ഫിലിപ്സ് മെഡിക്കല്‍സ് സിസ്റ്റംസ് കേരളാ ഡെപ്യൂട്ടി മാനേജര്‍ അറസ്റ്റില്‍
തൃശൂര്‍: നഗരത്തിലെ പ്രശസ്തമായ സ്കാന്‍ സെന്ററില്‍ സ്കാനിങ് മെഷീന് നന്നാക്കുന്നതില്‍ തട്ടിപ്പ് കാണിച്ചതിന് ഫിലിപ്സ് മെഡിക്കല്‍സ് സിസ്റ്റംസ് കേരളാ ഡെപ്യൂട്ടി മാനേജര്‍ ജോസഫ് സെബാസ്റ്റ്യനെ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു.
ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. എന്വൈസര് അള്‍ട്രാസൗണ്ട് സ്കാനിങ് യന്ത്രം അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഒരു വര്‍ഷം പ്രത്യേകം തുക സ്കാന്‍ സെന്റര്‍ അടച്ചിരുന്നു. എന്നാല്‍ നഗരപ്രാന്തത്തിലുള്ള ഒരു സ്വകാര്യ മെഡിക്കല്‍ കോളജിലെ എന്വൈസര് എച്ച്.ഡി സ്കാന്‍ യന്ത്രത്തിന്റെ ഭാഗങ്ങള്‍ സ്പെയര്‍പാര്‍ട്സ് ആയി ഉപയോഗിച്ച് സ്കാന്‍ സെന്ററിലെ മെഷീന് നന്നാക്കിയെന്നാണ് പരാതി. അമേരിക്കയില്‍ നിന്നും വരുത്തിയ പുതിയ സ്പെയര്പാര്ട്ടസ് ആണ് യന്ത്രത്തില്‍ സ്ഥാപിച്ചതെന്നായിരുന്നു സ്കാന്‍ സെന്റര്‍ ഉടമയായ ഡോക്ടറെ കമ്പനി തെറ്റിദ്ധരിപ്പിച്ചത്.
സ്കാന്‍ യന്ത്രത്തിന്റെ ചിത്ര ഗാലറി പരിശോധിച്ചപ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ രോഗികളെ സ്കാന്‍ ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചതി മനസിലായത്. മെഡിക്കല്‍ കോളജിലെ ഹാര്‍ഡ് ഡിസ്ക് സ്കാന്‍ സെന്ററിലെ കംപ്യൂട്ടറില്‍ സ്ഥാപിക്കുകയായിരുന്നു. ഇക്കാര്യം കമ്പനിയെ അറിയിച്ചപ്പോള്‍ അവര്‍ നിഷേധിച്ചു. തുടര്‍ന്ന് ഡോക്ടര്‍ പൊലിസില്‍ പരാതി നല്കി. ഫിലിപ്സ് അധികൃതര്‍ ഹൈക്കോടതിയില്‍ ഹരജി നല്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോടതി നിയമിച്ച കമ്മിഷന് സ്കാന്‍ സെന്ററിന്റെ പരാതി സത്യമാണെന്ന് കണ്ടെത്തി. ആറ് മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഈസ്റ്റ് എസ്.ഐ സതീഷ് എറണാകുളത്ത് നിന്നും തൃശൂരിലേക്ക് വിളിച്ചുവരുത്തി ജോസഫ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. ഹാര്‍ഡ് ഡിസ്ക് തൃശൂര്‍ സബ് കോടതിയിലാണ്. പുതിയ ഹാര്‍ഡ് ഡിസ്ക് ഉപയോഗിച്ചാണ് സ്കാന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഈസ്റ്റ് സി.ഐ സേതു, എസ്.ഐ ബിജുകുമാര്‍, എ.എസ്.ഐ വിനയന്, സി.പി.ഒമാരായ ശ്രീകുമാര്‍, ശ്രീജിത് എന്നിവരാണ് കേസന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."