ലണ്ടനില്‍ മുസ്‌ലിം പള്ളിക്കടുത്ത് ജനക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറ്റി
ലണ്ടന്‍: മുസ്‌ലിം പള്ളിക്കു പരിസരത്ത് വിശ്വാസികള്‍ക്കുനേരെ വാന്‍ ഇടിച്ചുകയറ്റി ആക്രമണം. ഒരാള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
വടക്കന്‍ ലണ്ടനില്‍ ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദിനു പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി പ്രാദേശിക സമയം എട്ടിനാണ് സംഭവം. സെവന്‍ സിസ്റ്റേഴ്‌സ് റോഡിലെ മുസ്‌ലിം വെല്‍ഫെയര്‍ ഹൗസിനു പരിസരത്തെ നടപ്പാതയില്‍ പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ വിശ്വാസികള്‍ക്കുനേരെ ഭീകരന്‍ വാനിടിച്ചു കയറ്റുകയായിരുന്നു. അക്രമിയെ സ്ഥലത്തുനിന്നു തന്നെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു.
നോമ്പുതുറക്കുശേഷം മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങിയ വിശ്വാസികളാണ് ആക്രമണത്തിനിരയായത്. സെവന്‍ സിസ്റ്റേഴ്‌സ് റോഡിനടുത്തുള്ള വാഡ്‌കോട്ട് സ്ട്രീറ്റില്‍ വീണ വൃദ്ധനെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കുനേരെ അക്രമി വെളുത്ത നിറത്തിലുള്ള വാന്‍ ഇടിച്ചുകയറ്റുകയായിരുന്നു. ഈ സമയത്ത് അക്രമി മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.'ആഗ്രഹിച്ച കാര്യം പൂര്‍ത്തീകരിക്കണം...എനിക്ക് മുസ്‌ലിംകളെ കൊന്നൊടുക്കണം' എന്നായിരുന്നു ഇയാള്‍ വിളിച്ചുപറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജനങ്ങള്‍ ഇയാളെ ഓടിച്ചുപിടിച്ചപ്പോഴും ഇയാള്‍ ഇതേ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു. സംഭവത്തില്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 60ലേറെ ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിരുന്നു.
സംഭവം മുസ്‌ലിംകള്‍ക്കെതിരേയുള്ള വേദനാജനകമായ ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി തെരേസാ മേ പ്രതികരിച്ചു. ജനങ്ങളോട് ആത്മസംയമനം പാലിക്കാന്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആഹ്വാനം ചെയ്തു. വിശദ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും നിരപരാധികളായ ലണ്ടന്‍കാര്‍ക്കുനേരെയുള്ള ബോധപൂര്‍വമായ ആക്രമണമാണിത്. പലരും നോമ്പ് തുറന്നിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 48കാരനായ പ്രതിക്കെതിരേ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ഭീകരവിരുദ്ധ കമാന്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജനക്കൂട്ടം 'നീതി' നടപ്പാക്കാനൊരുങ്ങി; ഇമാം പ്രതിക്ക് കാവലായി
ലണ്ടന്‍: ദിവസങ്ങള്‍ക്ക് മുന്‍പ് പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തത്തില്‍ രക്ഷകരായ മുസ്‌ലിംകള്‍ വന്‍ പ്രശംസ പിടിച്ചുപറ്റിയപ്പോള്‍ കഴിഞ്ഞ ദിവസം താരമായത് പള്ളി ഇമാം. വാഹനം ഇടിച്ചുകയറ്റി ആക്രമണം നടന്ന ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയിലെ ഇമാമായ മുഹമ്മദ് മഹ്മൂദ് ആണ് ജനക്കൂട്ടത്തില്‍ നിന്ന് പ്രതിക്ക് കാവലൊരുക്കി വന്‍ പ്രശംസ പിടിച്ചുപറ്റിയത്.
48കാരനായ വാന്‍ ഡ്രൈവറെ കുപിതരായ ജനം ഓടിച്ചിട്ടുപിടിച്ച ശേഷം 'നീതി' നടപ്പാക്കാനിരുന്നപ്പോഴാണ് ഇമാം 'രക്ഷകനായി' രംഗത്തെത്തിയത്. കലിയിളകിയ ജനം പെരുമാറാന്‍ നിന്നപ്പോഴാണ് 'അരുത്, തൊട്ടുപോകരുതെന്ന'ഇമാമിന്റെ ഉറച്ചശബ്ദം മുഴങ്ങിയത്. തെല്ല് സംശയത്തോടെയാണെങ്കിലും ജനം അദ്ദേഹത്തിന്റെ വാക്ക് അക്ഷരംപ്രതി അനുസരിച്ചു.
ഇമാമിന്റെ നടപടിക്ക് രാഷ്ട്രീയ, സാമൂഹിക രംഗത്തുനിന്നു വന്‍ അഭിനന്ദനമാണ് ലഭിച്ചത്. നല്ലൊരു വിശ്വാസിയായ മുസ്‌ലിം നേതാവില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചതാണ് ഇമാം നിര്‍വഹിച്ചതെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രതികരിച്ചു.
പ്രദേശത്തെ മുസ്‌ലിം സാമൂഹിക സംഘമായ മുസ്‌ലിം വെല്‍ഫെയര്‍ ഹൗസിന്റെ കീഴിലുള്ളതാണ് പള്ളി. ലണ്ടനിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ ആക്രമണത്തെ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."