തോഷ് ആരോപിച്ചു. പ്രതി പക്ഷത്തിന്റെ നേതൃത്വത്തില്‍ നരനായാട്ടാണ് നടന്നതെന്നും ചെയര്‍പേഴ്‌സണ്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."